2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മെസിക്ക് എട്ടാം ബാലണ്‍ ഡിഓര്‍; ചരിത്രം രചിച്ച് ഫുട്‌ബോളിന്റെ മിശിഹ

മെസിക്ക് എട്ടാം ബാലണ്‍ ഡിഓര്‍; ചരിത്രം രചിച്ച് ഫുട്‌ബോളിന്റെ മിശിഹ

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2023ലെ ബാലണ്‍ ഡിഓര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ഇത് എട്ടാം തവണയാണ് മിശിഹ സ്വര്‍ണ പന്തില്‍ മുത്തമിടുന്നത്. 2009,2010,2011,2012,2015,2019,2021 വര്‍ഷങ്ങളില്‍ ബാലണ്‍ ഡിഓര്‍ നേടി ചരിത്രം രചിച്ച മെസി സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഇത്തവണ തിരുത്തിക്കുറിച്ചത്. ഇതോടെ ബാലണ്‍ ഡിഓര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനും മെസിക്കായി. മാഞ്ചര്‍ സിറ്റിയുടെ യുവതാരം എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍ എന്നീ യുവതാരങ്ങളോട് മത്സരിച്ചാണ് 36കാരനായ മെസിയുടെ സ്വപ്‌ന സമാനമായ നേട്ടം.

ലോകകപ്പ് നേടിയ സ്‌പെയ്ന്‍ ടീം അംഗം ബാഴ്‌സലോണയുടെ ഐതാന ബോന്‍മാതിയാണ് 67ാം ബാലണ്‍ ഡിഓറിലെ മികച്ച വനിതാ താരം. അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക സ്വാധീനമായി നിന്ന എമിലിയാനോ മാര്‍ട്ടിനസിനാണ് മികച്ച ഗോള്‍ കീപ്പറിനുള്ള യാഷിന്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും, ഏറ്റവും കൂടുതല്‍ ഗോളിനുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് മെന്‍സ് ക്ലബ് ഓഫ് ദി ഇയര്‍ പുരസ്‌കാരം. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ സോക്രട്ടീസ് അവാര്‍ഡിനും അര്‍ഹനായി.

36 വര്‍ഷങ്ങളായുള്ള അര്‍ജന്റീനക്കാരുടെ ലോകകപ്പിനായുള്ള കാത്തിരിപ്പിന് ഖത്തറിന്റെ മണ്ണില്‍ വിരാമം കുറിച്ചപ്പോള്‍ കളിക്കളത്തിന് അകത്തും, പുറത്തും മെസിയെന്ന ക്യാപ്റ്റന്റെ മികവ് ലോകം വാഴ്ത്തിയതാണ്. വേള്‍ഡ് കപ്പ് വിജയവും, ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ ലീഗ് വണ്‍ ചാമ്പ്യന്‍മാരാക്കിയതുമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചാമ്പ്യന്‍സ് ലീഗിലും, ലീഗ് വണിലുമായി 40 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ മെസി അടിച്ച് കൂട്ടിയത്.

ഒരുപക്ഷെ തന്റെ അവസാന ബാലണ്‍ ഡി ഓറുമായാകും സാക്ഷാല്‍ മെസ്സി ഇന്ന് മടങ്ങുന്നത്. ഈ സീസണ്‍ മുതല്‍ യൂറോപ്പ് വിട്ട താരം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്. 2007 മുതല്‍ ബാലണ്‍ ഡി ഓര്‍, മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറി മാറിയായിരുന്നു സ്വന്തമാക്കിയിരുന്നത്. അതിലൊരു മാറ്റം വന്നത് 2018ലായിരുന്നു. അന്ന് ലൂക്ക മോഡ്രിച് പുരസ്‌കാരത്തില്‍ ആദ്യമായി മുത്തമിട്ടു. കഴിഞ്ഞ വര്‍ഷം കരീം ബെന്‍സേമയും പുരസ്‌കാരം നേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.