കൊച്ചി: മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏതെങ്കിലും വിജിലന്‍സ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തില്‍ പ്രതിപക്ഷമല്ല കോടതിയെ സമീപിച്ചതെന്നും ബിനാമികളെ വച്ച് കേസ് നല്‍കുന്ന പതിവ് പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരജിയില്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ് കോടതി തള്ളിയതെന്നും ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ചാടിക്കയറി കേസ് നല്‍കുന്നവര്‍ ആരെ സഹായിക്കാനാണ് ചെയ്യുന്നതെന്ന് അന്വേഷിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘പഠിച്ചും പരമാവധി തെളിവുകള്‍ സമാഹരിച്ചും മാത്രമെ പ്രതിപക്ഷം കോടതിയെ സമീപിക്കൂ. കള്ളപ്പണം വെളുപ്പിച്ച കേസായതിനാല്‍ ഇ.ഡിയാണ് അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ഇ.ഡി കേസെടുക്കാത്തതെന്ന് അറിയില്ല. പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുന്ന് കൊണ്ടാണ് പണം വാങ്ങിയതെന്ന് പറയുന്നതിനാല്‍ വിജിലന്‍സിനും അന്വേഷിക്കാം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടത്. ഏതെങ്കിലും വിജിലന്‍സ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോ?’ പ്രതിപക്ഷ നേതാവ് ചോദിച്ചു.
Comments are closed for this post.