ന്യൂഡല്‍ഹി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ച് സുപ്രിംകോടതി. പുനരന്വേഷണം നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷിയ്ക്കും സുപ്രിംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
അഭിഭാഷകനായിരിക്കെ ലഹരിമരുന്നു കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന ആന്റണി രാജുവിനെതിരായ കേസിലെ തുടര്‍നടപടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്‌ഐആര്‍. റദ്ദാക്കിയെങ്കിലും കോടതിക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഇതേതുടര്‍ന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി പുനരന്വേഷണം ആരംഭിച്ചത്.ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. 1990 ഏപ്രില്‍ 4നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്നു രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Comments are closed for this post.