2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്ഥാനാര്‍ഥി നിര്‍ണയത്തിലും ‘യുടേണ്‍’; തരൂരില്‍ മന്ത്രി ബാലന്റെ ഭാര്യ വേണ്ടെന്ന് ജില്ലാ നേതൃത്വം

പാലക്കാട്: എതിര്‍പ്പ് ശക്തമായതോടെ തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ ഒഴിവാക്കി. ഡി.വൈ.എഫ്.ഐ നേതാവ് പിപി സുമോദാകും സ്ഥാനാര്‍ഥിയെന്നാണ് റിപ്പോര്‍ട്ട്.

ജമീലയെ ഇറിക്കിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യോഗങ്ങളില്‍ ഭൂരിപക്ഷം നേതാക്കളും പറഞ്ഞെതെന്നാണ് സൂചന.

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ജമീലയെ ഒഴിവാക്കിയത്. ജമീലയെ മത്സരിപ്പിച്ചാല്‍ എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം. നേരത്തെ തരൂര്‍ മണ്ഡലത്തിലേക്ക് ജമീലയുടെ പേരും കോങ്ങാട് മണ്ഡലത്തിലേക്ക് സുമോദിന്റെ പേരുമാണ് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നത്.

ജമീല മത്സരിക്കുന്നത് എല്ലാ മണ്ഡലങ്ങളിലും ദോഷകരമായി ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റിയംഗങ്ങള്‍ യോഗത്തെ അറിയിച്ചു. തുടര്‍ന്നാണ് പുതിയ തീരുമാനം നടത്തിയത്.

തരൂരിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെ പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായി.

ജമീല സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ പാലക്കാട് നഗരത്തിലും തരൂരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മണ്ഡലം കുടുംബ സ്വത്താക്കി മാറ്റാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നായിരുന്നു പോസ്റ്ററിലെ ഭീഷണി. മന്ത്രിയുടെ വീടിന്റെ പരിസരം, സിപിഎം ഓഫീസ്, പ്രസ് ക്ലബ് എന്നിവയുടെ പരിസരങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘അധികാരമില്ലാതെ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേല്‍പ്പിക്കല്‍ തുടര്‍ഭരണം ഇല്ലാതാക്കും,’ എന്നായിരുന്നു പോസ്റ്ററില്‍ പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി ബാലന്‍ രംഗത്തുവന്നു. പോസ്റ്റര്‍ പതിച്ചത് ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി പറഞ്ഞു. സേവ് സിപിഎം എന്ന കൂട്ടായ്മ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കേരളത്തിലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച സംഘടനയാണത്. തെരഞ്ഞെടുപ്പ് കാലത്ത് രംഗത്തു വരുന്നതിന്റെ ഉദ്ദേശം അറിയാമെന്നും മന്ത്രി പ്രതികരിച്ചു.

ഹെല്‍ത്ത് ഡയറക്ടറായി റിട്ടയര്‍ ചെയ്ത ജമീലയെ നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പികെ ദാസ് മെഡിക്കല്‍ കോളജിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നതും പിന്നീട് ആരോഗ്യ വകുപ്പിന് കീഴിലുള്ള ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചതും വിവാദമുയര്‍ത്തിയിരുന്നു.

തരൂര്‍ നിയമസഭാ മണ്ഡലത്തെ 2011 മുതല്‍ എ കെ ബാലനാണ് പ്രതിനിധീകരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി പ്രകാശിനെ 67,047 വോട്ടുകള്‍ക്കാണ് ബാലന്‍ തോല്‍പ്പിച്ചത്. നാലുതവണ തുടര്‍ച്ചയായി മത്സരിച്ചതിനാലാണ് എകെ ബാലനെ മാറ്റിനിര്‍ത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.