ഏതൊരു ക്യാപ്റ്റനും മോഹിക്കുന്ന വജ്രായുധം; പഠിക്കാതെ 'കളിച്ചു' നടന്ന സിറാജിനെ ഉമ്മ വഴക്ക് പറയുമ്പോള്‍ പ്രോല്‍സാഹിപ്പിച്ചത് ഓട്ടോ ഡ്രൈവറായ ഉപ്പ
ഹൈദരാബാദ്: ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ജനനം. ക്രിക്കറ്റില്‍ ഒരു ഗോഡ്ഫാദറും ഇല്ലാഞ്ഞിട്ടും ചാര്‍മിനാറിന് സമീപത്തെ ചരല്‍മൈതാനികളില്‍ ടെന്നീസ് ബോള്‍ കൊണ്ട് കളിച്ചു വളര്‍ന്ന ഒരു പയ്യന് ഐ.പി.എല്ലില്‍ ആരും മോഹിക്കുന്ന ബൗളറായി മാറാന്‍ കഴിയുമെന്ന് തെളിയിച്ചയാളാണ് മുഹമ്മദ് സിറാജ് എന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍. ഇന്നലെ ഏഷ്യാകപ്പ് ഫൈനലില്‍ 16 ഓവറിനുള്ളില്‍ കേവലം 50 റണ്‍സിനുള്ളില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ പവലിയനില്‍ തിരികെയെത്തിച്ച് സിറാജ് വീണ്ടും തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
1994 മാര്‍ച്ച് 13ന് ചാര്‍മിനാറിനടുത്തുള്ള ഇടത്തരം കുടുംബത്തിലാണ് ജനനം. ഉപ്പ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഗൗസ്. ഉമ്മ വീട്ടമ്മയായ ഷബാന ബീഗവും. പഠനശേഷം സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സഹോദരന്‍ മുഹമ്മദ് ഇസ്മാഈല്‍ ചെറുപ്പത്തിലേ പഠനത്തില്‍ മിടുക്കനായിരുന്നു. എന്നാല്‍ പുസ്തകം, ഹോം വര്‍ക്ക്. അസൈന്‍മെന്റ് പോലുള്ള ‘പഠിപ്പി’കളുടെ കണ്‍വന്‍ഷനല്‍ രീതികളില്‍ ചെറുപ്പത്തിലേ വിരക്തിയുണ്ടായിരുന്ന സിറാജ് കൈയില്‍ കിട്ടിയ എന്തുകൊണ്ടും എറിഞ്ഞ് ശീലിച്ച് വളര്‍ന്നു. മുറ്റത്തെ കല്ല് കൊണ്ടുപോലും ബൗള്‍ ചെയ്തു പഠിച്ചു.
നാട്ടിലെ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനാല്‍ വീട്ടില്‍ വൈകിയെത്തുന്ന സിറാജിനെ ഉമ്മ ഷബാന ബീഗം പതിവായി വഴക്ക് പറയുകയും ശകാരിക്കുകയും ചെയ്തു. ഇസ്മാഈലിനെ കണ്ട് പഠിച്ചുകൂടേ… എന്ന് ചോദിക്കുകയും ചെയ്തു. നമ്മുടെ നാട്ടിന്‍പുറത്തെ കളിക്കമ്പക്കാരായ ‘ബാക്ക് ബെഞ്ചേഴ്‌സ്’ വീട്ടില്‍നിന്ന് അനുഭവിക്കുന്ന ധര്‍മസങ്കടം സിറാജും അനുഭവിച്ചുവെന്നര്‍ത്ഥം.
എന്നാല്‍ മകനില്‍ നല്ലൊരു ക്രിക്കറ്റര്‍ ഉണ്ടെന്ന് തിരിച്ചറിയുന്നത് ഉപ്പയാണ്. പലപ്പോഴും ഉമ്മയുടെ ശകാരത്തില്‍നിന്ന് രക്ഷിച്ചത് ഉപ്പ ഗൗസ് ആയിരുന്നു. ഓട്ടോക്ക് ട്രിപ്പ് ഇല്ലാത്ത അപൂര്‍വസമയങ്ങളിലേ ഉപ്പ വീട്ടിലുണ്ടാകൂ. ആ സമയത്ത് സിറാജിനെ ഉപ്പ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഹൈദരാബാദില്‍ ഓട്ടോ ഓടിക്കുന്നതിനിടെ മകന്‍ നല്ല കളിക്കാരനാണെന്ന് ഗൗസിനോട് നാട്ടുകാര്‍ പറയാനും തുടങ്ങി.
21 ാം വയസ്സില്‍ ഹൈദരാബാദിന് വേണ്ടി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 2016- 17ലെ, അതായത് രണ്ടാമത്തെ സീസണില്‍ രഞ്ജിട്രോഫിയില്‍ കൂടുതല്‍ വിക്കറെടുത്തതോടെ പത്രങ്ങളുടെ സ്‌പോര്‍ട്‌സ് പേജുകളില്‍ സിറാജിന്റെ പേരും ചിത്രവും വന്ന് തുടങ്ങി. അതോടെ ഷബാന ബീഗം വഴക്ക് പറയുന്നത് നിര്‍ത്തി മകനെ ചേര്‍ത്ത് പിടിക്കുന്നുണ്ട്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം 2017 ഐ.പി.എല്ലില്‍ അടിസ്ഥാന വിലയുടെ പത്തിരിട്ടി പണം നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ നാട്ടുകാരനെ സ്വന്തമാക്കി. 2.6 കോടിയാണ് ഹൈദരാബാദ് സിറാജിനിട്ട വില. ഒരുതുടക്കക്കാരന് ലഭിച്ച മികച്ച പ്രതിഫലങ്ങളിലൊന്ന്.
അത്രയും പണം അക്കൗണ്ടിലെത്തിയതോടെ നല്ലൊരു വീടും അതില്‍ തന്റെ കളി കാണാനായി വലിയ സ്‌ക്രീനുള്ള ടിവിയും വാങ്ങുകയാണ് സിറാജ് ആദ്യംചെയ്തത്. അതേവര്‍ഷം ദേശീയ ട്വന്റി ട്വന്റി ടീമില്‍ ഇടംപിടിച്ചതോടെ ഇന്ത്യക്കായി രാജ്യാന്തര അരങ്ങേറ്റവും. 2019ല്‍ ഓസ്‌ട്രേലിയക്കെതിരെ വണ്‍ഡേയില്‍ അരങ്ങേറ്റം. അടുത്തവര്‍ഷം കങ്കാരുക്കള്‍ക്കെതിരേ ടെസ്റ്റിലും അരങ്ങേറ്റം.
2020 ഡിസംബറില്‍ ആയിരുന്നു അത്. സിറാജിനെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ കഴിയാത്ത വര്‍ഷം. കൊവിഡ് വ്യാപനത്തിനിടെ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഒസീസിനെതിരായ ടെസ്റ്റ് പരമ്പര നടന്നത്. ഫാസ്റ്റര്‍മാരെ തുണക്കുന്ന ഒസീസ് പിച്ചില്‍ സിറാജ് എല്ലാ നിലക്കും ഏതൊരു ക്യാപ്റ്റന്റെയും മികച്ച ടൂളാണ്. എന്നാല്‍ ചെറുപ്പത്തില്‍ തനിക്ക് അളവറ്റ് പിന്തുണ നല്‍കിയ പിതാവ് ആ സമയത്താണ് മരിച്ചത്. അന്നത്തെ സങ്കടം നിറഞ്ഞ ദിവസങ്ങളെ കുറിച്ച് സിറാജ് പിന്നീട് കണ്ണുനിറച്ച് പറയുന്ന ഒരു അഭിമുഖമുണ്ട്.
”.. കോവിഡ് പകരുമെന്ന ഭീതി കാരണം ബയോ ബബിളില്‍ ആയിരുന്നു കളിക്കാരെല്ലാം. ഗ്രൗണ്ടിലല്ലാതെ കളിക്കാര്‍ തമ്മില്‍ കാണില്ല. എല്ലാവരും ഐസൊലേറ്റഡ് റൂമുകളില്‍. വീഡിയോ കോളിലൂടെയാണ് പരസ്പരം സംസാരിച്ചിരുന്നത്. ഫീല്‍ഡിങ് കോച്ചായിരുന്ന സുധീര്‍ സര്‍ സ്ഥിരമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. അത് വലിയ ആശ്വാസമായിരുന്നു. പിന്നെ സ്ഥിരമായി വിളിച്ചിരുന്നത് കല്യാണം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടിയുമായി. ഫോണില്‍ സംസാരിക്കുമ്പോള്‍ കരയില്ലെങ്കിലും മുറിയില്‍ ഒറ്റയ്ക്കിരുന്ന് കരയും… സിറാജ് പറയുന്നു.
ആരും മാനസികമായി തകര്‍ന്നുപോകുന്ന സമയമാണിത്. കൂടാതെ ഇതേസമയത്ത് സിറാജിനെത്തേടി ഉപ്പയുടെ വിയോഗ വാര്‍ത്തയും എത്തി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പെട്ടെന്ന് നാട്ടില്‍ പോകാനും വയ്യ. അടിയന്തരമായി പ്രൈവറ്റ് വിമാനം ഏര്‍പ്പാടാക്കി തരണോയെന്ന് ബിസിസിഐ ചോദിച്ചെങ്കിലും ഇന്ത്യക്കായി കളി തുടരാന്‍ സിറാജ് തീരുമാനിച്ചു. തന്റെ സങ്കടം മുറിയില്‍ കരഞ്ഞും പ്രാര്‍ഥിച്ചും തീര്‍ക്കുകയാണ് അന്ന് സിറാജ് ചെയ്തത്.
അടുത്ത ദിവസം പരിശീലനത്തിനായി എത്തിയപ്പോള്‍ രവി ശാസ്ത്രി ആശ്വസിപ്പിച്ചു. നിനക്ക് നിന്റെ ഉപ്പയുടെ നുഗ്രഹമുണ്ടെന്നും അഞ്ച് വിക്കറ്റ് എടുക്കുമെന്നും അദ്ദേഹം തോളില്‍തട്ടി പറഞ്ഞു. അതൊരു പതിവ് ആശ്വാസവാക്കെന്ന് കരുതി സിറാജ് അവഗണിച്ചു. കളിക്ക് മുമ്പുള്ള ദേശീയഗാനത്തിനിടെ നിലനിന്ന നിശബ്ദത പൊട്ടിച്ച് സിറാജിന്റെ വിങ്ങല്‍ ഉയര്‍ന്നു. എന്നെ ഈ നിലയിലെത്തിച്ച ഉപ്പ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ടിവിക്ക് മുന്നിലിരിപ്പുണ്ടാകും എന്നോര്‍ത്തപ്പോള്‍ കണ്ണീര്‍ നിന്നതേയില്ല. മുഖംതുടച്ച് കളിക്കായി തയാറെടുത്തു. എന്നാല്‍ തലേദിവസം രവി ശാസ്ത്രി പറഞ്ഞത് തന്നെ സംഭവിച്ചു. ബ്രിസ്‌ബെയ്‌നില്‍ അഞ്ച് ഒസീസ് വിക്കറ്റുകള്‍ സിറാജ ്‌വീഴ്ത്തി. ഒരു അരങ്ങേറ്റ താരത്തിന്റെ സ്വപ്ന നേട്ടം.!
നാട്ടില്‍ തിരിച്ചെത്തിയ സിറാജ് നേരെ പോയത് ഉപ്പയുടെ ഖബറിടത്തിലേക്ക്. അവിടെവച്ച് മുഖം പൊത്തിക്കരയുന്ന, പഴയ ചാര്‍മിനാര്‍ ബാലനെ അനുസ്മരിപ്പിക്കുന്ന സിറാജിന്റെ ചിത്രങ്ങള്‍ സങ്കടത്തോടെയല്ലാതെ നോക്കിനില്‍ക്കാനാകില്ല. ബ്രിസ്‌ബെയ്‌നില്‍വച്ചും മറ്റ് പല നഗരങ്ങളില്‍ വച്ചും സിറാജ് യാതൊരു ദയയും കാണിക്കാതെ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചുകൊണ്ടിരുന്നു.
ഇന്നലെ ശ്രീലങ്കയിലെ പ്രേമദാസ സ്റ്റേഡിയത്തിലും സിറാജിന്റെ ദിനമായിരുന്നു. പൊതുവേ ആഴത്തിലുള്ള ലങ്കന്‍ ബാറ്റിങ് നിരയെയാണ് സിറാജ് ഒന്നൊന്നര മണിക്കൂറിനുള്ളില്‍ മടക്കിയയച്ചത്. അതും ഒരൊറ്റ ഓവറില്‍ തന്നെ നാലുവിക്കറ്റുകള്‍ വീഴ്ത്തി.
കളി തീരുമ്പോള്‍ സിറാജിന്റെ നേരെ എഴുതിച്ചേര്‍ത്തത് 21 റണ്‍സിന് ആറു വിക്കറ്റ്. തീര്‍ന്നില്ല, മത്സരശേഷവും സിറാജ് മാതൃകയായി. മാന്‍ ഓഫ് ദ മാച്ച് മാച്ച് പുരസ്‌കാരമായി തനിക്ക് ലഭിച്ച 5000 ഡോളര്‍ സമ്മാനത്തുക സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിക്കുകയാണെന്ന് സിറാജ് പ്രഖ്യാപിച്ചു.
Comments are closed for this post.