ബാഴ്‌സലോണ: ഏറെ ദിവസത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ലയണല്‍ മെസ്സിയുടെ കാര്യത്തില്‍ തീരുമാനമായി. മെസ്സി ബാഴ്‌സലോണയില്‍ തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഒരാഴ്ച മുമ്പ് മെസ്സി തന്നെയായിരുന്നു ക്ലബ് വിടണമെന്നാവശ്യപ്പെട്ട് ബാഴ്‌സലോണ ക്ലബ് അധികാരികള്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ പിന്നീട് ഇക്കാര്യത്തെ കുറിച്ച് കൃത്യമായ ഒരു വിവരവും എവിടെ നിന്നു ലഭിച്ചിരുന്നില്ല. ലയണല്‍ മെസ്സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മെസ്സി ക്ലബ് വിടുമെന്ന് ഉറപ്പായതോടെ ബാഴ്‌സലോണ അധികൃതര്‍ താരത്തിന്റെ റിലീസ് ക്ലോസായ 700 കോടി യൂറോ നല്‍കണമെന്നാവശ്യപ്പെട്ടു. ലാലിഗയും ഈ തീരുമാനത്തില്‍ ഉറച്ച് നിന്നതോടെയാണ് മെസ്സിയുടെ ക്ലബ് മാറ്റം അനിശ്ചിതത്വത്തിലായത്. ഇത്രയും വലിയ തുക ഈ കൊവിഡ് സാഹചര്യത്തില്‍ മുടക്കാന്‍ ഒരു ക്ലബും തയ്യാറാവാത്തതും മെസ്സിക്ക് തിരിച്ചടിയായി. അവസാന ശ്രമത്തിന് വേണ്ടി മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സിയും താരത്തിന്റെ അഭിഭാഷകനും ബാഴ്‌സലോണ അധികൃതരുമായി സംസാരിച്ചു. എന്നാല്‍ ക്ലബ് റിലീസ് ക്ലോസ് നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
ക്ലബുമായി തെറ്റിപ്പിരിഞ്ഞു പോകാന്‍ താരത്തിന് താല്‍പര്യമില്ലാത്തതും മെസ്സിയുടെ കൂടുമാറ്റത്തെ ബാധിച്ചു. കരാര്‍ അവസാനിച്ച് മെസ്സി ക്ലബ് വിടുകയാണെങ്കില്‍ താരത്തിന് വലിയ യാത്രയയപ്പ് ഒരുക്കാമെന്നും ക്ലബ് അറിയിച്ചതായാണ് വിവരം. ആവശ്യമാണെങ്കില്‍ മെസ്സിക്ക് കരാര്‍ നീട്ടി നല്‍കുമെന്നും ബാഴ്‌സലോണ ബോര്‍ഡ് മെസ്സിയുടെ പിതാവിനെ അറിയിച്ചതായാണ് വിവരം.
ബാഴ്‌സലോണ റിലീസ് ക്ലോസ് നല്‍കണമെന്നതില്‍ ഉറച്ചു നിന്നതോടെ സംഭവം കോടതി കയറുമെന്നുറപ്പായി . ഇതിനെ തുടര്‍ന്നാണ് മെസ്സി ക്ലബ് വിടാനുള്ള തീരുമാനം മാറ്റി തുടരാന്‍ തീരുമാനിച്ചത്. ഇത്രയും കാലം കളിച്ച ക്ലബിനോട് നിയമയുദ്ധത്തിനില്ലെന്ന് മെസ്സി വ്യക്തമാക്കി.
Comments are closed for this post.