2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുമ്മനം രാജശേഖരനെതിരേ സാമ്പത്തിക തട്ടിപ്പ് കേസ്: കമ്പനിയില്‍ പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ് 28.75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്

പത്തനംതിട്ട: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ആറന്മുള പൊലിസ് കേസെടുത്തു. ആറന്മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിയെന്ന പരാതിയിലാണ് കേസ്. കേസില്‍ നാലാം പ്രതിയാണ് കുമ്മനം. അദ്ദേഹത്തിന്റെ മുന്‍ പി.എ പ്രവീണാണ് ഒന്നാംപ്രതി. അതേ സമയം കേസ് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് കുമ്മനം രാജശേഖരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതികരിച്ചു. കേസ് രാഷ്ട്രീയമായി നേരിടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയം നോക്കി കേസെടുക്കുന്ന സ്വഭാവം ഈ സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചടിച്ചു.

ആറന്മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്നും ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ ഒരു കമ്പനിയില്‍ പാര്‍ട്ണറാക്കാം എന്നു പറഞ്ഞ് വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നാണ് കേസ്. കുമ്മനം ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമ്മനം മിസോറാം ഗവര്‍ണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

പണം കൈപ്പറ്റിയ ശേഷം പാര്‍ട്ണര്‍ഷിപ്പ് നടപടികളിലേക്ക് നീങ്ങിയില്ല. വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളുണ്ടായില്ല. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ലെന്നും പ്രവീണിന്റെ വിവാഹ ദിവസം പതിനായിരം രൂപ കുമ്മനം തന്റെ പക്കല്‍ നിന്നും വായ്പ വാങ്ങിയതായുംഹരികൃഷ്ണന്‍ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ഐ.പി.സി 406,420 എന്നീ വകുപ്പുകള്‍ ചുമത്തി പൊലിസ് അന്വേഷണം തുടങ്ങി. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തത്. മറ്റൊരു ബി.ജെ.പി നേതാവായ ഹരികുമാറും കേസില്‍ പ്രതിയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.