2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രാജ്യത്ത് ഭരണത്തണലില്‍ സംഘ്പരിവാര്‍ ധ്രുവീകരണത്തോട് മോദിക്ക് മൗനം: കടുത്ത ആശങ്കയുമായി 13 രാഷ്ട്രീയ പാര്‍ട്ടികള്‍

  • കടുത്ത പ്രതിഷേധം സംയുക്ത പ്രസ്താവനയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഭരണത്തണലില്‍ സംഘ്പരിവാര്‍ സംഘടനകള്‍ വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ സമൂഹത്തില്‍ ധ്രുവീകരണവും സ്പര്‍ധയും സൃഷ്ടിക്കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് 13 രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. അസഹിഷ്ണുതയും വിദ്വേഷവും പ്രകോപനവും സൃഷ്ടിക്കുന്ന പ്രചാരണത്തോട് പ്രധാനമന്ത്രി പാലിക്കുന്ന മൗനം നടുക്കം ഉളവാക്കുന്നതാണ്. വിദ്വേഷപ്രസംഗങ്ങള്‍ വര്‍ധിക്കുമ്പോഴും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. പ്രസ്താവന ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ഡി.എം.കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ജെ.എം.എം അധ്യക്ഷന്‍ ഹേമന്ത് സോറന്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, തേജസ്വി യാദവ് (ആര്‍.ജെ.ഡി), ദേബബ്രത ബിശ്വാസ് (എ.ഐ.എഫ്.ബി), മനോജ് ഭട്ടാചാര്യ (ആര്‍.എസ്.പി), ദീപാങ്കര്‍ ഭട്ടാചാര്യ (സി.പി.ഐ എംഎല്‍-ലിബറേഷന്‍), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലി ലീഗ്) എന്നിവരും പ്രസ്താവനയില്‍ ഒപ്പുവച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകലാപത്തെ പ്രസ്താവനയില്‍ ശക്തിയായി അപലപിച്ചു. സംഘര്‍ഷങ്ങളുണ്ടായ പ്രദേശങ്ങളില്‍ ഹീനമായ പദ്ധതി നടപ്പാക്കിയതായി കാണാം. വിദ്വേഷപ്രസംഗങ്ങള്‍ക്കും ആയുധങ്ങളേന്തിയുള്ള മതഘോഷയാത്രകള്‍ക്കും പിന്നാലെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വിദ്വേഷപ്രചാരകര്‍ക്കും സായുധരായ അക്രമിസംഘങ്ങള്‍ക്കും ഔദ്യോഗിക പിന്തുണയുണ്ടെന്നതിന്റെ സാക്ഷ്യപത്രമാണ് ഇത്. വര്‍ഗീയ ആക്രമണം നടത്തുന്നവര്‍ക്ക് കര്‍ശനശിക്ഷ ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.