2021 January 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലൈറ്റ് ഓഫ് മദീനയുടെ സന്ദേശം

വെള്ളിപ്രഭാതം

 

ജീവിത പ്രശ്‌നങ്ങളിലെ ഇടപെടല്‍ മഹല്ലിന്റ ഉത്തരവാദിത്തമാണ്. ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ആശ്വാസവും നല്‍കാന്‍ മഹല്ല് ജമാഅത്തിന് കഴിയണം. രോഗം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രയാസം, കടം മുതലായ പ്രശ്‌നങ്ങളില്‍ സഹായനിധി, പലിശരഹിത വായ്പ സൗകര്യം, ആതുര സേവന സന്നദ്ധ സേന തുടങ്ങിയ പദ്ധതികള്‍ ഇവക്ക് പരിഹാരമാണ്.

ഉമര്‍ ഫൈസി മുക്കം

ഒരു ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങളുടെ കൂട്ടായ്മയാണ് മഹല്ല് ജമാഅത്ത്. ഈ കൂട്ടായ്മ മുസ്‌ലിംകള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ജുമുഅ, ജമാഅത്ത് തുടങ്ങിയ ആരാധനകള്‍ക്കും നികാഹ്, മരണം, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ഈ കൂട്ടായ്മ ഏറെ അനിവാര്യമാണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ) സ്ഥാപിച്ചതാണ് ഈ സംവിധാനം. ഇസ്‌ലാമിന്റെ ആണിക്കല്ലാണിത്.

മക്കയില്‍ ജനിച്ച പ്രവാചകര്‍(സ) രഹസ്യമായാണ് 13 കൊല്ലം പ്രബോധനം നിര്‍വഹിച്ചത്. ഒടുവില്‍ 450 കി.മീ അകലെ മദീനയില്‍ അഭയം പ്രാപിച്ച നബിയും അനുചരന്മാരും ആദ്യമായി പ്രബോധന മേഖലക്ക് ആസ്ഥാനം പണിതു, മദീനയിലെ പ്രവാചക പള്ളി. അതു കേന്ദ്രീകരിച്ചു കൊണ്ടാണ് പിന്നീട് ദൗത്യം തുടര്‍ന്നത്.

മുസ്‌ലിം ലോകത്തെ ഒന്നാമത്തെ മഹല്ല് ജമാഅത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. അല്ലാഹുവിന്റെ വെളിച്ചം കൊണ്ട് പ്രകാശിതമായ ഈ മഹല്ല് എല്ലാ മഹല്ലുകാര്‍ക്കും മാതൃകയുമായി.
അല്ലാഹുവിന്റെ വെളിച്ചവുമായി ജിബ്‌രീല്‍(
അ) എന്ന മാലാഖ കടന്നുവന്ന വഴി ഇന്നും ബാബു ജിബ്‌രീല്‍ (ജിബ്‌രീലിന്റെ വാതില്‍) എന്ന പേരില്‍ ഇപ്പോഴും മദീനാ പള്ളിയില്‍ കാണാം. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവാചകര്‍(സ) നേതൃത്വത്തില്‍ സംവിധാനിച്ച മഹല്ലാണിത്. മുസ്‌ലിം ലോകത്തിന് ഇതിലപ്പുറം പിന്നെ അനുകരിക്കാനെന്തുണ്ട്?

ഈമാനിന്റെ നിറഞ്ഞ വെളിച്ചത്തില്‍ വൈജ്ഞാനിക വേദികള്‍ കൊണ്ട് അലങ്കൃതമായ പള്ളി, മുഴുവന്‍ ജനങ്ങളുടെയൂം പ്രശ്‌നപരിഹാര കേന്ദ്രമാണ്. ഇസ്‌ലാം ജസീറത്തുല്‍ അറബിലാകെ വ്യാപിച്ചു.
റോമും പേര്‍ഷ്യയും കീഴടക്കിയപ്പോഴും അവിടങ്ങളിലെല്ലാം മദീന മാതൃക തന്നെയാണ് അവലംബിച്ചത്. പ്രബോധനവുമായി കടന്നുചെന്ന ദൗത്യസംഘം ആദ്യമായി പള്ളി പണിതുയര്‍ത്തുകയും പിന്നീട് പ്രവര്‍ത്തന ഗോദയിലിറങ്ങുകയുമാണ് ചെയ്തത്.
കേരളത്തില്‍ പ്രബോധന ദൗത്യവുമായി കടന്നുവന്ന മാലിക്ബ്‌നു ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങി ആദ്യമായി ചെയ്തതും പള്ളി നിര്‍മാണമാണ്. കൊടുങ്ങല്ലൂര്‍ മഹല്ല് ജമാഅത്തിന് കീഴില്‍ പിന്നീട് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കപ്പെട്ടു. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തീരദേശങ്ങളില്‍ പത്തോളം പള്ളികള്‍ നിര്‍മിച്ചു.

മഹല്ലില്‍ വേണ്ടത്

ഒരു മഹല്ലിന്റെ വിജയ ചരിത്രത്തിന് ഒരുമ ഏറെ അനിവാര്യമാണ്. മദീനയില്‍ പ്രവാചകര്‍(സ) എത്തിയപ്പോള്‍ അവിടെ വര്‍ഷങ്ങളായി നിരന്തര സംഘട്ടനത്തിലേര്‍പ്പെട്ടിരുന്ന ഔസ്- ഖസ്‌റജ് ഗോത്രക്കാര്‍ക്കിടയില്‍ രമ്യത ഉണ്ടാക്കുകയും പരസ്പരം സ്‌നേഹസൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഈ ഐക്യത്തിന്റെ ഒരുമയുടെ അനിവാര്യതയിലേക്ക് ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നു. സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറക്ക് സൂക്ഷിച്ചു ജീവിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിട്ടല്ലാതെ മരിക്കരുത്. അല്ലാഹുവിന്റെ പാശ്വത്തെ നിങ്ങള്‍ ഒന്നിച്ച് മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്.

നിങ്ങള്‍ പരസ്പരം ശത്രുക്കളായിരുന്നതില്‍ പിന്നെ നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ യോജിപ്പിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ പരസ്പരം സഹോദരന്മാരാവുകയും നരകത്തിന്റെ വക്കിലായിരുന്ന നിങ്ങളെ രക്ഷിക്കുകയും മൂലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അപാരമായ അനുഗ്രഹം നിങ്ങള്‍ സ്മരിക്കുവീന്‍(3:103). പരസ്പരം കേസും പൊലിസും കോടതിയുമായി നടക്കുന്ന നമ്മുടെ സമുദായത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കുന്നതിന് മഹല്ല് ജമാഅത്തിന് കീഴില്‍ ഒരു മസ്‌ലഹത്ത് കമ്മിറ്റി ഉണ്ടാവണം.
വിദ്യാഭ്യാസമാണ് മഹല്ലിന്റെ രണ്ടാമത്തെ ഉത്തരവാദിത്തം. മത ഭൗതിക വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഒരുക്കി മഹല്ല് ജമാഅത്തിന് കീഴില്‍ അഭ്യസ്തവിദ്യരായ അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിച്ച് ഒരു വിദ്യാഭ്യാസ വകുപ്പ് തന്നെ വേണം. മദ്‌റസ, ദര്‍സ്, ശരീഅത്ത് കോളജ് തുടങ്ങിയ ദീനീ സ്ഥാപനങ്ങളും പ്രീ പ്രൈമറി മുതല്‍ ഉന്നത ബിരുദ പഠന കേന്ദ്രങ്ങള്‍ വരെ ഭൗതിക മേഖലയിലും സ്ഥാപിക്കണം.
അതുപോലെ ഉയര്‍ന്ന വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് മഹല്ലിലെ വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് തിരിച്ചുവിടുന്ന കരിയര്‍ ഗൈഡന്‍സ് സംവിധാനവും മഹല്ലിന് കീഴില്‍ ഒരുക്കണം.

ജീവിതപ്രശ്‌നങ്ങളിലെ ഇടപെടലും മഹല്ലിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ആശ്വാസവും നല്‍കാന്‍ മഹല്ല് ജമാഅത്തിന് കഴിയണം. രോഗം, തൊഴിലില്ലായ്മ സാമ്പത്തിക പ്രയാസം, കടം മുതലായ പ്രശ്‌നങ്ങളില്‍ സഹായ നിധി, പലിശരഹിത വായ്പാ സൗകര്യം, ആതുര സേവനസന്നദ്ധ സേന തുടങ്ങിയ പദ്ധതികള്‍ ഇവക്ക് പരിഹാരമാണ്.
സാമൂഹിക തിന്മകളുടെ നിര്‍മാര്‍ജനം മഹല്ലുകളുടെ പ്രധാന ലക്ഷ്യമാകണം. കൗമാര പ്രായത്തിലെ കുട്ടികളെ നാശത്തിലേക്ക് വഴികേടിലാക്കുന്ന ദുശ്ശക്തികള്‍ പെരുകുന്ന കാലമാണിത്. ദഅ്‌വ സ്‌ക്വാഡ് ശക്തിപ്പെടുത്തി പ്രവര്‍ത്തിക്കുകയാണ് പ്രതിവിധി. മദ്യം, മയക്കു മരുന്ന്, ബിദഈ ആശയം, വ്യാജ ത്വരീഖത്ത് തുടങ്ങിയവക്ക് മഹല്ലില്‍ ഇടം ഉണ്ടാവാത്ത വിധം ശുദ്ധമാക്കണം.

 

സുന്നീ മഹല്ല് ഫെഡറേഷന്‍

മഹല്ലുകളുടെ കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍. മഹല്ലുകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതും പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനും ഈ കൂട്ടായ്മ അനിവാര്യമാണ്. പരിശുദ്ധ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅയുടെ ആശയാദര്‍ശത്തില്‍ അടിയുറച്ച് നിന്ന് കൊണ്ട് മഹല്ലുകള്‍ക്ക് പദ്ധതികളും പരിപാടികളും നല്‍കുകയാണ് എസ്.എം.എഫിന്റെ ദൗത്യം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അംഗീകൃത കീഴ്ഘടകമാണിത്.

സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തിലും വഖ്ഫിലും നടത്തപ്പെടേണ്ട ചില മഹല്ലുകളും ലക്ഷ്യം വിട്ടു സഞ്ചരിക്കുക മൂലം സുന്നത്ത് ജമാഅത്തിന്റെ വഴികളില്‍ നിന്നും വ്യതിചലിച്ചു പോകുന്നുണ്ട്. അവയെല്ലാം വീണ്ടെടുത്ത് വഖ്ഫിന്റെ ഉദ്ദേശ്യ ലക്ഷ്യം നിലനിര്‍ത്താന്‍ മഹല്ലിന് ബാധ്യതയുണ്ട്.

 

ലൈറ്റ് ഓഫ് മദീന

പ്രഥമ മഹല്ലായ മദീനയുടെ വെളിച്ചം കേരളത്തിലെ മുഴുവന്‍ മഹല്ലുകളിലും എത്തിക്കുകയാണ് ലൈറ്റ് ഓഫ് മദീനയുടെ ലക്ഷ്യം. ആദ്യകാലങ്ങളില്‍ മഹല്ലുകളിലുണ്ടായിരുന്ന ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഇന്ന് ച്യുതി സംഭവിച്ചിട്ടുണ്ട്. അത് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക പവലിയനുകള്‍ സജ്ജീകരിച്ച് ദൃശ്യാവിഷ്‌കരണത്തോടെ മഹല്ല് ഭാരവാഹികള്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടിയാണ് ലൈറ്റ് ഓഫ് മദീന. മഹല്ല് പ്രതിനിധികള്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഒരു മഹല്ലില്‍ നിന്നും ഖത്തീബ്, പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ള ഏഴ് പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി അയ്യായിരത്തിലധിം മഹല്ലുകളില്‍ നിന്നായി ഇരുപതിനായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു.

എസ്.എം.എഫ് മഹല്ലുകളില്‍ നടപ്പിലാക്കുന്ന കര്‍മ പദ്ധതികള്‍ കണ്ടും കേട്ടും അനുഭവിച്ചും പകര്‍ത്തിയെടുത്ത് മഹല്ലുകളില്‍ നടപ്പാക്കാന്‍ പരിശീലനം നല്‍കുകയും തുടര്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പ്രത്യേക നിരീക്ഷകന്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പ്രീ സ്‌കൂള്‍, എന്റെ മദ്‌റസ, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം, മസ്ജിദ് എന്ന കേന്ദ്രം, സമ്പൂര്‍ണ മഹല്ല് എന്നീ മെയിന്‍ പവലിയനുകളും രണ്ട് സബ് പവലിയനുകളും ക്രമീകരിച്ചിട്ടുണ്ട്.

ഓരോ ജില്ലയിലെ മേഖലകള്‍ക്കും പ്രത്യേക സമയക്രമം ചെയ്ത് കൊണ്ടാണ് പവലിയന്‍ സന്ദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലൈറ്റ് ഓഫ് മദീന ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 22 ഞായര്‍ വൈകീട്ട് ഏഴിന് സമാപന പൊതു സമ്മേളനം സയ്യിദ് മുഹമ്മദ് കോയ ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പണ്ഡിതന്‍മാര്‍, സാദാത്തുക്കള്‍, രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രഗല്‍ഭര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.