2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

Editorial

കാരണങ്ങളുണ്ടാക്കി തുടരുന്ന ന്യൂനപക്ഷ ഹത്യ


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കണ്ടെത്തി ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെട്ടവരെയും ദലിതരെയും ക്രൂരമായി വധിക്കുന്നതും ആക്രമിക്കുന്നതും ഹിന്ദുത്വഭീകരര്‍ തുടരുകയാണ്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗോധ്ര സംഭവത്തിന്റെ പേരില്‍ ഗുജറാത്തിലും നടത്തിയ വലിയതോതിലുള്ള കൂട്ടക്കൊലകള്‍ക്കു പുറമെ അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ അതിക്രമങ്ങള്‍ക്കൊക്കെ ഓരോ കാരണങ്ങള്‍ കണ്ടെത്താറുണ്ട്. ഇങ്ങനെ പലതരം ന്യായങ്ങളിലൂടെ രാജ്യത്തുനിന്ന് ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുകയും പിന്നാക്കജാതിക്കാരെ അടിച്ചൊതുക്കി നിര്‍ത്തുകയും ചെയ്യുകയെന്ന സംഘ്പരിവാര്‍ ഫാസിസത്തിന്റെ ഏറ്റവും സുപ്രധാനമായ അജന്‍ഡയിലേക്കാണ് അവര്‍ അടിവച്ചു മുന്നേറുന്നത്.
ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും ചുട്ടുകൊന്നത് മതപരിവര്‍ത്തനത്തിന്റെ പേരുപറഞ്ഞായിരുന്നു. ഇതേ കാരണത്താല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആളുകള്‍ സംഘ്പരിവാര്‍ ആക്രമണത്തിന് ഇരകളായിട്ടുണ്ട്.
കുറച്ചുകാലമായി മാട്ടിറച്ചിയാണ് അവര്‍ കണ്ടെത്തിയ കാരണം. ഇതിന്റെ പേരില്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി കുറേ മുസ്‌ലിംകള്‍ കൊലചെയ്യപ്പെടുകയും ദലിത്‌വിഭാഗക്കാര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ആഗോള തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
അടുത്തകാലത്തായി അവര്‍ ഹിംസയ്ക്കു കണ്ടെത്തിയ മറ്റൊരു കാരണമാണ് ‘ലൗ ജിഹാദ്’ എന്ന് പേരിട്ടു വിളിക്കുന്ന, രണ്ടു സമുദായങ്ങളില്‍പ്പെട്ട പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള പ്രണയവും സൗഹൃദവും. ലൗ ജിഹാദിന്റെ പേരുപറഞ്ഞ് കഴിഞ്ഞദിവസം രാജസ്ഥാനില്‍ ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യത്വത്തിന്റെ കണികയെങ്കിലും മനസില്‍ അവശേഷിക്കുന്നവരെയെല്ലാം നടുക്കുന്നതാണ്. ഒരു ഹിന്ദു സ്ത്രീയുമായി അടുപ്പമുണ്ടെന്നു പറഞ്ഞാണ് അവരുടെ സഹോദരനും കൂട്ടരും ചേര്‍ന്നു ബംഗാളിയായ മുഹമ്മദ് അഫ്‌റസുല്‍ ഖാനെന്ന 47കാരനെ മഴുകൊണ്ടു വെട്ടി വീഴ്ത്തി ദേഹത്തു തീകൊളുത്തി കൊല്ലുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തത്.
ലൗ ജിഹാദ് അവസാനിപ്പിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന പരസ്യഭീഷണിയില്‍ തുടങ്ങുന്ന പ്രസംഗത്തോടു കൂടിയാണു ദൃശ്യങ്ങള്‍. ദൃശ്യത്തില്‍ പാറിപ്പറക്കുന്ന കൊടിയും പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങളും വ്യക്തമാക്കുന്നത് ഈ ക്രൂരത കാട്ടിയതു സംഘ്പരിവാറുകാര്‍ തന്നെയാണെന്നാണ്. പ്രണയിച്ചു മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്ന ഹിന്ദുസ്ത്രീ ഭാര്യയും മൂന്നുകുട്ടികളുടെ അമ്മയുമായ ദരിദ്രതൊഴിലാളിയാണ്.
ഏതെങ്കിലും തരത്തിലുള്ള ഭരണകൂടവും നിയമവ്യവസ്ഥയുമുള്ള രാജ്യത്തു സങ്കല്‍പ്പിക്കാന്‍പോലും സാധിക്കാത്തതാണ് പരസ്യമായ കൊലയും അതിനെ ന്യായീകരിച്ചുകൊണ്ടുള്ള കൊലവിളിയും. ഭീകരത സൃഷ്ടിച്ച അരാജകത്വം നടമാടുന്ന ഐ.എസ് അധീനപ്രദേശങ്ങളില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് ലോകത്തെ ഏറ്റവും വലിയ മതേതര, ജനാധിപത്യ രാഷ്ട്രത്തിനുള്ളില്‍ പട്ടാപ്പകല്‍ അരങ്ങേറുന്നത്. ഭരണകൂടസംവിധാനങ്ങളുടെ പിന്തുണയോ, അത്തരം സംവിധാനങ്ങളെ ചൊല്‍പടിയില്‍ നിര്‍ത്താനുള്ള ശേഷിയോ ഇവര്‍ക്കുണ്ടെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
ഇങ്ങനെ സര്‍വവിധ സന്നാഹങ്ങളോടെയുമാണു ഹിന്ദുത്വ ഫാസിസം മാനവികതയ്ക്കു നേരെ യുദ്ധം പ്രഖ്യാപിക്കുന്നതെന്നു വ്യക്തം.
ജനതയില്‍ ഗണ്യമായ വിഭാഗത്തിന്റെ മനസ് വര്‍ഗീയവല്‍കരിക്കപ്പെട്ട അന്തരീക്ഷത്തില്‍ എളുപ്പത്തില്‍ എടുത്തു പ്രയോഗിക്കാവുന്ന ന്യായങ്ങളില്‍ ഒന്നു മാത്രമാണു ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഇപ്പോള്‍ പറഞ്ഞു നടക്കുന്ന ലൗ ജിഹാദ്. അതിന്റെ സ്വാധീനശേഷി കുറയുമ്പോള്‍ പുതിയ കാരണങ്ങള്‍ വന്നേയ്ക്കും. എന്നാല്‍, മതന്യൂനപക്ഷ, ദലിത് ഹിംസയെന്ന സംഘ്പരിവാര്‍ രാഷ്ട്രീയ അജന്‍ഡ മാറ്റമില്ലാതെ മുന്നോട്ടുപോകുമെന്നും ദിനംപ്രതി അതിക്രമങ്ങള്‍ കൂടിവരുമെന്നുമാണു പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയുമൊക്കെ അവര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.
അതിനെ പിടിച്ചുകെട്ടുകയെന്ന മിനിമം അജന്‍ഡയില്‍ രാജ്യത്തെ മതേതരമനസുള്ള എല്ലാവരും മറ്റെല്ലാ ഭിന്നതകളും മറന്നു യോജിക്കേണ്ട സമയം വൈകുകയാണ്, വൈകിക്കൊണ്ടേയിരിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.