2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വീടിന് തീപിടിച്ചു; രണ്ട് കുട്ടികളുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വീടിന് തീപിടിച്ചു; രണ്ട് കുട്ടികളുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

കെയ്‌റോ: മൊബൈൽ ഫോൺ ചാർജറിൽ നിന്നുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം വീടിന് തീപിടിച്ചാണ് ദമ്പതികളും അവരുടെ രണ്ട് കുട്ടികളും കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ഇവരുടെ ബന്ധുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഈജിപ്തിലാണ് സംഭവം. കെയ്‌റോയുടെ തെക്ക് ഭാഗത്തുള്ള ഗിസ ഗവർണറേറ്റിലാണ് അപകടമുണ്ടായത്. മൊബൈൽ ഫോൺ ചാർജറിൽ നിന്നുള്ള വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് ലബോറട്ടറി റിപ്പോർട്ട്. മൊബൈൽ ചാർജർ പവർ ഔട്ട്‌ലെറ്റിൽ പ്ലഗ് ചെയ്‌ത നിലയിൽ കണ്ടെടുത്തിട്ടുണ്ട്.

ഫൈസൽ ജില്ലയിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തീപിടിത്തം ഉണ്ടായ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീമുകളും പ്രാദേശിക സുരക്ഷാ സേവനങ്ങളും ചേർന്നാണ് തീ മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കിയത്. പക്ഷേ, തീയണച്ചിട്ടും കുടുംബത്തെ രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തീപിടിത്തത്തിനിടെ അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന ബന്ധുവായ യുവാവ് മൂന്നാം നിലയിൽ നിന്ന് ചാടിയത് മൂലമാണ് ജീവൻ രക്ഷിക്കാനായത്. എന്നാൽ അപകടത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ഒന്നിലധികം എല്ലുകൾ പൊട്ടിയിട്ടുണ്ട്.

അന്വേഷണത്തിൽ, സംഭവം നടന്ന ദിവസം രാവിലെ കുടുംബം അലക്സാണ്ട്രിയയിലേക്ക് വേനൽക്കാല അവധിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.