മൂന്ന് ദിവസത്തിനുള്ളിൽ 35000 രജിസ്‌ട്രേഷൻ, ആൻഡ്രോയിഡ് ആപ് ഉടൻ
മക്ക: കനത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പുനഃരാരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉംറ തീർത്ഥാടനം ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാഴ്ച്ച പിന്നിടാതെ ഒരാൾക്ക് തന്നെ രണ്ടാമതൊരു ഉംറക്ക് അനുവാദം നൽകുകയില്ലെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലെ ചീഫ് പ്ലാനിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ ഡോ: അംറ് അൽ മദ്ദ അറിയിച്ചു. രണ്ട് തവണ ഉംറ തീർത്ഥാടനം അനുവദിക്കപ്പെടുമെന്നും എന്നാൽ, ഇതിനായി ആദ്യ ഉംറ കഴിഞു 14 ദിവസം കാത്തിരിക്കണമെന്നും അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോൾ ഐഒഎസിൽ ലഭ്യമായ “ഇഅ്തമര്‍നാ” ഉംറ ആപ് ഉടൻ തന്നെ ആൻഡ്രോയിഡ് മൊബൈലിലും ലഭ്യമാകും. ആപ്പിൾ, ആൻഡ്രോയിഡ് എന്നിവിടങ്ങളിൽ ഒരേ സമയം സമർപ്പിച്ച ആപ്പ് ആൻഡ്രോയിഡ് പോളിസി മൂലമാണ് വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൂടുതൽ തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനെ കുറിച്ച് മന്ത്രാലയം പഠനം നടത്തിവരികയാണ്. ഒക്ടോബർ നാലിന് പുനഃരാരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ദിനംപ്രതി ആറായിരം തീര്ഥാടകർക്കാണ് അനുമതി. 500 പേരടങ്ങുന്ന തീർത്ഥാടക സംഘം മൂന്ന് മണിക്കൂറിനുള്ളിൽ ഉംറ പൂർത്തീകരിക്കണം. ഞായാറാഴ്ച ആരംഭിച്ച ഉംറ രജിസ്‌ട്രേഷൻ മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും 35000 തീർത്ഥാടകർ രജിസ്‌ട്രേഷൻ നടത്തി.
സുബ്ഹി, മഗ്‌രിബ് നിസ്‌കാര സമയങ്ങളിൽ ഉംറ തീർത്ഥാടകരെ അനുവദിക്കില്ല. ഈ സമയത്ത് അണുനശീകരണം നടത്താനും ക്ളീനിംഗിനുമായാണ് ഉപയോഗപ്പെടുത്തുക. അർദ്ധ രാത്രിയായിരിക്കും ഉംറ ആരംഭിക്കുന്നത്. ഓരോ സംഘവും തീർത്ഥാടനം പൂർത്തീകരിച്ച ശേഷം അണുനശീകരണം നടത്തും. ഓരോ ഗ്രൂപ്പിലും തീർത്ഥാടകർ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പ് വരുത്താൻ പ്രത്യേകം സൂപ്പർവൈസർമാർ ഉണ്ടാകും. വൈറസ് ബാധിതരെയോ ലക്ഷണങ്ങൾ കാണുന്നവരെയോ പാർപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജമാണ്. ആദ്യ ഘട്ടത്തിലെ പോരായ്‌മകൾ പരിഹരിച്ചായിരിക്കും രണ്ടാഴ്ച്ച കഴിഞ്ഞു രണ്ടാം ഘട്ടം ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 18 നും 65 ഇടയിലുള്ളവർക്ക് മാത്രമേ ഇപ്പോൾ അനുവാദം നല്കുകയുള്ളൂവെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
അതേസമയം, ഉംറ തീർത്ഥാടകരെ സ്വീകരിക്കാൻ എല്ലാ മീഖാത്തുകളും സജ്ജമാണെന്നും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മതകാര്യ വകുപ്പ് മന്ത്രി ഡോ: അബ്ദുല്ലത്വീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് പറഞ്ഞു. ആരോഗ്യ പെരുമാറ്റചട്ടങ്ങൾക്ക് അനുസൃതമായാണ് പള്ളികളും ‘മീഖാത്തു’കളും പ്രവർത്തന സജ്ജമാക്കുന്നത്. മീഖാത്തുകളിൽ പ്രബോധകരെ നിയോഗിക്കുമെന്നും റിപ്പയറിങ് ജോലികളും സേവനങ്ങളും നിരീക്ഷിക്കുന്നതിന് സൂപ്പർവൈസർമാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.