2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കാരുണ്യം മൃഗങ്ങളോടും പറവകളോടും

‘താങ്കളെ സർവ ചരാചരങ്ങൾക്കും അനുഗ്രഹമായി മാത്രമാണ് നിയോഗിച്ചയച്ചത് ‘ എന്ന ഖുർആൻ വാക്യം കേവലം ഭംഗിവാക്കല്ല, ശരിക്കും അങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പെരുമാറ്റ രീതിയായിരുന്നു തിരുനബി(സ്വ) ഓരോ സൃഷ്ടിയോടും പുലർത്തിയത്. മനുഷ്യരോട് മാത്രമല്ല ഇതര ജീവികളോടും ആ ദയയും കാരുണ്യവും വഴിഞ്ഞൊഴുകി. ഒരു ഉപകാരവും നൽകാത്ത ജീവികളാണെങ്കിൽ പോലും അനാവശ്യമായി പീഡിപ്പിക്കുന്നതിനെ തിരുനബി(സ്വ) എതിർത്തു. ഇത് കേൾക്കുമ്പോൾ ചിലർ സംശയിക്കുന്നുണ്ടാകാം പ്രവാചകർ(സ്വ) മൃഗങ്ങളെ അറുത്തു ഭക്ഷിക്കാൻ അനുമതി നൽകിയിട്ടില്ലേ? പിന്നെയെങ്ങനെയാണ് പ്രവാചകന്റെ ജന്തുസ്‌നേഹത്തെക്കുറിച്ച് പറയുക? അറവ് ഒരുതരം പീഡനമല്ലേ? ഇതിന് മറുപടി വ്യക്തമാണ്. ഓരോന്നും എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടു, അതിന് ഉപയോഗിക്കുകയാണ് ശരിയായ രീതി. ലോകത്തുള്ള ജീവി, നിർജീവികളെല്ലാം മനുഷ്യർക്ക് വേണ്ടിയാണെന്ന നിലപാട് അംഗീകരിച്ചാൽ പിന്നെ കൂടുതൽ വാദിക്കേണ്ടി വരില്ല. അതേസമയം, മൃഗങ്ങളിൽ എല്ലാ ഇനങ്ങളെയും ഭക്ഷിക്കാൻ അന്ത്യപ്രവാചകർ(സ്വ) അനുമതി നൽകിയിട്ടില്ല. കര ജന്തുക്കളിൽ ചെറിയൊരു ഭാഗം മാത്രമേ ഭക്ഷ്യയോഗ്യമായുള്ളൂ. ഇനി അറുത്ത് ഭക്ഷിക്കാതെ ഈ ജീവികളെ അവയുടെ പാട്ടിന് വിട്ടാലുള്ള അവസ്ഥയെന്താണ്? വാർധക്യം ബാധിച്ചു ഒരു ഉപകാരവും നൽകാൻ കഴിയാതെ ഭാരമാകുന്ന സമയത്ത് അവയെ ആര് സംരക്ഷിക്കും? അപ്പോൾ ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെ കാര്യം അങ്ങനെ. എന്നാൽ അവശേഷിക്കുന്ന മൃഗങ്ങളുടെയും പ്രാണി, പറവകളുടെയും ധർമം വേറെയാണ്. ലോകത്തെ വാസയോഗ്യമാക്കുന്നതിലും ആവാസവ്യവസ്ഥ സന്തുലിതമാക്കി നിലനിർത്തുന്നതിലും ഈ ജീവികൾക്കെല്ലാം കാര്യമായ പങ്കുണ്ട്. ആ നിലയ്ക്ക് അവയെ ഭക്ഷിക്കുന്നില്ലെങ്കിലും അവയും മനുഷ്യർക്ക് വേണ്ടി നിശ്ചിത ധർമം നിർവഹിക്കുന്നുണ്ട്. കൂടാതെ ഇവയെല്ലാം സ്രഷ്ടാവിന്റെ അപദാനങ്ങൾ വാഴ്ത്തുകയും ചെയ്യുന്നു. അത് നാം മനുഷ്യർക്ക് ഗ്രഹിക്കാനാവുന്നില്ലെന്ന് മാത്രം. ഖുർആൻ (അൽ ഇസ്‌റാ: 44) ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്.

xxx

അറുക്കാൻ അനുമതി നൽകിയതിനാൽ എങ്ങനെയും തോന്നിയപോലെ അവയെ കൈകാര്യം ചെയ്യാമെന്നല്ല. അത് ഏറ്റവും മാന്യവും സൗമ്യവുമായ വഴികളിലൂടെയാകണം. ശദ്ദാദ് ബിൻ ഔസ്(റ) ഉദ്ധരിക്കുന്നു. തിരു നബി(സ്വ) പറഞ്ഞു: അല്ലാഹു എല്ലാ കാര്യത്തിലും നൻമ നിശ്ചയിച്ചിരിക്കുന്നു. കൊല്ലുകയാണെങ്കിൽ നല്ല രീതിയിൽ കൊല്ലണം. അറുക്കുമ്പോൾ സൗമ്യമായി അറുക്കണം. അറുക്കുന്നതിന് മുമ്പ് കത്തിക്ക് മൂർച്ച കൂട്ടണം. അറവ് മൃഗത്തിന് ആശ്വാസം നൽകണം(മുസ്‌ലിം).

അറവിന്റെ കാര്യത്തിൽ മാത്രമല്ല സാധാരണഗതിയിലും അവയോട് ഉദാരമായും ആർദ്രതയോടെയും പെരുമാറണമെന്ന് കൂടി പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ തിരുദൂതർ നടന്നുപോകുമ്പോൾ നിരവധി പേർ തങ്ങളുടെ മൃഗങ്ങളെ നിർത്തിയിട്ട് അവയുടെ മുകളിൽ ഇരുന്ന് വർത്തമാനം പറയുന്നു. തിരുനബി അവരോട് പറഞ്ഞു: ‘കയറി സഞ്ചരിക്കുകയാണെങ്കിൽ സുരക്ഷിതമായി കയറുക. സുരക്ഷിതമായി വിടുകയും ചെയ്യുക. വഴിയിലും അങ്ങാടിയിലും നിങ്ങൾ വർത്തമാനം പറയുമ്പോൾ അവയെ കസേരയായി കണക്കാക്കരുത്. എത്ര കയറപ്പെടുന്നവയാണ് കയറുന്നവരേക്കാൾ മെച്ചപ്പെട്ടവർ! അവ കയറുന്നവരേക്കാൾ അല്ലാഹുവിനെ സ്മരിക്കുന്നു(ഇമാം അഹ്മദ്). എത്ര ശക്തമായ, താക്കീതിന്റെ സ്വരത്തിലുള്ള വാക്കുകൾ! ചില മനുഷ്യർ മൃഗങ്ങളേക്കാൾ നിന്ദ്യമായ നിലവാരത്തിലാണെന്ന് കൂടി അവിടന്ന് വ്യംഗമായി പറഞ്ഞു.

മൃഗങ്ങളെ ആഹാര പാനീയങ്ങൾ നൽകാതെ തടഞ്ഞുവയ്ക്കൽ നരകത്തിലേക്ക് തള്ളിയിടാൻ മാത്രം വലിയ പാതകമായാണ് കരുണാമയനായ റസൂൽ(സ്വ) കണ്ടത്. അബ്ദുല്ലാഹിബ്നി ഉമർ (റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. ഒരു പൂച്ചയെ തീറ്റയോ വെള്ളമോ നൽകാതെ, സ്വന്തമായി ഭൂമിയിലെ ജീവികളെയും മറ്റും തിന്നു പശിയടക്കാൻ അനുവദിക്കാതെ തടഞ്ഞുവച്ചതിന്റെ പേരിൽ സ്ത്രീ ശിക്ഷിക്കപ്പെട്ടു(മുസ്‌ലിം).

xxx
ഇനി പറവകളോട് തിരുനബി(സ്വ) കാണിച്ച കനിവും ദയാവായ്പും കൂടി ശ്രദ്ധിക്കൂ. ഇബ്‌നു മസ്ഊദ്(റ) വിവരിക്കുന്നു: ഒരിക്കൽ ഞങ്ങൾ റസൂലുമൊത്ത് യാത്ര പോകവേ വഴിയിൽ തിരുനബി എന്തോ ആവശ്യത്തിന് അൽപ്പം മാറിയപ്പോൾ ഞങ്ങൾ ഒരു തള്ളപ്പക്ഷിയും രണ്ട് കുഞ്ഞുങ്ങളും കണ്ടു. കൗതുകത്തിന്റെ പേരിൽ ഞങ്ങളിൽ ചിലർ ആ കുഞ്ഞുങ്ങളെയെടുത്ത് താമസസ്ഥലത്ത് കൊണ്ടുവന്നു. അതോടെ തള്ളപ്പക്ഷിയും ഇവരെ അനുഗമിച്ച് അവിടെ വന്ന് നിലവിളിക്കുകയായി. റസൂൽ(സ്വ) തിരിച്ചുവന്നപ്പോൾ കാണുന്നത് ഈ തള്ളപ്പക്ഷിയുടെ വെപ്രാളമാണ്. കണ്ടപ്പോൾ തന്നെ തിരുനബിക്ക് കാര്യം മനസിലായി. ‘ആരാണീ പക്ഷിയുടെ കുഞ്ഞുങ്ങളെ വേർപ്പെടുത്തി ഈ പക്ഷിയെ സങ്കടപ്പെടുത്തിയത്? ആ കുഞ്ഞുങ്ങളെ എടുത്ത സ്ഥലത്ത് തിരിച്ചുവിടുക’- തിരുദൂതർ നിർദേശം നൽകി(അബൂദാവൂദ് ).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.