2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോദി രാജ്യധര്‍മം മറന്ന ഭരണാധികാരി

പിണങ്ങോട് അബൂബക്കര്‍

 

ആറു വര്‍ഷമായി ഇന്ത്യയില്‍ ഭരണം നിഷ്‌ക്രിയമായി തുടരുകയാണ്. ഗുജറാത്ത് മോഡല്‍ വികസനം (?) പ്രചാരണായുധമാക്കി നിക്ഷേപകരുടെ വന്‍നിര ഇന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും വികസന വിപ്ലവങ്ങള്‍ തീര്‍ക്കുമെന്നു പറഞ്ഞുകൊണ്ടായിരുന്നു നരേന്ദ്ര മോദി അധികാരമുറപ്പിച്ചത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കും. പൗരന്മാരുടെ അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ വഴി നിരാശരായി കഴിഞ്ഞിരുന്ന വോട്ടര്‍മാരെ പ്രതീക്ഷ നല്‍കി ഉത്തേജിപ്പിച്ചു. വര്‍ഗീയതയെ ചേര്‍ത്തുപിടിച്ച് ജനാധിപത്യ മതേതര രാജ്യത്തിന്റെ പാരമ്പര്യത്തിനു നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാണ് മോദി സൗത്ത് ബ്ലോക്ക് തൊട്ടത്. അന്ന് ബി.ജെ.പി ശേഖരിച്ചുവച്ച ട്രില്യന്‍ ഡോളറുകള്‍ക്കു മുന്നില്‍ ജനാധിപത്യ ഇന്ത്യ പകച്ചുനില്‍ക്കുകയായിരുന്നു. മാധ്യമങ്ങളില്‍ നരേന്ദ്ര മോദി നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പു പരസ്യങ്ങള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അനുസ്മരിപ്പിക്കുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭരിച്ച രാഷ്ട്രീയപാര്‍ട്ടികളും പ്രധാനമന്ത്രിമാരും ഭരണഘടനയോട് നീതി പുലര്‍ത്തുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല. എന്നാല്‍ മോദി മഹത്തായ ഭരണഘടനയെ മാനിക്കുന്നതില്‍ സമ്പൂര്‍ണമായും പരാജയപ്പെട്ടു. ഇനി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായി നടക്കുമെന്ന് പറയാന്‍ കഴിയില്ല. അത്രമേല്‍ നിയമനിര്‍മാണ സഭകളെ, ഉദ്യോഗസ്ഥ വൃന്ദങ്ങളെ നോക്കുകുത്തികളാക്കി. റിസോര്‍ട്ട് രാഷ്ട്രീയത്തിലൂടെ എം.എല്‍.എമാരെ വിലയ്ക്കു വാങ്ങി സംസ്ഥാന ഭരണം പിടിച്ചു. ജി.എസ്.ടി ഇല്ലാത്ത ഉല്‍പന്നമായി ജനപ്രതിനിധികളെ വിപണി വസ്തുവാക്കി തരംതാഴ്ത്തി. അകത്തും പുറത്തും ഒരുപോലെ അരാജകത്വം വളര്‍ത്തിയ, പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദി. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തു നിന്നുള്ള തിട്ടൂരങ്ങള്‍ക്കു താഴെ കൈയൊപ്പ് വയ്ക്കുന്ന രാജധര്‍മം മറന്ന നരേന്ദ്ര മോദിയെ ഭാവിചരിത്രം വിചാരണ ചെയ്യുക തന്നെ ചെയ്യും.

അയല്‍ രാഷ്ട്രങ്ങളുമായി ഇന്ത്യ ഏറെ അകന്നുപോയി. 1962ല്‍ ചൈന ഇന്ത്യയുടെ മണ്ണില്‍ കടന്നുകയറി ധീരജവാന്മാരെ നിഷ്‌കരുണം വധിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍നിന്ന് ചൈനീസ് പട്ടാളം പിന്‍വാങ്ങിയിട്ടില്ലെന്ന് പ്രതിരോധമന്ത്രിക്ക് തലകുനിച്ചു പറയേണ്ടി വരികയാണ്. ഉഭയകക്ഷി ചര്‍ച്ചകള്‍ ചൈന മാനിക്കുന്നില്ലെന്ന് വിദേശകാര്യ വകുപ്പ് പത്രക്കുറിപ്പ് ഇറക്കി സായൂജ്യമടയുന്നു. എന്താണ് അതിര്‍ത്തിയില്‍ സംഭവിച്ചതെന്ന് അറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അതിനിടെ, ചൗക്കീദാര്‍ ഖജനാവ് കാക്കാന്‍ കഴിയാത്ത പരാജയപ്പെട്ട കാവല്‍ക്കാരനാണെന്നും തെളിയിച്ചു. ഫ്രാന്‍സില്‍നിന്ന് അഞ്ചു റാഫേല്‍ വിമാനങ്ങള്‍ അംബാല സൈനിക വിമാനത്താവളത്തില്‍ നിലം തൊട്ടിരിക്കുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് 35 യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്താവുകയും ചെയ്യും. എന്നാല്‍ ഫ്രാന്‍സുമായുള്ള ഉടമ്പടി ഉയര്‍ത്തിയ തീവെട്ടിക്കൊള്ളയുടെ സംശയ നിഴലിലാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പും ഇടനിലക്കാരും.

പാകിസ്താനും 1947 മുതല്‍ സ്വീകരിച്ചുവരുന്ന ശത്രുതാ നിലപാട് തുടരുകയാണ്. പാകിസ്താനിലെ ഓരോ രാഷ്ട്രീയപാര്‍ട്ടികളും മത്സരിച്ചു നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രചാരണം പാക്ക് സൈന്യത്തിനും വിഷം പകര്‍ന്നുനല്‍കിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ അധികാരലബ്ധിയുടെ ഉടനെ തുറന്നുവച്ച ഉഭയകക്ഷി ചര്‍ച്ചയുടെ സാധ്യതാവാതില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിനായില്ല. പലപ്പോഴും പാക്ക് നേതൃത്വം രാജ്യത്തെ വഞ്ചിച്ചിട്ടുണ്ട്. എങ്കിലും ഡോ. മന്‍മോഹന്‍ സിങ് കറാച്ചിയില്‍ പോയി അയല്‍പക്ക സൗഹൃദം സാധ്യമാകുമോയെന്ന് നോക്കാന്‍ സന്നദ്ധനായിട്ടുണ്ട്. അടിക്കടി പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയ്ക്കു നേരെ തിരിഞ്ഞു. ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്മര്‍ തുടങ്ങിയ അയല്‍രാഷ്ട്രങ്ങളുമായും മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞില്ല.

രാജ്യത്തിന്റെ അകത്തളം മുന്‍പൊരിക്കലും ഇല്ലാത്തവിധം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. എല്ലാ നീതി നിയമവ്യവസ്ഥകളും പൂര്‍ണമായും കാറ്റില്‍പറത്തി നരസിംഹറാവു എന്ന രാജനീതി മറന്ന പ്രധാനമന്ത്രിയുടെയും യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെയും മൗനാനുവാദത്തോടെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ഇറച്ചിയുമായി ഉത്തരേന്ത്യന്‍ തെരുവുകളിലൂടെ പോകുന്ന മാംസ കച്ചവടക്കാരെ തടഞ്ഞുനിര്‍ത്തി പശുമാംസമാണെന്ന് ആരോപിച്ച് തല്ലിക്കൊന്നു. തുടര്‍ന്നുമുണ്ടായി വിവിധ ജനാധിപത്യവിരുദ്ധ സംഭവങ്ങള്‍. അങ്ങനെ ലോകത്തിനു മുന്നില്‍ ഇന്ത്യ ഒറ്റപ്പെട്ടു. ബാബരി വിഷയത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് കൊടുക്കാനുള്ള ശ്രമത്തിലാണ് കുവൈത്തിലെ നിയമ പണ്ഡിതന്‍.

മോദി അമിത്ഷാ ദ്വന്ദം കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യയെ പ്രതിസ്ഥാനത്തു നിര്‍ത്തി. മുസ്‌ലിം രാഷ്ട്ര കൂട്ടായ്മ, യൂറോപ്യന്‍ യൂനിയന്‍, ഐക്യരാഷ്ട്രസഭ, യു.എസ് തുടങ്ങി വിവിധ അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും പൗരത്വ ഭേദഗതിക്കെതിരേ രംഗത്തുവന്നു. അതിനിടെ താമരത്തണലില്‍ ചീഫ് ജസ്റ്റിസിനെ രാജ്യസഭയില്‍ എത്തിച്ചു. പരമോന്നത നീതിപീഠത്തിലിരുന്ന വ്യക്തി സത്യപ്രതിജ്ഞയ്ക്കായി വന്നപ്പോള്‍ ഭരണഘടന വിറ്റ് കാശാക്കിയ ഡീലര്‍ എന്നു വിളിച്ചുപറഞ്ഞാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്. ആര്‍.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തീവ്രവാദ മുഖം തന്നെയാണ്. ഈ രാഷ്ട്രീയസമസ്യ ഇന്ത്യയ്ക്ക് സമ്മാനിച്ച ആധുനിക കുറ്റവാളികളാണ് മോദിയും അമിത് ഷായും.

സ്വകാര്യ ചാനലില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ഹിന്ദു മഹാസഭയെ ന്യായീകരിച്ച് പറഞ്ഞത്; ഗാന്ധിജിയെ ചെറുതായി ഒന്നു വെടിവച്ചുകൊന്നു എന്ന തെറ്റ് മാത്രമാണ് ഇവര്‍ ചെയ്തതെന്നാണ്. മല്ലികാര്‍ജുന ഖര്‍ഗെ രാജ്യസഭയില്‍ പറഞ്ഞതുപോലെ, സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കും പറയാനില്ല. ആര്‍.എസ്.എസുകാരന്റെ വീട്ടിലെ പട്ടി പോലും ബ്രിട്ടീഷുകാര്‍ക്കെതിരേ കുരച്ചിട്ടില്ല. മഹാത്മജിയുടെ ധീരരക്തസാക്ഷിത്വം പോലും ബി.ജെ.പിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
അതിനിടെയാണ് ദേശീയ വിദ്യാഭ്യാസ നയം കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്റ് അംഗീകരിച്ചത്. മതേതരത്വവും ജനാധിപത്യവും ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല.ഫാസിസത്തിനു വെള്ളപൂശുന്ന പാഠങ്ങള്‍ ക്ലാസ് മുറികളിലിരുന്ന് ഭാവി തലമുറ പഠിക്കാന്‍ നിര്‍ബന്ധിതമാവുകയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.