
ആർ.എം.പി നേതാവും കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ വിധവയായത് അവരുടെ വിധിയെന്നും അതിന് ഞങ്ങളാരും ഉത്തരവാദിയല്ലെന്നുമുള്ള മുൻ മന്ത്രി എം.എം മണിയുടെ നിയമസഭാ പ്രസംഗം സഭയെ ഇന്നലെയും വ്യാഴാഴ്ചയും പ്രക്ഷുബ്ധമാക്കി. മണി മാപ്പു ചോദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കാലത്തും പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വം, ആനിരാജ എന്നിവരും മണിക്കെതിരേ രംഗത്തുവന്നു. 51 വെട്ടിനാൽ കൊല്ലപ്പെട്ട ഒരു കമ്യൂണിസ്റ്റുകാരന്റെ ഭാര്യയെ പരസ്യമായി അവഹേളിക്കുന്നത് നിർവികാരനായി കേട്ടിരിക്കാൻ മറ്റൊരു കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്നത് കൊന്നിട്ടും തീരാത്ത പക എന്ന കെ.കെ രമയുടെ വിമർശനത്തെ സാധൂകരിക്കുന്നതാണ്. ഒരു സ്ത്രീ എന്ന പരിഗണനയെങ്കിലും കെ.കെ രമയ്ക്ക് ഭരണകൂടം നൽകേണ്ടതല്ലേ.
എം.എം മണിയിൽനിന്ന് സംസ്കാരശൂന്യമായ പദപ്രയോഗങ്ങൾ വരുന്നത് ഇതാദ്യമല്ല. വെടിവച്ചും കുത്തിയും തല്ലിയും രണ്ടുമൂന്ന് പേരെ കൊന്ന സംഭവം മുമ്പൊരിക്കൽ പ്രസംഗത്തിനിടെ മണി കൈയും കലാശവും കാണിച്ച് വിവരിച്ചതാണ്. അവരുടെ ഭാര്യമാരെ രമയെപ്പോലെ വിധവകളാക്കിയതും മണിയുടെ പാർട്ടിക്കാരായിരുന്നു. ഈ പ്രസംഗത്തിന്റെ പേരിൽ മണിക്കെതിരേ കേസ് ചാർജ് ചെയ്തതാണ്.
നാട്ടുഭാഷയുടെ മൊഴിവഴക്കമാണെന്നും പറഞ്ഞ് എം.എം മണി നിയമസഭാ ഹാളിനെ വാക്കുകളാൽ മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്. എം.എം മണി ഇപ്പോൾ മാത്രമല്ല സ്ത്രീ സമൂഹത്തെ പരസ്യമായി അവഹേളിക്കുന്നത്. മൂന്നാർ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇടതു മുന്നണി സർക്കാരിന്റെ കാലത്താണ് ‘പെമ്പിളൈ ഒരുമൈ’ കൂട്ടായ്മ സമരം നടത്തിയത്. അന്ന് എം.എം മണി മന്ത്രിയാണ്. സമരത്തെ തകർക്കാൻ അവരെ മാനസികമായി തളർത്താൻ മന്ത്രി മണി ബോധപൂർവം നടത്തിയ പ്രസംഗമായിരുന്നു- സമരസമയത്ത് കാടിനുള്ളിൽ ‘ പെമ്പിളൈ ഒരുമൈ’യിലെ സമരക്കാരായ സ്ത്രീകൾക്ക് ഉദ്യോഗസ്ഥരുമായി മറ്റെന്തൊക്കെയോ പരിപാടികൾ ആയിരുന്നുവെന്ന ആഭാസച്ചുവയോടെയുള്ള പ്രസംഗം. ഇതേത്തുടർന്ന് സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്ത്രീ സംഘടനകളിൽ നിന്നും രൂക്ഷമായ വിമർശനമാണ് മണിക്കെതിരേയും സി.പി.എമ്മിനെതിരേയും ഉണ്ടായത്. മന്ത്രി സ്ഥാനത്തുനിന്നുള്ള മണിയുടെ രാജി ആവശ്യപ്പെട്ട് ‘പെമ്പിളൈ ഒരുമൈ’ സമരം രൂക്ഷമാക്കുകയും ചെയ്തു. എന്നിട്ടും എം.എം മണി തന്റെ സ്ത്രീ വിരുദ്ധ നിലപാടിൽനിന്ന് അണുവിട മാറിയിട്ടില്ലെന്നാണ് കെ.കെ രമയ്ക്കെതിരേ നിയമസഭയിൽ നടത്തിയ അധിക്ഷേപത്തിൽനിന്നു മനസിലാകുന്നത്.
തൊഴിലാളി വർഗസമരത്തിന്റെ അടിത്തട്ടിൽനിന്ന് രാഷ്ട്രീയ നേതാവായി വളർന്നുവന്ന ഒരാൾക്ക് ഇത്രമേൽ സ്ത്രീ വിരുദ്ധ നിലപാട് എടുക്കാൻ കഴിയുമോ? മന്ത്രിപദത്തിൽ വരെ എത്തിയ മണിയുടെ വിടുവായത്തങ്ങൾ നാട്ടുമൊഴി വഴക്കത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ല. സ്ത്രീസുരക്ഷയ്ക്കു വേണ്ടി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയുടെ അധികാരാരോഹണത്തെത്തുടർന്ന് ആ പാർട്ടിയിലെ മുതിർന്ന നേതാവിൽനിന്ന് സ്ത്രീകളെ നിന്ദ്യമായ ഭാഷയിൽ അപമാനിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ന്യായീകരിക്കാനാവുക.സ്ത്രീകൾ ഇന്ന് ഏറ്റവുമധികം അപമാനിക്കപ്പെടുന്നത് എം.എം മണിയെപ്പോലുള്ളവരുടെ കങ്കാണി ഭാഷയാലാണ്. തൊഴിലാളി പ്രസ്ഥാനത്തിൽനിന്നു ജന്മം കൊണ്ടതാണ് എം.എം മണിയുടെ ചരിത്രം. കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ മുണ്ടക്കൽ മാധവന്റെയും ജാനകിയുടെയും തൊഴിലാളി കുടുംബത്തിൽ ഏഴു മക്കളിൽ ഒന്നാമനായാണ് മണി ജനിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഹൈറേഞ്ചിലെത്തിയ മണിയുടെ കുടുംബത്തിന് പട്ടിണി കാരണം മണിയെ തുടർന്ന് പഠിപ്പിക്കാനായില്ല. ചെറുപ്രായത്തിൽ തോട്ടത്തിൽ കൂലിവേല ചെയ്തു വളർന്നുവന്ന മണി തൊഴിലാളി നേതാവായി ഉയരുകയായിരുന്നു. ഇന്ന് രണ്ട് കോടി 82 ലക്ഷം രൂപയുടേയും ഭൂസ്വത്തിന്റേയും ഉടമയാണ് ഈ തൊഴിലാളി നേതാവ്. വാമൊഴി വഴക്കമൊന്നും പണം സമ്പാദിക്കുന്നതിൽ മണിക്ക് തടസമായില്ല. തെരഞ്ഞെടുപ്പ് വേളയിൽ മണി തന്നെ വെളിപ്പെടുത്തിയതാണ് ഈ സ്വത്ത് വിവരം.
വർഗപരമായി നോക്കിയാൽ തൊഴിലാളി ജനതയും മണിയും തമ്മിൽ അഭേദ്യമായ വർഗബന്ധം ഉണ്ടാകേണ്ടതാണ്. അങ്ങനെയല്ല മൂന്നാറിലെ തൊഴിലാളി ജനതയും മണിയും തമ്മിൽ ഇന്നുള്ളത്. അടിസ്ഥാനവർഗമായ ‘പെമ്പിളൈ ഒരുമൈ’ കുടിയൊഴിപ്പിക്കലുമായി നടത്തിയ സമരത്തിൽ അടിസ്ഥാനവർഗത്തിന്റെ ചൂരുംചൂടുമുള്ള എം.എം മണി എന്തുകൊണ്ട് അവർക്കൊപ്പം നിന്നില്ല? മാത്രമല്ല അവരെ അവഹേളിക്കാൻ വരെ ഈ തൊഴിലാളി നേതാവ് എന്തുകൊണ്ട് സന്നദ്ധനായി എന്നതും പഠനവിധേയമാക്കേണ്ട വിഷയമാണ്.
അമ്പതുവർഷത്തെ പാർട്ടി പാരമ്പര്യവും തൊഴിലാളി പ്രവർത്തന പാരമ്പര്യവുമായാണ് കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എം മണി മത്സരിച്ചത്. ജയിക്കുകയും മന്ത്രിയാവുകയും ചെയ്തു. തൊഴിലാളി, കീഴാള വർഗത്തിൽനിന്നു മധ്യവർഗത്തിലേക്കും അധികാരത്തിലേക്കുമുള്ള യാത്രയിൽ തൊഴിലാളി വർഗസ്നേഹം മണിയെന്ന കോടീശ്വരനെ, ഭൂസ്വത്ത് ഉടമയെ, വിട്ടൊഴിഞ്ഞു. അല്ലായിരുന്നെങ്കിൽ മൂന്നാറിൽ കിടപ്പാടത്തിനുവേണ്ടി സമരം ചെയ്ത സ്ത്രീകളെ അദ്ദേഹം അധിക്ഷേപിക്കുകയില്ലായിരുന്നു.
മൂന്നാറിൽ മണി വളർന്നതോടൊപ്പം തൊഴിലാളി സഖാക്കൾ വളർന്നില്ല. തേയില തോട്ടങ്ങളിൽ അവരിപ്പോഴും തുച്ഛമായ കൂലിക്കാണ് ജോലി ചെയ്യുന്നത്. ലയങ്ങളിൽ തന്നെയാണ് ഇപ്പോഴും അന്തിയുറങ്ങുന്നത്. ഈ കീഴാള വിഭാഗത്തെ പതിറ്റാണ്ടുകളായി നയിച്ചു കൊണ്ടിരിക്കുന്നത് സി.പി.എമ്മും സി.പി.ഐയുമാണ്. തൊഴിലാളികളിൽനിന്നു വരിസംഖ്യ വാങ്ങി മുതലാളിമാർക്കു വേണ്ടി പ്രവർത്തിച്ചു തടിച്ചു കൊഴുക്കുകയല്ലാതെ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനു മണിയുൾപ്പെട്ട നേതാക്കളിൽനിന്ന് എന്തുപ്രവർത്തനമാണ് ഉണ്ടായത്. തൊഴിലാളി വിരുദ്ധ പ്രസ്ഥാനങ്ങളായി യൂനിയനുകൾക്ക് രൂപാന്തരം സംഭവിച്ചു. അതുകൊണ്ടാണ് എം.എം മണിയിൽനിന്ന് നിരന്തരം സ്ത്രീ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ആക്ഷേപങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.
തൊഴിലാളികളിൽനിന്ന് ഒരു വിഭാഗത്തെ അടർത്തിയെടുത്ത് തോട്ടമുടമകൾ ഭൂരിഭാഗം വരുന്ന തൊഴിലാളികളെ മർദിച്ചൊതുക്കാനും അവർക്കു നേരെ അസഭ്യം പറയാനും ഉപയോഗപ്പെടുത്തിപ്പോന്നു. തൊഴിലാളികളുടെ മനോവികാരങ്ങൾ അറിയാവുന്ന ഈ കങ്കാണിമാർ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ കരുതിപ്പോന്ന തൊഴിലാളി സുഹൃത്തുക്കളെ മുഖത്തടിച്ചും കേട്ടാൽ അറയ്ക്കുന്ന തെറിവാക്കുകൾ പറഞ്ഞും മുതലാളിമാരെ സുഖിപ്പിച്ചു പോന്നു. പുതിയ കാലത്ത് രാഷ്ട്രീയ പാർട്ടി നേതാക്കൾ ആധുനിക മുതലാളിമാരായി മാറുമ്പോൾ അവരെ സുഖിപ്പിക്കുവാനുള്ള കങ്കാണി ഭാഷയല്ലേ എം.എം മണി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.