2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അനാഥാലയത്തിലെ പെണ്‍കുട്ടി

തിങ്കള്‍ക്കുറി/ എന്‍.വി സക്കറിയ

ആന്ധ്രാപ്രദേശിലെ ഒരു അനാഥാലയം. ധനികനായ ഒരു മനുഷ്യന്‍ എല്ലാവര്‍ഷവും അവിടെയെത്തും. മധുരപലഹാരങ്ങളും പുതപ്പുകളും ഉടുപ്പുകളുമൊക്കെ സമ്മാനിക്കാനാണ് വരവ്. ജ്യോതി എന്നു പേരുള്ള ഒരു പെണ്‍കുട്ടി അക്കാലത്ത് അവിടെ അന്തേവാസിയാണ്.

തീരെ ആരോഗ്യം കുറഞ്ഞ ഒരു പെണ്ണ്. അവള്‍ ആ മനുഷ്യനെ നോക്കിനില്‍ക്കും. അപ്പോള്‍ അവള്‍ കാണുന്നൊരു സ്വപ്നമുണ്ട്. ഞാന്‍ ഒരിക്കല്‍ ഇതുപോലെ വലിയൊരു പണക്കാരിയാവും! ഇതുപോലെ വലിയ സ്യൂട്ട്‌കേസുകളുമായി ഇവിടെ കയറിവരും! എല്ലാവര്‍ക്കും പുത്തനുടുപ്പുകളും മധുരപലഹാരങ്ങളും സമ്മാനിക്കും!!
നാലു പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ കഥയാണ്. പക്ഷേ അന്ന് അവള്‍ ആരോടും ആ സ്വപ്നം പങ്കുവച്ചില്ല. പറഞ്ഞാല്‍, ആ മണ്ടന്‍ സ്വപ്നത്തെക്കുറിച്ച് കേള്‍ക്കുന്ന കൂട്ടുകാരികള്‍ കളിയാക്കിക്കൊല്ലും!
പക്ഷേ ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം അതു പറയുമ്പോള്‍ ജ്യോതിക്ക് ചിരിയടക്കാനാകുന്നില്ല.
അനില ജ്യോതി റെഡ്ഡി അമേരിക്കയിലാണിപ്പോള്‍. കോടീശ്വരി!!

ഓഗസ്റ്റ് 29നാണ് ജന്മദിനം. വാറംഗലിലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കൊപ്പമാണ് അവളിപ്പോള്‍ ജന്മദിനം ആഘോഷിക്കാറുള്ളത്!! മാനസിക വെല്ലുവിളി നേരിടുന്ന 220 കുട്ടികളെ താമസിപ്പിച്ച് പരിപാലിക്കുന്ന സ്ഥാപനവും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. അനാഥാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. അതിലുപരി അവര്‍ക്കു വേണ്ടി അധികാരികള്‍ക്ക് മുന്നില്‍ ശബ്ദമുയര്‍ത്തുന്നു. പരിപാലനത്തിലെ അപാകതകള്‍ തിരുത്തിക്കാന്‍ അധികൃതരെയും ഉന്നതരെയും പ്രേരിപ്പിക്കുന്നു.

അഞ്ചു മക്കളുള്ള, ദരിദ്രരില്‍ ദരിദ്രനായ പിതാവ്, മക്കള്‍ക്ക് ആഹാരം നല്‍കാന്‍ യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോള്‍ രണ്ടുപേരെ അനാഥാലയത്തിലാക്കുകയായിരുന്നു. അഞ്ചാം ക്ലാസിലായിരുന്നു ജ്യോതി അന്ന്. പത്തുവരെ അവിടെ പഠിച്ചു. അനാഥാലയത്തിലെ സങ്കടക്കാലം കഴിഞ്ഞ്, പതിനാറാം വയസില്‍ത്തന്നെ ആ പെണ്‍കുട്ടിയ്ക്ക് വിവാഹിതയാകേണ്ടി വന്നു. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത ദരിദ്ര കൃഷിക്കാരനായിരുന്നു ഭര്‍ത്താവ്. തെലങ്കാനയിലെ പൊള്ളിക്കുന്ന വെയിലില്‍ പാടത്ത് പകല്‍ മുഴുവന്‍ അവള്‍ ജോലി ചെയ്തു. വിറകടുപ്പില്‍ തീയൂതിയൂതി പാചകം ചെയ്തു. 1985 മുതല്‍ 1990 വരെയുള്ള അഞ്ചു വര്‍ഷക്കാലത്ത് പ്രതിദിനം അഞ്ചു രൂപയായിരുന്നു കര്‍ഷകത്തൊഴിലാളിക്ക് കൂലി.
വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷക്കാലത്തിനിടയില്‍ തന്നെ ജ്യോതി രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ അമ്മയുമായി.
മക്കള്‍ക്ക് വയറുനിറയെ ആഹാരം നല്‍കുകയെന്നതായിരുന്നു അന്നൊക്കെ തന്റെ ഏറ്റവും വലിയ മോഹം!! അവര്‍ ഓര്‍ക്കുന്നു. മരുന്ന് വാങ്ങാന്‍ പോലും പണം കമ്മി.

പക്ഷേ, മനസിലെ വലിയ സ്വപ്നങ്ങളുടെ അഗ്നിപര്‍വതം തണുത്തിരുന്നില്ല. ഇതിനിടയില്‍ അവള്‍ക്ക് രാത്രി പാഠശാലയില്‍ മറ്റു തൊഴിലാളി സ്ത്രീകളെ പഠിപ്പിക്കുന്ന ജോലി ലഭിച്ചു. ആത്മാര്‍ഥമായി ഈ ജോലി തുടരുന്നതിനിടയില്‍ തന്നെ അവള്‍ മുന്നോട്ടുപോവുന്നുണ്ടായിരുന്നു. അംബേദ്കര്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അവള്‍ ഒരു വൊക്കേഷനല്‍ കോഴ്‌സ് പഠിച്ചു.
ഇംഗ്ലീഷ് ഭാഷയില്‍ ഡോക്ടറേറ്റ് എടുക്കുക. വീടിനു മുന്നില്‍ ഡോ. അനില ജ്യോതി റെഡ്ഡി എന്ന ബോര്‍ഡ് വയ്ക്കുക!!
വലിയൊരു മോഹം അവള്‍ മനസില്‍ കൊണ്ടുനടക്കുന്നുണ്ടായിരുന്നു.
വാറംഗലില്‍ കാകതീയ സര്‍വകലാശാലയില്‍ എം.എ ഇംഗ്ലീഷിനു ചേര്‍ന്നു. പക്ഷേ പൂര്‍ത്തിയാക്കാനായില്ല. എങ്കിലും ഗ്രാമീണ സ്ത്രീകളെ പഠിപ്പിക്കുന്ന ജോലി തുടരുമ്പോള്‍ തന്നെ പതുക്കെ പതുക്കെ ജ്യോതിയുടെ ചിറക് മുളക്കുകയായിരുന്നു.
അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ഒരു കസിന്‍ സിസ്റ്റര്‍ ഇക്കാലത്ത് നാട്ടില്‍ വന്നു. ‘മുടി കെട്ടിവച്ച, കണ്ണട വയ്ക്കാറില്ലാത്ത, കാറോടിക്കാനറിയാത്ത, പരിഷ്‌കാരി ലുക്കില്ലാത്ത തനിക്ക് അമേരിക്കക്ക് വരാന്‍ കഴിയുമോ?’
അന്ന് അവരോട് താന്‍ ചോദിച്ച ബാലിശമായ സംശയങ്ങളെക്കുറിച്ചോര്‍ത്ത് ജ്യോതി പൊട്ടിച്ചിരിക്കുന്നു!!
അമേരിക്കന്‍ മോഹം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ജ്യോതി കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ക്ലാസുകള്‍ക്ക് ചേര്‍ന്നു. കഠിനമായി അധ്വാനിച്ചു. അധ്യാപകജോലിക്ക് പുറമെ ചിട്ടി നടത്തിയും പണം സ്വരൂപിച്ചു. എങ്ങനെയും അമേരിക്കയിലെത്തണം. തന്റെ മക്കളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കണം.

ഏതായാലും ഒടുവില്‍ അവള്‍ അതു സാധിച്ചെടുക്കുക തന്നെ ചെയ്തു!!
പക്ഷേ, അമേരിക്കയിലും തുടക്കം അത്ര എളുപ്പമായിരുന്നില്ല. സെയില്‍സ് ഗേള്‍, റൂം സര്‍വിസ് പേഴ്‌സണല്‍, ബേബി സിറ്റര്‍, ഗ്യാസ് സ്റ്റേഷന്‍ അറ്റന്റന്റ്, സോഫ്റ്റ്‌വെയര്‍ റിക്രൂട്ടര്‍ …. അങ്ങനെയങ്ങനെ പല ജോലികള്‍ ചെയ്തു.
ഏറ്റവുമൊടുവില്‍ സ്വന്തം ബിസിനസും സമ്പല്‍ സമൃദ്ധിയും!!
തുടര്‍ന്ന് മക്കളെയും ഭര്‍ത്താവിനെയും അമേരിക്കയിലേക്ക് കൊണ്ടുവന്നു.

കൊടുംവേനലില്‍ ചെരിപ്പു പോലുമിടാതെ നടന്ന ജ്യോതിയ്ക്ക് ഇന്ന് 200 ജോഡി ചെരിപ്പുകളുണ്ട്. ഡ്രൈവിങ് പഠിക്കണമെന്ന ആഗ്രഹത്തിനു പോലും വിലക്കു നേരിട്ട ആ പഴയ ഗ്രാമീണയുവതി ഇന്ന് ഓടിക്കുന്നത് മെഴ്‌സിഡസ് ബെന്‍സ് കാര്‍! മുഖത്ത് സുഖകരമായ കൂളിങ് ഗ്ലാസ്!
മുടി കെട്ടിവയ്ക്കാതെ പരിഷ്‌കാരിയായി ജീവിക്കുന്നു!! അമേരിക്കയില്‍ ആറു വീടുകളും ഇന്ത്യയില്‍ രണ്ടു വീടുകളും സ്വന്തമായുണ്ട്. കേവലം രണ്ടു സാരികള്‍ മാത്രമുണ്ടായിരുന്നവള്‍ അക്കാലത്ത് ഏറെ ആശിച്ച് നല്ലൊരു സാരി വാങ്ങിയിരുന്നു. വില 135 രൂപ!! അക്കാലത്തെ തന്റെ ജീവിതത്തിലെ ആ വിലയേറിയ സാരി അവര്‍ ഇന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു!
വന്ന വഴികള്‍ മറക്കാത്ത കുലീനത!!
പണ്ട് തനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കാകതീയ സര്‍വകലാശാല, ഇന്നു രണ്ടാം വര്‍ഷ ഡിഗ്രിക്ക് ആ ഗ്രാമീണ വനിതയുടെ അസാധാരണയാത്രയുടെ കഥയിലെ ഒരു അധ്യായം പാഠ്യവിഷയമാണ്! കാരണം, അവര്‍ കണ്ടത് വലിയ സ്വപ്നമായിരുന്നു; അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ആഹാരവും വസ്ത്രങ്ങളുമായി കയറിവരുന്ന സ്വപ്നം!!
സ്വയം ഉയരുകയും മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യണമെന്ന ഉദാത്തവും ഉജ്ജ്വലവുമായ സ്വപ്നം. നമ്മില്‍ പലരെയും പോലെ, ജ്യോതി റെഡ്ഡി വെറുതേയിരുന്ന് ദിവാസ്വപ്നം കാണുകയായിരുന്നില്ല. അതു നേടിയെടുക്കാനായി എല്ലാ പ്രതിസന്ധികളോടും നിരന്തരം പോരാടുകയുമായിരുന്നു!!
യാത്രയിലെ പ്രതിസന്ധികളായിരുന്നു തന്റെ ശക്തിയെന്ന് ജ്യോതി റെഡ്ഡി.
‘The hardships taught me the value of life and made me think beyond the situation. The impediments in my journey became my courage.’ Anila Jyothi Reddy.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.