2023 March 29 Wednesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

താലൂക്ക് ഓഫിസിലെ കൂട്ട അവധി; കര്‍ശന നടപടിയെന്ന് റവന്യൂമന്ത്രി

പത്തനംതിട്ട: കൂട്ട അവധിയെടുത്ത് കോന്നി താലൂക്ക് ഓഫിസ് ജീവനക്കാര്‍ വിനേദയാത്ര പോയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. അന്വേഷണത്തിന് പത്തനംതിട്ട കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റക്കാരായ ജീവനക്കാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

‘ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് ഗുരുതര വിഷയമാണ്. സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി. വിശദ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം നല്‍കണം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. 

കൂട്ട അവധിയെടുത്ത് കോന്നി താലൂക്ക് ഓഫിസ് ജിവനക്കാരാണ് വിനേദയാത്ര പോയത്. 60 ജീവനക്കാരുള്ള ഓഫിസില്‍ 21 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. 39 പേര്‍ അവധിയിലായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയ ജനങ്ങള്‍ ബുദ്ധിമുട്ടിലായി.

അതേസമയം, സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് കോന്നി എം.എല്‍.എ കെ.യു ജനീഷ് കുമാര്‍ അറിയിച്ചു. ജീവനക്കാരുടെ കൂട്ട അവധി ധാര്‍ഷ്ട്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 60 ജീവനക്കാരുള്ള ഓഫിസില്‍ 21 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. 39 പേര്‍ അവധിയിലാണ്. ഇതില്‍ 19 പേര്‍ മാത്രമേ അവധിക്ക് അപേക്ഷിച്ചിട്ടുള്ളു. രണ്ടുപേര്‍ അനധികൃതമായി അവധിയെടുത്തുവെന്നും എം.എല്‍.എ ആരോപിച്ചു. റവന്യൂ മന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ജനങ്ങളെ വലയ്ക്കുന്ന ഇത്തരം നടപടികള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് എടുക്കുന്നതില്‍ തടസമില്ല. എന്നാല്‍ ഇത്രയേറെപ്പേര്‍ക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.