ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേള തമിഴ്‌നാട്ടിലെ ഒരു സ്വർണവ്യാപാര സ്ഥാപനത്തിന്റെ പരസ്യപ്പലകയായി മാറ്റിയ മാന്ത്രികവിദ്യ തീർത്തും അത്ഭുതകരം തന്നെ. പേരുകേട്ട സ്വർണ വ്യാപാരസ്ഥാപനമായ വുമ്മിടി ബംഗാരു ചെട്ടി ഇപ്പോൾ അഖിലേന്ത്യാതലത്തിലും അറിയപ്പെടുന്നു. 1947ൽ ഏതാണ്ടു 90 പവൻ സ്വർണവും കുറച്ചു വെള്ളിയും ചേർത്ത് അവർ നിർമിച്ച ഒരു ചെങ്കോലാണ് സ്ഥാപനത്തിന്റെ ഭാഗ്യനക്ഷത്രമായി മാറിയിരിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനായി അലഹബാദിലെ നെഹ്‌റു മ്യൂസിയത്തിൽനിന്ന് ചെങ്കോൽ ആഘോഷമായാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ചെങ്കോൽ പ്രധാനമന്ത്രിക്കു കൈമാറുന്നതിനുവേണ്ടി ചെട്ടിയാരുടെ പിന്മുറക്കാരും നേരത്തെ 1947ഒാഗസ്റ്റിൽ അത് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന് കൈമാറിയ തിരുവാവാട് തുറൈ അധീനത്തിന്റെ പ്രതിനിധികളും ഇത്തവണയും രംഗത്തുണ്ട്. ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പുറംകാലുകൊണ്ടു ചവിട്ടിയെറിഞ്ഞ ഇന്ത്യൻ സാംസ്‌കാരിക പാരമ്പര്യങ്ങളെ തങ്ങൾ ബഹുമാനപുരസ്സരം പുനഃസ്ഥാപിക്കുകയാണ് എന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ മുതൽ ആർ.എസ്.എസ് ചിന്തകൻ എസ്. ഗുരുമൂർത്തി വരെയുള്ളവർ അവകാശപ്പെടുന്നത്.
ഇതിന്റെ വസ്തുതകൾ പരിശോധിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ കാലമായി ഇന്ത്യയുടെ പ്രാചീന, മധ്യകാല, ആധുനിക ചരിത്രഘട്ടങ്ങളെ തങ്ങളുടെ താൽപര്യങ്ങൾക്കൊത്തു വളച്ചൊടിക്കാൻ സംഘ്പരിവാർ കേന്ദ്രങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനായി പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുന്നു. വേദകാലത്തു ഇവിടെ പ്ലാസ്റ്റിക് സർജറി മുതൽ ഗോളാന്തരയാത്ര വരെയുള്ള സാങ്കേതികവിദ്യകൾ സ്വായത്തമായിരുന്നു എന്നാണ് അവർ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഗോമൂത്രത്തിൽ സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ചരിത്രത്തെയും പാരമ്പര്യങ്ങളേയും സത്യസന്ധമായി വിലയിരുത്താനും അവയിലെ നല്ല അംശങ്ങൾ പുനരുദ്ധരിക്കാനുമുള്ള ഏതു നീക്കവും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. എന്നാൽ ചില സംഘ്പരിവാർ ബുദ്ധിജീവികളും നമ്മുടെ ഭരണകൂടവും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കോപ്രായങ്ങളും കുതന്ത്രങ്ങളും ഗുണത്തേക്കാളേറെ ദോഷം ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനാലാണ് ചോള ഭരണകാലം മുതലേ നിലനിന്ന ചെങ്കോൽ കൈമാറൽ എന്ന അധികാരക്കൈമാറ്റ ചടങ്ങിനെ നെഹ്‌റു വിലയിടിച്ചു കണ്ടു എന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം ഗൗരവ പരിശോധനയ്ക്കു വിധേയമാക്കേണ്ടത്.
അമിത് ഷാ മുതൽ ഗുരുമൂർത്തി വരെ പലരും ദിവസങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണമാണിത്. എന്നാൽ വസ്തുതകൾ എന്താണ്? മദിരാശിയിൽ നിന്നുവന്ന സംഘം 1947 ഒാഗസ്റ്റ് 14നു നെഹ്‌റുവിനെക്കണ്ടു ഗംഗാജലം തളിച്ച സ്വർണച്ചെങ്കോൽ അദ്ദേഹത്തിന് കൈമാറി എന്നത് വാസ്തവമാണ്. തമിഴ്‌നാട്ടിലെ തിരുവാവാട് തുറൈ അധീനത്തിന്റെ രേഖകളിലും ഡൊമിനിക് ലാപിയറും ലാറി കോളിൻസും ചേർന്ന് എഴുതിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന കൃതിയിലും സമകാല ഇംഗ്ലീഷ് മാധ്യമങ്ങളിലും ആ വിവരം പറയുന്നുണ്ട്. തമിഴ് സംഘം പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്കു പോയതെന്ന് ചിലർ അടിച്ചുവിടുന്നുണ്ടെങ്കിലും അവർ മദിരാശി റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ചിത്രം അന്നു ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിരുന്നു.
രാവണൻ പുഷ്പക വിമാനത്തിൽ സീതയെ കൊണ്ടുപോയെന്ന കഥ പോലെ എന്തിനാണ് ഒരു ചെങ്കോൽവാഹക വിമാനം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്? ചെങ്കോൽ കൈമാറൽ ഒരു ഔദ്യോഗിക ചടങ്ങായിരുന്നുവെന്നും എന്നാൽ കോൺഗ്രസ് ഭരണകൂടം പിന്നീടത് പൂഴ്ത്തിവച്ചു എന്നുമുള്ള സംഘ്പരിവാർ കഥയ്ക്കു ചമത്കാരഭംഗി നൽകുകയാണ് അതിന്റെ ഉദ്ദേശ്യം. ചെങ്കോൽ വിഷയത്തെക്കുറിച്ച് ആദ്യം ലേഖനമെഴുതിയ തുഗ്ലക് പത്രാധിപർ ഗുരുമൂർത്തിയും അതിനു പ്രചാരണം നൽകിയ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനുമൊക്കെ നെഹ്‌റുവിനെ താഴ്ത്തികെട്ടാനുള്ള ശ്രമമാണ് നടത്തിയത്. അമിത് ഷായും അതുതന്നെയാണ് ചെയ്യുന്നത്. ചെങ്കോലിനെ നെഹ്റുവിന്റെ ഊന്നുവടിയായി ചിത്രീകരിച്ചു തമിഴ് സംസ്‌കാരത്തെ അപമാനിച്ചു എന്നും അവർ പറയുന്നുണ്ട്.
എന്നാൽ എന്താണ് വാസ്തവം? നിലവിലെ തെളിവുകൾ നോക്കിയാൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ സി. രാജഗോപാലാചാരിയും ചില ബ്രാഹ്മണ പ്രമാണിമാരും ആസൂത്രണം ചെയ്ത പദ്ധതിയാണ് ചെങ്കോൽ കൈമാറ്റം എന്നാണ് മനസ്സിലാക്കേണ്ടത്. യഥാർഥത്തിൽ അതിനു ഒരു തരത്തിലുള്ള ഔദ്യോഗിക പരിവേഷവും ഉണ്ടായിരുന്നില്ല. ചെങ്കോൽ ആദ്യം സമർപ്പിച്ചത് വൈസ്രോയി മൗണ്ട്ബാറ്റൺ പ്രഭുവിനാണ്. അദ്ദേഹം അതു തിരിച്ചുനൽകി പറഞ്ഞത്, ചെങ്കോൽ സ്വീകരിക്കേണ്ടയാൾ നിയുക്ത പ്രധാനമന്ത്രി നെഹ്‌റുവാണെന്നാണ്. അതായത് തമിഴ് സംഘം സ്വന്തം നിലയിൽ എടുത്ത ഒരു നടപടിയാണ് ചെങ്കോൽ നിർമാണവും അതിന്റെ സമർപ്പണവും. നേരത്തെ ഔദ്യോഗികതലത്തിൽ അങ്ങനെയൊന്നു എവിടെയും ആസൂത്രണം ചെയ്തിരുന്നില്ല. അതിനാൽ സംഘം ചെങ്കോലുമായി നെഹ്‌റുവിനെ പോയി കാണുകയും അദ്ദേഹം ഒരുപക്ഷേ മനസില്ലാമനസോടെ (സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പുസ്തകത്തിൽ അങ്ങനെയാണ് പറയുന്നത്) അതു സ്വീകരിക്കുകയും ചെയ്തു. പിന്നീടത് അലഹബാദിലെ നെഹ്‌റു മ്യൂസിയത്തിലേക്കു കൈമാറുകയുമുണ്ടായി.
ഇതിൽ എവിടെയാണ് നെഹ്‌റു തമിഴ് സംസ്‌കാരത്തെയും ചോള പാരമ്പര്യങ്ങളെയും അപമാനിക്കുന്നത്? പന്ത്രണ്ടാം നൂറ്റാണ്ടുവരെ തെക്കേ ഇന്ത്യയിൽ നിലനിന്ന ഒരു രാജവംശമാണ് ചോളവംശം. ചോളർ മാത്രമല്ല, പാണ്ഡ്യരും ചേരരും തെക്കൻ നാടുകളിൽ ഭരണത്തിലുണ്ടായിരുന്നു. അവർക്കൊക്കെയും അധികാര കൈമാറ്റത്തിന് പ്രത്യേക ചടങ്ങുകളും പൂജകളും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ചേരമാൻ പെരുമാളിന്റെ കാലശേഷം മലയാളത്തിൽ അധികാരം കൈയാളിയ സാമൂതിരിമാർ അടക്കമുള്ളവർ അധികാരാരോഹണത്തിന് മുമ്പ് അരിയിട്ടുവാഴ്ച എന്നൊരു ചടങ്ങു നടത്തിയിരുന്നു. ചോളനാട്ടു പാരമ്പര്യങ്ങളെ പാടിപ്പുകഴ്ത്തുന്ന സംഘ്പരിവാർ നേതൃത്വം അടുത്ത തവണ മലബാറിൽനിന്ന് സാമൂതിരി പരമ്പരയിലെ വള്ളുവക്കോനാതിരിയുടെയും മങ്ങാട്ടച്ചന്റെയും പിന്മുറക്കാരെ തേടിയെടുത്തു ഡൽഹിക്ക് കൊണ്ടുപോകുമോ, ആവൊ!
ഇന്ത്യയുടെ സാംസ്‌കാരിക സവിശേഷത അതിന്റെ സങ്കീർണവും വൈവിധ്യപൂർണവുമായ പാരമ്പര്യങ്ങളാണെന്നു നെഹ്റുവിനു നന്നായി അറിയാമായിരുന്നു. അത്തരം പാരമ്പര്യങ്ങൾ ഇന്ത്യയുടെ നാനാഭാഗങ്ങളിലും സജീവമായി നിലനിൽക്കുന്നു. മാത്രമല്ല, രാജഗോപാലാചാരിയും മറ്റു ബ്രാഹ്മണ പ്രമാണിമാരും സ്ഥാപിക്കാൻ ശ്രമിച്ചപോലെ അതൊരു ബ്രാഹ്മണിക പരമ്പര്യം മാത്രമായിരുന്നില്ല. തമിഴ്നാട്ടിൽ തന്നെയും ഒരു മഹത്തായ അബ്രാഹ്മണ പാരമ്പര്യവുമുണ്ട്. അതാണ് ഇന്നത്തെ തമിഴ് സംസ്‌കാരത്തിന്റെ അടിത്തറയായി നിൽക്കുന്നത്.
ബ്രാഹ്മണികവും അബ്രാഹ്മണികവുമായ ഹൈന്ദവ പാരമ്പര്യങ്ങൾ മാത്രമല്ല ഇന്ത്യക്ക് സ്വായത്തമായിട്ടുള്ളത്. ക്രിസ്തുവിനും അഞ്ചു നൂറ്റാണ്ടു മുമ്പു മുതൽ ആരംഭിക്കുന്ന ബൗദ്ധ-ജൈന പാരമ്പര്യങ്ങളും പിന്നീട് ക്രിസ്ത്യൻ, ഇസ് ലാമിക പാരമ്പര്യങ്ങളും അവയുടെ ആവിർഭാവകാലം മുതലേ ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായി. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള സാംസ്‌കാരിക പൈതൃകങ്ങളെ ഇന്ത്യ അതിന്റെ ദീർഘ ചരിത്രത്തിൽ സ്വാംശീകരിക്കുകയുണ്ടായി. അതുകൊണ്ടാണ് തമിഴ് സംഘത്തിന്റെ ചെങ്കോൽദാനത്തെ നെഹ്‌റു തിരസ്‌കരിക്കാതിരിക്കുന്നത്. അതൊരു ഫ്യൂഡൽകാല രാജഭരണ സംസ്‌കാരത്തിന്റെ അവശിഷ്ടമാണെന്നു അദ്ദേഹത്തിന് അറിയാത്തതല്ല. പക്ഷേ വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന നെഹ്‌റു അത് സ്വീകരിച്ചു. എന്നാൽ ജനാധിപത്യ ഇന്ത്യൻ ഭരണകൂടത്തിലേക്ക് അധികാരക്കൈമാറ്റത്തിന്റെ ചിഹ്നമായി അങ്ങനെയൊന്നു ഉപയോഗിക്കുന്നത് ആത്യന്തികമായി ആപത്തായി മാറുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. കാരണം ഇത്തരം പാരമ്പര്യങ്ങൾ തെക്കൻ പ്രവിശ്യകളിൽ മാത്രമല്ലല്ലോ നിലനിന്നത്. അവ ബ്രാഹ്മണ പാരമ്പര്യങ്ങളുടെ മാത്രം കുത്തകയുമായിരുന്നില്ല. അതിനാൽ ഇന്ത്യൻ റിപ്പബ്ലിക്കിന് ഔദ്യോഗികതലത്തിൽ അത്തരം മതപരവും പ്രാദേശികഭിന്നവുമായ ചടങ്ങുകൾ ആവശ്യമില്ല എന്നാണ് അദ്ദേഹം കരുതിയത്. അത് ഏതെങ്കിലും പാരമ്പര്യത്തോടുള്ള അവഹേളനം കൊണ്ടായിരുന്നില്ല; മറിച്ചു ഇന്ത്യൻ ബഹുസ്വരതയോടുള്ള ബഹുമാനം കൊണ്ടായിരുന്നു. അതിനാലാണ് ചെങ്കോൽ മ്യൂസിയത്തിലേക്ക് മാറ്റിയത്. അതിനെ ഊന്നുവടി എന്ന് വിശേഷിപ്പിച്ചത് യു.പി നിവാസിയായ ഏതോ ഉദ്യോഗസ്ഥനാണ്. അതിന്റെ കുറ്റവും നെഹ്റുവിന്റെ പിടലിക്കാണ് ചാർത്തുന്നത്.
ജനായത്ത ഭരണത്തിൽ പാർലമെന്റല്ല ചെങ്കോൽ സൂക്ഷിക്കാനുള്ള വേദി എന്ന തിരിച്ചറിവു നെഹ്‌റുവിനു ഉണ്ടായിരുന്നു. എന്നാൽ നരേന്ദ്രമോദിയും അമിത് ഷായും താത്കാലിക രാഷ്ട്രീയനേട്ടത്തിനുള്ള ആയുധമായി അതിനെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. തമിഴ് അഭിമാനം ഉയർത്തി തമിഴ്‌നാട്ടിൽ വേരുറപ്പിക്കുക എന്ന തന്ത്രമാണ് അതിനു പിന്നിൽ. പക്ഷേ ഭാവിയിൽ ഇത്തരം നൂറുകണക്കിനു ആവശ്യങ്ങൾക്കും സമ്മർദങ്ങളും അവർ വഴിമരുന്നിടുകയാണ് ചെയ്യുന്നത്. തമിഴ്‌നാട് പിടിക്കാനുള്ള നെട്ടോട്ടത്തിൽ മറ്റു നാടുകൾ പലതും കൈവിട്ടുപോകാനും അത് കാരണമായേക്കും. കർണാടകയിൽ ദീർഘപാരമ്പര്യമുള്ള വീരശൈവ ലിംഗായത്തുകൾ അവരുടെ തുറുപ്പുചീട്ടായിരുന്നു. എന്തുകൊണ്ട് ബസവണ്ണയുടെ പിന്മുറക്കാർ തങ്ങളെ കൈവിട്ടു എന്ന് ആലോചിച്ചാൽ മോദിക്കും അമിത്ഷായ്ക്കും തങ്ങൾ ഇപ്പോൾ പയറ്റുന്ന ഇരുതലമൂർച്ചയുള്ള ആയുധത്തിന്റെ ആപത്തു തിരിച്ചറിയാനാകും.
Comments are closed for this post.