ന്യൂഡല്‍ഹി: വിവിധ സംസ്ഥനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തതോടെ ജനങ്ങള്‍ക്ക് ‘ആശ്വാസം’ പകരുന്ന പ്രഖ്യാപനവുമായി കേന്ദ്രം. പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഗാര്‍ഹികാവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായാണ് വിവരം. എല്‍പിജിക്ക് 200 രൂപ കൂടി സബ്സിഡി നല്‍കി ഇത് നടപ്പാക്കാനാണ് നീക്കം. എണ്ണ കമ്പനികള്‍ക്ക് സബ്സിഡി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച സബ്‌സിഡി കൂടി ചേര്‍ത്ത് 400 രൂപവരെ കുറയും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് തീരുമാനം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ ഓണം സമ്മാനമാണിതെന്ന് അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിന് വേണ്ടിയാണ് നടപടി. ഈ നടപടിക്ക് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ആശ്വാസം നല്‍കുന്ന പ്രഖ്യാപനം മാത്രമായി കണ്ടാല്‍ മതിയെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 5 കോടി സ്ത്രീകള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് എല്‍പിജി കണക്ഷന്‍ നല്‍കിയത്.
നിലവില്‍ ഡല്‍ഹിയില്‍ 14 കിലോ സിലിണ്ടറിന് 1053 രൂപയാണ് വില. മുംബൈയില്‍ 1052 രൂപ വരും. ജൂലൈയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണ വിതരണ കമ്പനികള്‍ 50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. മെയ് മാസം രണ്ടുതവണ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജൂലൈയിലും വില കൂട്ടിയത്.
Comments are closed for this post.