
തിരുവനന്തപുരം; മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കിടെ പൊലിസിനെതിരേ മരുമകന് കൂടിയായ മന്ത്രി മുഹമ്മദ് റിയാസും രംഗത്ത്. പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ സ്വീഡിഷ് പൗരന് സ്റ്റീവന്‍ ആസ്ബര്‍ഗിനെ കോവളത്ത് തടഞ്ഞുനിര്‍ത്തി അപമാനിച്ച സംഭവത്തില്‍ കടുത്ത ഭാഷയിലാണ് മന്ത്രി റിയാസ് പൊലിസിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്. പൊലിസ് സംവിധാനത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ പോലും ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്ത്തുന്നതിനിടയിലാണ് പൊലിസിനെതിരേ ടൂറിസം മന്ത്രി കൂടിയായ റിയാസും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്നോട്ടുവന്നത്.
പൊലിസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇത് സര്‍ക്കാരിന്റെ നയമല്ലെന്നും മന്ത്രി റിയാസ് പറഞ്ഞു. സര്‍ക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്നത് അനുവദിക്കില്ല. പൊലിസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന ആഭ്യന്തരവകുപ്പിന് കീഴിലുള്ള പൊലിസ് സേനയെ മന്ത്രി റിയാസ് വിമര്‍ശിക്കുന്നത്.
ഒരു ഭാഗത്ത് വളരെ കഠിനാധ്വാനം ചെയ്ത് വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ള ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്ഷിപ്പിച്ചുവരികയാണ്. അതിനായി പുതിയ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. കൊവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടണം. മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലുവര്‍ഷമായി താമസിക്കുന്ന സ്വീഡിഷ് പൗരന് സ്റ്റീവന്‍ ആസ്ബര്‍ഗിനെ കഴിഞ്ഞദിവസമാണ് ബെവ്കോ മദ്യവില്പന കേന്ദ്രത്തില്‍നിന്ന് അനുവദനീയ അളവില്‍ മദ്യം വാങ്ങിവരുന്നതിനിടെ പൊലിസ് തടഞ്ഞത്. ബില്‍ ചോദിച്ചാണ് പൊലിസ് സ്റ്റീവിനെ തടഞ്ഞത്. ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പൊലിസ് പറഞ്ഞതോടെ രണ്ടു കുപ്പി മദ്യം ഇദ്ദേഹം റോഡില്‍ ഒഴുക്കി. തിരികെപ്പോയി ബില്ലുമായി വന്നശേഷമാണ് മൂന്നാമത്തെ കുപ്പി കൊണ്ടുപോകാന്‍ പൊലിസ് അനുവദിച്ചത്.