തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ പട്ടിക കരട് പട്ടികയാക്കാനും അയോഗ്യരായവരെ വീണ്ടും ഉള്‍പ്പെടുത്താന്‍ വഴിവെച്ച അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാനും നിര്‍ദേശിച്ചത് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ബിന്ദുവാണെന്നതിന്റെ രേഖകള്‍ പുറത്ത്. യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.
പ്രിന്‍സിപ്പല്‍ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് നിര്‍ണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 43 പേരുടെ പട്ടിക ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമര്‍പ്പിച്ച ശിപാര്‍ശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടന്ന വിവരം പുറത്ത് വരുന്നത്. 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉള്‍ക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീല്‍ കമ്മിറ്റി രൂപീകരണത്തിന്റെ കാരണം ഈ ഇടപെടലായിരുന്നു. ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയില്‍ നിന്ന് പ്രിന്‍സിപ്പല്‍ നിയമനം നല്‍കുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബര്‍ 12നാണ് മന്ത്രി ആര്‍ ബിന്ദു ഫയലില്‍ എഴുതിയത്. സെലക്ഷന്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂര്‍ണ ഫയല്‍ ഹാജരാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
യുജിസി റഗുലേഷന്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാന്‍ വ്യവസ്ഥയില്ല. മന്ത്രിയുടെ നിര്‍ദേശ പ്രകാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്. 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. കഴിഞ്ഞ 24ന് ട്രൈബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതികള്‍ തീര്‍പ്പാക്കാനാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
Comments are closed for this post.