2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തലയുയർത്തുന്ന രാജാധിപത്യദുഷ്പ്രവണതകൾ

അഡ്വ. എം.സി കുര്യച്ചൻ

നമ്മുടെ ഭരണഘടനപ്രകാരം ഇരു പാർലമെന്റ് സഭകളുടേയും രാഷ്ട്രത്തിന്റേയും പരമാധികാരിയാണ് രാഷ്ട്രപതി. എന്നാൽ, ആ പരമോന്നത പദവിയേയും ആദിവാസി പിന്നോക്കക്കാരേയും ഭരണഘടനയെ തന്നെയും തൃണവൽഗണിച്ചാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ, ഉദ്ഘാടന ചടങ്ങുകൾ മോദി സംഘം നടത്തിയിട്ടുള്ളത്. ഇതിനു പിന്നിൽ ആസൂത്രിതവും വ്യക്തവുമായ പദ്ധതികളും കാരണങ്ങളുമുണ്ട്.


മതത്തേയും രാജ്യവ്യവഹാരങ്ങളേയും വേറിട്ട് നിർത്തുന്ന മതേതര ഭരണഘടനയാണ് നമുക്കുള്ളത്. അങ്ങനെയുള്ള രാജ്യത്താണ് നികുതിദായകന്റെ പണംകൊണ്ട് ഒരു പ്രത്യേക മത വിഭാഗത്തിന്റെ ആരാധനാലയത്തിൽ പ്രതിഷ്ഠാകർമം നടത്തുന്നതുപോലെ ബഹുസ്വര ജനാധിപത്യത്തിന്റെ ശ്രീകോവിലാകേണ്ട പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത്.


പാകിസ്താനെ പോലെ ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനുള്ള ചുവട് വയ്പ്പും അതിൽ സന്തോഷിക്കുന്നവരെ ഏകോപിപ്പിച്ച് ഭരണം നിലനിർത്താനുള്ള വ്യക്തമായ കണക്കുകൂട്ടലും ഇതിനുപിന്നിലുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലോ, പിൽക്കാലത്ത് ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലോ സംഘ്പരിവാറിന് ക്രിയാത്മകമായ യാതൊരു പങ്കുമില്ലെന്ന് കൃത്യമായി അറിവുള്ളത് ആർ.എസ്.എസ് നേതൃത്വത്തിന് തന്നെയാണ്. മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിൽ ഒറ്റുകാരന്റെ റോളും തങ്ങളുടെ താത്വികാചാര്യനായ സവർക്കർ ഗാന്ധിവധക്കേസിൽ അഞ്ചാം പ്രതിയാണെന്നതും സംഘ്പരിവാറിനെ ഇന്ത്യക്കാരുടെ മുന്നിൽ കത്തിവേഷക്കാരാക്കുന്നതിൽ ഇക്കൂട്ടർ അസ്വസ്ഥരുമാണ്.

അതിന് സംഘ്പരിവാർ കണ്ടെത്തിയ പോംവഴിയാണ് ചരിത്രത്തിന്റെ അപരനിർമിതിയും ദുർവ്യാഖ്യാനങ്ങളും. കൂടാതെ 2014ന് ശേഷമാണ് ഇന്ത്യ യഥാർഥ ഇന്ത്യയായതെന്ന മട്ടിലുള്ള പ്രചാരവേലകളും അതിലേക്കുള്ള പ്രവർത്തികളും. ഈ നീക്കത്തിന്റെ ഭാഗമാണ് സെൻട്രൽ വിസ്ത പദ്ധതിയും പുതിയ പാർലമെന്റ് മന്ദിരവും. സംഘ്പരിവാറിനെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ഗാന്ധിയൻ, നെഹ്റുവിയൻ ആശയങ്ങളും ലോക ചരിത്രത്തിൽ ഇടംപിടിച്ച് ഇന്നും ഒളിമങ്ങാതെ അവർക്കുള്ള അംഗീകാരങ്ങളുമാണ്. വിശ്വപൗരൻ, വിശ്വഗുരു എന്നൊക്കെ പ്രതിച്ഛായ ഉള്ള ഒരു ബിംബമായി മോദിയെ അവതരിപ്പിക്കപ്പെടണമെന്ന് സംഘ്പരിവാറിന് മോഹങ്ങളേറെയുണ്ട്. എന്നാൽ, ധൈഷണികതയിലും പാണ്ഡിത്യത്തിലും ദാർശനിക തലത്തിലും ബൗദ്ധികമായും ഗാന്ധിജിയുടേയോ, നെഹ്രുവിന്റേയോ ഔന്നത്യങ്ങളിലെത്തുകയെന്നത് തീർത്തും അസാധ്യമെന്നത് മോദിക്കും സംഘത്തിനും നല്ല ബോധ്യമുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണിൽ മോദിക്കുവേണ്ടി സംഘടിപ്പിച്ച ഹൗദിമോദി പരിപാടിയിൽ മോദിയുടേയും ട്രംപിന്റേയും സാന്നിധ്യത്തിൽ അമേരിക്കൻ സെനറ്റർ ഗാന്ധിജിയേയും നെഹ്റുവിനേയും വാഴ്ത്തിപ്പറഞ്ഞത് പോലുള്ള സംഭവങ്ങൾ ഇവർക്ക് ദുസ്വപ്‌നം തന്നെയാണ്.


അവിടെയാണ് പ്രതിമകളും അമ്പലങ്ങളും സ്ഥാപിച്ചും നിലവിലുള്ള സ്റ്റേഡിയങ്ങളുടെ പേര് മാറ്റി സ്വന്തംപേരിട്ടും മന്ദിരങ്ങൾ മുതൽ റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, ട്രെയിൻ, ബസ് സർവിസുകൾ വരെ ഉദ്ഘാടനം ചെയ്തുമുള്ള മോദിയുടെ പരിപാടികൾ അരങ്ങേറുന്നത്. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള തീരുമാനവും അതിന്റെ നിർമാണ ഉദ്ഘാടന പരിപാടികൾ ഈ വിധം നടത്തിയതും മോദിയെ മഹത്വവത്കരിക്കാനുള്ള ശ്രമമായി കൂട്ടിവായിക്കാവുന്നതാണ്.


സ്വതന്ത്ര ജനാധിപത്യവും ഭരണഘടനയും ജുഡിഷ്യറിയും ഉണ്ടെന്ന് കരുതപ്പെടുന്ന ഒരു രാജ്യത്ത്, കേണൽ ഗദ്ദാഫിയേയും ഹിറ്റ്‌ലറേയും പോലെ, രാജ്യവ്യവഹാരങ്ങളപ്പാടെ മോദിമയമാക്കുന്നതിൽ യാതൊരു കൂസലും വേവലാതിയുമില്ലാത്ത പ്രയാണമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളെ കാൽക്കീഴിലായതും ദുർബല പ്രതിപക്ഷവും ജുഡിഷ്യറിയുമാണ് ഇതിന് ഊർജം പകരുന്നത്.


ചെങ്കോൽ എന്നത് അധികാര ദണ്ഡും രാജാധിപത്യത്തിന്റെ അടയാളവുമാണ്. ഒരു ജനാധിപത്യരാജ്യത്ത് രാജാധിപത്യത്തിന്റെ സൂചകമായ ചെങ്കോലിന്റെ സ്ഥാനം സർക്കാർ മ്യൂസിയത്തിലാണെന്ന് തിരിച്ചറിവുള്ള ഉന്നത ജനാധിപത്യബോധ്യം നെഹ്റുവിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അതിനെ അലഹബാദിലെ മ്യൂസിയത്തിൽ ഭദ്രമായി സൂക്ഷിക്കാൻ ഏൽപ്പിച്ചത്.


എന്നാൽ മോദിയാകട്ടെ, സർക്കാർ അധീനതയിലുള്ള ചെങ്കോലിനെ പൊടിതട്ടിയെടുത്ത് മതപുരോഹിതരെ ഏൽപ്പിക്കുകയും പൂജാദി കർമങ്ങളോടെ ആചാരപരമായി അവരിൽ നിന്ന് തിരികെ ഏറ്റുവാങ്ങി പാർലമെന്റിൽ സ്ഥാപിക്കുകയുമാണ് ചെയ്തത്. കാലം ചവറ്റുകൊട്ടയിലെറിഞ്ഞ മനുസ്മൃതിയുടേയും ജാതിവ്യവസ്ഥയുടേയും രാജാധിപത്യത്തിന്റേയും ഓർമകളാണ് മോദിയും സംഘവും പൊടി തട്ടിയെടുത്ത് ചക്രവർത്തിയുടെ പട്ടാഭിഷേക ചടങ്ങിലെന്നപോലെ ഏറ്റുവാങ്ങി പാർലമെന്റിൽ സ്ഥാപിച്ചിട്ടുള്ള ചെങ്കോൽ.


ഇക്കൂട്ടർ രാജ്യത്തോട് വിളമ്പരപ്പെടുത്തുന്ന വ്യക്തമായ സന്ദേശങ്ങളുണ്ട്. മോദി ജനാധിപത്യ വ്യവസ്ഥയിൽ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന കേവലമൊരു പ്രധാന മന്ത്രിയല്ല. അദ്ദേഹം ഭരണഘടനക്കും പാർലമെന്റിനും രാഷ്ട്രപതിക്കും രാഷ്ട്രത്തിന് തന്നെയും ഉപരിയായിട്ടുള്ള ഒരു ശക്തിസ്ഥാനമാണ്. അപ്പോൾ പാർലമെന്റ് മന്ദിര നിർമാണവും അതിന്റെ ഉദ്ഘാടനവും ചെങ്കോൽ ഏറ്റുവാങ്ങൽ, സ്ഥാപിക്കൽ ചടങ്ങുകളും അദ്ദേഹത്തിന്റെ മാത്രം ഹിതാനുസരണം, അദ്ദേഹത്തിനുവേണ്ടി നടപ്പാകുന്നതാണ്. അവിടെ ഭരണഘടനക്കോ, രാഷ്ട്രപതിക്കോ, പാർലമെന്റിനോ യാതൊരു പ്രസക്തിയുമില്ല.


ഇനി സർക്കാർ, മ്യൂസിയങ്ങളിൽ നിന്ന് രാജ സിംഹാസനങ്ങളും കിരീടങ്ങളും കണ്ടെടുത്ത് കിരീട ധാരണത്തിനുകൂടി രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന് ചരിത്രമാണ് ഉത്തരം നൽകേണ്ടത്. പക്ഷേ മോദിയെ മുൻനിർത്തി ഭരണം പിടിച്ച് തങ്ങളുടെ അജൻഡകൾ നടപ്പാക്കിവരുന്ന ആർ.എസ്.എസ് എല്ലാം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന സർവം മോദിമയം എന്ന അവസ്ഥയെ എങ്ങനെ നോക്കിക്കാണുമെന്നതും പ്രസക്തമാണ്. മുമ്പ് ‘ഹർഹർ മോദി’ മുദ്രാവാക്യങ്ങളിലൂടെ മോദിയെ ദൈവമാക്കാൻ ഭക്തജന സംഘം നടത്തിയ നീക്കം ആർ.എസ്.എസ് ഇടപെട്ട് തടഞ്ഞത് ഇവിടെ സ്മരണീയമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.