2023 March 29 Wednesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മെസ്സി ഒരുങ്ങുന്നു; റെക്കോഡുകളുടെ കളിത്തോഴനാവാന്‍

ഇടംകാലിന്റെ ഇടിമുഴക്കങ്ങളിലൂടെ ഇതിഹാസം തീര്‍ത്ത ലയണല്‍ മെസ്സി ഇന്ന് ബൂട്ടണിയുന്നത് റെക്കോഡുകളുടെ കളിത്തോഴനാവാന്‍. രാത്രി ഖത്തറില്‍ വിഖ്യാതമായ നീലയും വെള്ളയും ജഴ്‌സി എടുത്തണിയുമ്പോള്‍ മെസ്സിയെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകളാണ്.

ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ നേരിടാന്‍ ഇറങ്ങുന്നതോടെ ലോകകപ്പില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോഡിനൊപ്പം മെസ്സി എത്തും. ജര്‍മനിയുടെ ഇതിഹാസ താരം ലോതര്‍ മത്തേയൂസ് 25 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഫൈനലിലോ ലൂസേഴ്‌സ് ഫൈനലിലോ കളിക്കുന്നതോടെ മത്തേയൂസിനെയും മറികടന്ന് മെസ്സി ഒരേയൊരു അവകാശിയാവും.

ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോഡിനും ഇപ്പോള്‍ മെസ്സിക്കൊപ്പം മറ്റൊരു അവകാശി കൂടിയുണ്ട്. അര്‍ജന്റീനയുടെ ‘ബാറ്റി വസന്തം’ സാക്ഷാല്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. രണ്ടു പേര്‍ക്കും 10 വീതം ഗോളുകള്‍. ഒരൊറ്റ ഗോളിലൂടെ ബാറ്റിയെ മറികടക്കാന്‍ മെസ്സിക്ക് കഴിയും. മെസ്സിയുടെ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പാണിത്. അഞ്ച് ലോകകപ്പില്‍ കളിച്ച ഏക അര്‍ജന്റീന താരമാണ് മെസ്സി.

ഇന്ന് മെസ്സിക്ക് ഒരൊറ്റ ഗോള്‍ നേട്ടത്തിലേക്ക് പന്ത് പാസ് ചെയ്യാനായാല്‍ അതും പുതുചരിത്രമാവും. ഗോള്‍ അസിസ്റ്റില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ പേരില്‍ എട്ട് അസിസ്റ്റുകളാണുള്ളത്. മെസ്സിയുടെ പേരില്‍ ഏഴും. ലോകകപ്പ് നോക്കൗട്ടില്‍ ഏറ്റവുമധികം അസിസ്റ്റ് നല്‍കിയ (അഞ്ച്) താരമെന്ന റെക്കോഡ് ബ്രസീലിന്റെ ഇതിഹാസ താരം പെലെയെ (നാല്) മറികടന്ന് മെസ്സി സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.