2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കാണാം-മൈക്കല്‍ നെസറിന്റെ വിവാദ ക്യാച്ച്; ക്രിക്കറ്റ് നിയമങ്ങളെച്ചൊല്ലി തര്‍ക്കം

സിഡ്‌നി: ഞായറാഴ്ച നടന്ന ബിഗ് ബാഷ് ലീഗിലെ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സ്-സിഡ്‌നി സിക്‌സേഴ്‌സ് മല്‍സരം ക്രിക്കറ്റ് നിയമങ്ങളെച്ചൊല്ലിയുള്ള പുതിയ തര്‍ക്കത്തിന് തുടക്കമിട്ടു. ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സ് താരം മൈക്കല്‍ നെസറിന്റെ ക്യാച്ചാണ് വിവാദമായത്.

സിഡ്‌നിയുടെ ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ സ്റ്റെക്കെറ്റിയുടെ പന്തില്‍ ജോര്‍ദാന്‍ സില്‍ക്ക് ലോങ് ഓഫിലേക്ക് കൂറ്റന്‍ ഷോട്ട് കളിച്ചു. പന്ത് പിടിച്ചെടുത്ത് ബൗണ്ടറി ലൈനിന് മുകളിലൂടെ എറിയാന്‍ നെസര്‍ ഉജ്വല ശ്രമം നടത്തി. എന്നാല്‍ പന്ത് അപ്പോഴും ബൗണ്ടറി റോപ്പിന് പുറത്തായിരുന്നു. വീണ്ടും കുതിച്ച നെസര്‍ ഒരിക്കല്‍ കൂടി ക്യാച്ച് ചെയ്ത് പന്ത് ഗ്രൗണ്ടിലേക്ക് തിരികെ എറിഞ്ഞു. റോപ്പിനുള്ളിലേക്ക് ഓടിക്കയറി വീണ്ടുമൊരു ക്യാച്ച്!.

ചെറിയ ആശയക്കുഴപ്പത്തിന് ശേഷം, അമ്പയര്‍ ഔട്ട് വിധിച്ചു. സില്‍ക്ക് 41 റണ്‍സിന് പുറത്താവുകയും ചെയ്തു. ഈ തീരുമാനമാണ് ക്രിക്കറ്റ് നിയമങ്ങളെച്ചൊല്ലിയുള്ള പുതിയ തര്‍ക്കത്തിന് കാരണമായത്. അമ്പയറുടെ വിധി പലക്കും ഇഷ്ടപ്പെട്ടില്ല. എന്നാല്‍പ്പിന്നെ എല്ലാ ഫീല്‍ഡര്‍മാരെയും ബൗണ്ടറി ലൈനിന് പുറത്ത് നിര്‍ത്തി പന്ത് വരുമ്പോള്‍ ചാടിപ്പിടിക്കാന്‍ പറഞ്ഞാല്‍ പോരെ എന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടത്.

അങ്ങനെ, പന്ത് വായുവിലേക്ക് എറിഞ്ഞുകൊണ്ട് നെസറിന് 10 മിനിറ്റ് അവിടെ നില്‍ക്കാന്‍ കഴിഞ്ഞു! നിയമത്തിന്റെ എത്ര പരിഹാസ്യമായ വ്യാഖ്യാനം !!,’ മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടു.

‘ഔട്ടായാലും അല്ലെങ്കിലും നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്, ബൗണ്ടറി റോപ്പിന് പുറത്തുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് നെസര്‍ ക്യാച്ചെടുത്തത്. അതിര്‍ത്തിക്ക് പുറത്ത് ചാടുന്നത് / ടേക്ക് ഓഫ് ചെയ്യുന്നത് നിയമവിരുദ്ധവും സിക്‌സറായി കണക്കാക്കേണ്ടതുമാണ്. ഫീല്‍ഡര്‍മാര്‍ക്ക് കളിക്കളത്തിനു പുറത്തെ മറ്റൊന്നും ഉപയോഗിക്കാന്‍ കഴിയില്ല. ഇത് മികച്ച ഫീല്‍ഡിംഗ് അല്ല- ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സിനെതിരേ ബ്രിസ്‌ബേന്‍ ഹീറ്റ്‌സ് 15 റണ്‍സിന്റെ വിജയംനേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.