2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അവതരണ രീതി പ്രധാനം

മുഹമ്മദ്


തേന്‍ വ്യാപാരി ഫോണ്‍ വ്യാപാരിയോട് ചോദിച്ചു:
‘എന്തുകൊണ്ടാണ് താങ്കള്‍ക്ക് എനിക്കില്ലാത്ത കച്ചവടം കിട്ടുന്നത്? നിങ്ങളുടെ കടയില്‍ വരുന്നവരുടെ നാലിലൊന്നുപോലും എന്റെ കടയില്‍ വരുന്നില്ലല്ലോ!’
ഫോണ്‍ വ്യാപാരി പറഞ്ഞു: ‘ഞാന്‍ തേന്‍വാക്കുകള്‍ പറഞ്ഞാണ് ഫോണ്‍വില്‍പന നടത്തുക. താങ്കള്‍ കുത്തുവാക്കുകള്‍ പറഞ്ഞാണ് തേന്‍ വില്‍ക്കുക. അതുതന്നെ കാരണം.’


പറയുന്നത് വേദവാക്യങ്ങളാണെങ്കില്‍ പോലും പറയുന്ന രീതി വേദനിപ്പിക്കുന്ന വിധത്തിലാണെങ്കില്‍ കേള്‍ക്കാനാളുകളുണ്ടാകില്ല. പറയുന്നത് പൊയ്‌വാക്കുകളാണെങ്കിലും പറയുന്ന രീതി ‘പൊളിച്ചടക്കുന്ന’ വിധത്തിലാണെങ്കില്‍ കേള്‍ക്കാനാളുകളെമ്പാടും കാണും.

   


പിശാച് പ്രബോധനം ചെയ്യുന്നത് അപകടംപിടിച്ച കാര്യങ്ങളാണെന്നതില്‍ സംശയമേതുമില്ല. എന്നിട്ടും അവന്റെ ബോധനങ്ങളില്‍ ആളുകള്‍ വീണുപോകുന്നു.
എന്തുകൊണ്ട്?


അവതരണരീതി തന്നെ. ഏറ്റവും അപകടകരമായ കാര്യങ്ങള്‍പോലും ഏറ്റവും ആകര്‍ഷകമായ വിധത്തിലാണവന്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ അപകടമല്ല, അവന്റെ അവതരണരീതിയാണ് ആളുകള്‍ ശ്രദ്ധിക്കുന്നത്.
അവതരണ രീതി ആകര്‍ഷകമാക്കിയാല്‍ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍പോലും ആകൃഷ്ടരാകും. മോട്ടുകാണിക്കുന്ന മൃഗത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നതിനു പകരം അതിനിഷ്ടമുള്ള ഭക്ഷ്യവസ്തുക്കള്‍ വച്ചുനീട്ടിനോക്കൂ. മോട്ടില്‍നിന്നു വിരമിച്ച് അതു മുന്നോട്ടുവരും.


ശുദ്ധജലം ശുദ്ധജലം തന്നെ. അതൊഴുകുന്നത് അഴുക്കു ചാലിലൂടെയാണെങ്കില്‍ ഉപയോഗിക്കാന്‍ ആരെങ്കിലും തയാറാകുമോ? കട ഏറ്റവും മികച്ച രീതിയില്‍ നവീകരിച്ചുവെന്നു കരുതുക. നാടുനീളെ പരസ്യങ്ങള്‍ നല്‍കി. കണക്കിലേറെ കച്ചവടവസ്തുക്കളുമിറക്കി. കണ്ടാല്‍ ആരെയും ആകര്‍ഷിപ്പിക്കുന്ന പൊലിമകള്‍. എന്നിട്ടും കച്ചവടക്കാരന്‍ പരുഷസ്വഭാവിയാണെങ്കില്‍ എന്തു ചെയ്യും? ഉപഭോക്താക്കള്‍ സഹകരിക്കുമോ?


മുഖത്തു പുഞ്ചിരി വരുത്താന്‍ കഴിയില്ലെങ്കില്‍ കച്ചവടം തുടങ്ങരുതെന്നു പറയാറുണ്ട്. കച്ചവടം നടക്കണമെങ്കില്‍ കടയും കടയിലെ വസ്തുക്കളും മാത്രം നന്നായതുകൊണ്ടു കാര്യമില്ല; കച്ചവടക്കാരനും നന്നാകണം. ഉപഭോക്താവിനെ തന്റെ വീട്ടില്‍ വന്ന അതിഥിയായി കാണുന്നവരും വീട്ടില്‍ വന്ന ഭിക്ഷക്കാരനായി കാണുന്നവരുമുണ്ട്. അതിഥിയായി കാണുന്നവനു മികച്ച കച്ചവടം കിട്ടും. ഭിക്ഷക്കാരനായി കാണുന്നവനു മൂലധനംപോലും നഷ്ടപ്പെട്ടേക്കും.


എന്ത് എന്നതല്ല, എങ്ങനെ എന്നതാണ് പ്രധാനം. അവതരണരീതി ആകര്‍ഷകമെങ്കില്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത വിഷയങ്ങള്‍പോലും കേട്ടിരുന്നുപോകും. അവതരണരീതി അനാകര്‍ഷകമെങ്കില്‍ കേള്‍ക്കാനിമ്പമുള്ള വിഷയങ്ങള്‍പോലും കേള്‍ക്കാന്‍ മടിച്ചുപോകും. അധ്യാപകന്‍ ഇഷ്ടഭാജനമായതിനാല്‍ അദ്ദേഹം എടുക്കുന്ന വിഷയം-അതെത്ര കഠിനമാണെങ്കില്‍ പോലും-ഇഷ്ടവിഷയമായ വിദ്യാര്‍ഥികളെ കാണാം. അധ്യാപകന്‍ കണ്ണിലെ കരടായതിനാല്‍ അദ്ദേഹം എടുക്കുന്ന വിഷയം-അതെത്ര ലളിതമാണെങ്കിലും-അനിഷ്ടവിഷയമായ വിദ്യാര്‍ഥികളെയും കാണാം.


ചിലര്‍ പറയും, ഞാന്‍ മുഖം നോക്കാതെ ഉള്ളതു പറയുമെന്ന്. ഉള്ളത് ഉള്ളതുപോലെ പറയുന്നത് വലിയ യോഗ്യത തന്നെ. പക്ഷേ, പറയേണ്ടവിധം പറയുമ്പോഴാണ് ആ യോഗ്യത ഫലപ്രദമാവുക. വെടിവയ്ക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ, കുറിക്കുകൊള്ളുംവിധം വയ്ക്കാനും പഠിക്കണം. വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്നതിനു മുമ്പ് പറയുന്നത് പറയേണ്ട വിധത്തിലാക്കാന്‍ ശ്രമിക്കണം.


ചിലര്‍ക്കു കാണാന്‍ സൗന്ദര്യമുണ്ടാകും. പക്ഷേ, ആരും അവരിലേക്ക് അടുക്കില്ല. വേറെചിലര്‍ കാണാന്‍ തീരെ കൊള്ളില്ല. എന്നാലും ആളുകള്‍ അവരെ തേടി ദൂരെദിക്കുകളില്‍നിന്നുപോലും ത്യാഗം സഹിച്ച് വണ്ടികയറും. ഒരാള്‍ എന്താണ് എന്നതിനല്ല, എങ്ങനെയാണ് എന്നതിനാണു പരിഗണന. പുതിയ അധ്യാപകന്‍ വന്നാല്‍ കുട്ടികളുടെ ചോദ്യം അയാള്‍ എന്താണ് എന്നല്ല, എങ്ങനെയാണ് എന്നാണ്.
ഒരാള്‍ എന്താണെന്നതിനപ്പുറം എങ്ങനെയാണെന്നാണ് അഭിമുഖപരീക്ഷകളില്‍ പരിശോധിക്കപ്പെടുന്നത്. ഒരാള്‍ എന്താണെന്നറിയാന്‍ ബയോഡാറ്റ വായിച്ചാല്‍ മതി. എങ്ങനെയാണെന്നറിയാന്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റല്ല, കൂടെയുള്ളവരുടെ സര്‍ട്ടിഫിക്കറ്റാണ് ആവശ്യം.


ചിന്തകള്‍ ചരക്കുകളാണെങ്കില്‍ അതു വിറ്റഴിക്കാന്‍ മികച്ച രീതികള്‍ അവലംബിക്കേണ്ടതുണ്ട്. നല്ല ചിന്തകള്‍ ചീത്ത അവതരണശൈലികൊണ്ട് ചീത്തയായിപ്പോകും. ചീത്ത ചിന്തകള്‍ ചീത്ത അവതരണശൈലികൊണ്ട് വീണ്ടും ചീത്തയാകും. ചിന്തയും ചീത്ത, അവതരണവും ചീത്ത. അങ്ങനെ വരുമ്പോള്‍ ചീഞ്ഞുനാറലാണുണ്ടാവുക. ചരക്കുകള്‍ നന്നാക്കുക. അതോടൊപ്പം വിറ്റഴിക്കുന്ന രീതിയും നന്നാക്കുക. മാര്‍ക്കറ്റിലെ രാജാവ് നിങ്ങള്‍ തന്നെയായിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.