2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വുഹാന് ആറാഴ്ച ശേഷം വീണ്ടും മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച: രണ്ട് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു

ഖ്വിങ്ദാവോ: ആറാഴ്ച മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ചൈനയിലെ വുഹാനില്‍ കൂടിക്കാഴ്ച നടത്തിയത്. തികച്ചും അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു അത്. ഇപ്പോഴിതാ മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച വീണ്ടും. ഷാങ്ഹായ് കോഓപ്പറേഷന്‍ (എസ്.സി.ഒ) യോഗത്തില്‍ സംബന്ധിക്കാനാണ് മോദി ചൈനയിലെത്തിയത്.

കൂടിക്കാഴ്ചയില്‍ രണ്ട് ഉഭയകക്ഷി കരാറുകള്‍ ഒപ്പുവച്ചു. ഷാന്‍ഡോങ് പ്രവിശ്യയിലെ ഖ്വിങ്ദാവോയിലാണ് കൂടിക്കാഴ്ച നടന്നത്. ബസ്മതിയിതര അരി ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ഒരു കരാര്‍. നേരത്തെ ചട്ടങ്ങള്‍ പാലിച്ചില്ലെന്നു കാട്ടി ബസ്മതി ഇതര അരി ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നില്ല.

ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരാണ് ഇന്ത്യ. എന്നാല്‍ ചൈനയിലേക്ക് അയക്കുന്നത് തുച്ഛം അരി മാത്രം. ആഭ്യന്തര ഉപഭോഗത്തിനായി വര്‍ഷത്തില്‍ 50 ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഈ വിപണിയാണ് ഇന്ത്യയുടെ ലക്ഷ്യം.

ബ്രഹ്മപുത്ര നദിയുടെ ജലശാസ്ത്ര വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നതാണ് മറ്റൊരു കരാര്‍. ടിബറ്റില്‍ നിന്ന് ഉല്‍ഭവിക്കുന്ന ബ്രഹ്മപുത്ര അരുണാചല്‍പ്രദേശ്, അസ്സാം എന്നിവിടങ്ങളിലേക്കാണ് ഒഴുകുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ടാവുന്ന വെള്ളപ്പൊക്കത്തിനെ നേരിടാന്‍ ജലശാസ്ത്ര വിവരങ്ങള്‍ ഇന്ത്യയെ സഹായിക്കും. മുന്‍ കരാര്‍ പ്രകാരം നദീ വിവരങ്ങള്‍ ചൈന നല്‍കിയിരുന്നുവെങ്കിലും ദോക്‌ലാം അതിര്‍ത്തി പ്രശ്‌നം വന്നതോടെ നിലയ്ക്കുകയായിരുന്നു.

ഇരുരാജ്യങ്ങളും നേരിടുന്ന മറ്റ് ഉഭയകക്ഷി പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. എന്നാല്‍ 73 ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ ദോക്‌ലാം പ്രശ്‌നത്തെക്കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖയും കടന്ന് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദോക്‌ലാമിലെ പ്രശ്‌നം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.