
ഇന്ത്യന്‍ നിരത്തുകളില്‍ കുറഞ്ഞകാലം കൊണ്ട് ഏറെ ജനപ്രിയമായ കാറാണ് മോറിസ് ഗാര്ജസിന്റെ എസ്.യു.വി കാറുകള്‍. വിലയിലും ഫീച്ചറുകളിലും അമ്പരപ്പിച്ചുകൊണ്ടാണ് എം.ജി ഹെക്ടറും എം.ജി ഗ്ലോസ്റ്ററും നിരത്തുകള്‍ പിടിച്ചടക്കിയത്. ആളുകളുടെ വാഹന ഇഷ്ടം മാറിയതോടൊപ്പം ചേര്‍ന്നതോടെയാണ് എം.ജി അടക്കമുള്ള എസ്.യു.വി, കോംപാക്ട് എസ്.യു.വി കമ്പനികള്‍ക്ക് വലിയ നേട്ടമുണ്ടാക്കാനായത്. ഇപ്പോഴിതാണ് അതിശയിപ്പിക്കുന്ന വിലയില്‍, വമ്പന്‍ ഫീച്ചറുകളുമായി കോംപാക്ട് എസ്.യു.വി കാര്‍ അവതരിപ്പിച്ചിരിക്കുകയാണ് എം.ജി മോട്ടോര്‍ ഇന്ത്യ.
ആസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന മോഡലിന്റെ വില 9.78 ലക്ഷം മുതല്‍ 16.78 ലക്ഷം വരെയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 5000 പേര്‍ക്കാവും ഈ വില ബാധകമാവുക. പിന്നീടുള്ള ബുക്കിങ്ങുകള്‍ക്ക് വില കൂടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സുരക്ഷയില്‍ തന്നെയാണ് എം.ജി ആസ്റ്റര്‍ പ്രധാനശ്രദ്ധ കൊടുത്തിരിക്കുന്നത്. വിലകൂടി വാഹനങ്ങളില്‍ മാത്രം സജ്ജീകരിച്ചിരുന്ന ഒട്ടേറെ സംവിധാനങ്ങള്‍ വെറും 9.78 ലക്ഷത്തില്‍ ആരംഭിക്കുന്ന കാറില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നതാണ് ആകര്‍ഷിക്കുന്ന ഘടകം. ലെവല്‍ 2 എ.ഡി.എ.എസ് സംവിധാനമാണ് ആസ്റ്ററില്‍ സുരക്ഷയൊരുക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് സംവിധാനത്തിലുള്ള പേഴ്സണ്‍ അസിസ്റ്റന്റ് സജ്ജീകരണവും പുതുമയുള്ളതാണ്.
സെഡ്.എസ് ഇ.വി മോഡലില്‍ നിന്ന് വലിയ വ്യത്യാസമില്ലാതെയാണ് എം.ജി ആസ്റ്ററിന്റെ ഡിസൈന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. സെലസ്റ്റ്യല്‍ പാറ്റേണ്‍ ഗ്രില്‍, എല്‍.ഇ.ഡി ഹോക്കെയി പ്രെജക്ടര്‍ ഹെഡ്ലാംപുകള്, പകല്‍സമയ റണ്ണിങ് ലൈറ്റ് തുടങ്ങിയ പ്രത്യേകതകളും വേറെ. 17 ഇന്റ് ടര്‍ബൈന്‍ മെഷീന്‍ഡ് അലോയ് വീലുകളും റീഫ് റെയിലും എസ്.യു.വിയുടെ എടുപ്പ് നല്‍കുന്നുണ്ട്.
1.4 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന്, 1.5 ലിറ്റര്‍ ഫോണ്‍ സിലിണ്ടര്‍ പെട്രോള്‍ തുടങ്ങി രണ്ട് വേരിയന്റുകളാണ് കാറിനുള്ളത്.
ഡ്രൈവിങ് കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വാഹനത്തിന്റെ ഗതിയും പുറത്തെ സ്ഥിതിയും അറിഞ്ഞുള്ള ഓട്ടോണമസ് ഡ്രൈവിങ് സഹായിയാണ് വലിയ പ്രത്യേകത. ഇത്രയും കുറഞ്ഞ വിലയ്ക്കുള്ള കാറില്‍ വമ്പന്‍ വാഹനങ്ങളിലെ ഫീച്ചര്‍ അവതരിപ്പിക്കുന്നുവെന്നതാണ് പ്രത്യേകത. ഇതിനായി ക്യാമറകളും മുന്നിലും പിന്നിലും സെന്‍സറുകളും റഡാറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലെയിന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിങ്, ലെയിന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളെല്ലാം സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.