സമകാലിക ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളാണ് മെസിയും റൊണാൾഡോയും. ഇരു താരങ്ങളിലും വെച്ച് ആരാണ് മികച്ചതെന്ന തർക്കത്തിലാണ് ഫുട്ബോൾ ലോകം. ഫുട്ബോൾ വിദഗ്ധർ മുതൽ ആരാധകർ വരെ മെസി റൊണാൾഡോ തർക്കത്തിൽ ഇരു ചേരികളിലായി രംഗത്തുണ്ട്.
എന്നാൽ റൊണാൾഡോയുടെ മറ്റൊരു റെക്കോർഡ് കൂടി തകർക്കാനുള്ള തായ്യാറെടുപ്പിലാണ് മെസി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന പുരുഷ താരം എന്ന റെക്കോർഡിലേക്ക് മെസിക്ക് ഇനി ഒരു ഗോൾ ദൂരം മാത്രമാണുള്ളത്.
494 ഗോളുകളാണ് യൂറോപ്പിലെ ബിഗ് ഫൈവ് ലീഗുകളിൽ നിന്നും മെസി സ്വന്തമാക്കിയിരിക്കുന്നത്.
മെസിയുടെ 494 യൂറോപ്യൻ ലീഗ് ഗോളുകളിൽ 474 എണ്ണവും ബാഴ്സലോണയുടെ ജേഴ്സിയിലാണ് അദ്ദേഹം സ്വന്തമാക്കിയത്. 2021ൽ ബാഴ്സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയ മെസി 20 ഗോളുകളാണ് പാരിസ് ക്ലബ്ബിനായി സ്വന്തമാക്കിയത്.
റൊണാൾഡോ 495 ഗോളുകളാണ് ബിഗ് ഫൈവ് യൂറോപ്യൻ ലീഗുകളിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. അതിൽ 311 എണ്ണവും റൊണാൾഡോ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടിയാണ് സ്കോർ ചെയ്തിട്ടുള്ളത്. 103 ഗോളുകൾ രണ്ട് തവണ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സ്വന്തമാക്കിയ അദ്ദേഹം, ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനായി 81 ഗോളുകളാണ് സ്വന്തമാക്കിയത്.
അതേസമയം നിലവിൽ യൂറോപ്പ് വിട്ട് റൊണാൾഡോ സൗദിയിൽ കളിക്കുന്നതിനാൽ അദ്ദേഹത്തിന്റെ യൂറോപ്യൻ ഗോൾ നേട്ടത്തിന്റെ റെക്കോർഡ് മെസി മറികടക്കാൻ തന്നെയാണ് സാധ്യതയുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ, ബുണ്ടസ് ലിഗ, ലീഗ് വൺ തുടങ്ങിയ അഞ്ച് ലീഗുകളെയാണ് യൂറോപ്പിലെ ബിഗ് ഫുട്ബോൾ ലീഗ് എന്ന നിലയിൽ കണക്കാക്കുന്നത്.
Comments are closed for this post.