2023 March 24 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കേരളത്തിലെ ക്രിസ്ത്യന്‍വോട്ടുകണ്ട് പനിക്കേണ്ടെന്ന് മോദിക്കു മറുപടിയുമായി സി.പി.എം, കേരളത്തിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരുമെന്ന് ബി.ജെ.പി

 

പാലക്കാട്: വടക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കണ്ട് കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടുമെന്ന് ബി.ജെ.പി പാഴ്ക്കിനാവ് കാണേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് കഴിഞ്ഞ ത്രിപുര തെരഞ്ഞെടുപ്പിലും ബി.ജെ.പി പറഞ്ഞിരുന്നു. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ആര്‍.എസ്.എസിന് സ്വാധീനം നേടാനാവുക എന്നത് വളരെ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജനകീയ പ്രതിരോധ ജാഥയില്‍ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍.

 

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സി.പി.എം നേതാവ് എം.എ ബേബി പരിഹസിച്ചു. പകല്‍ സ്വപ്നം കാണാന്‍ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ട്. നിയമസഭയില്‍ ഉണ്ടായിരുന്ന അക്കൗണ്ടും പൂട്ടിച്ചുവെന്ന് എം.എ ബേബി പരിഹസിച്ചു. മോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാന്‍ കേരളത്തിലെ മതേതര കക്ഷികള്‍ക്ക് ശക്തിയുണ്ടെന്നും എം.എ ബേബി പറഞ്ഞു.


കേരളത്തിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാകും ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ബി.ജെ.പിക്ക് കരുത്തുപകരും. ഭാരിച്ച ഉത്തരവാദിത്തമാണ് ഏല്‍പിച്ചത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ വരും വര്‍ഷം കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് പ്രതികരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.