2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ന് ലോക മാനസികാരോഗ്യ ദിനം: മനോഭാവം മാറാതെ മാനസികരോഗം മാത്രം മാറുമോ ?

  • പ്രവേശനകവാടം, ചുറ്റുമതില്‍ എന്നിവ സൗന്ദര്യവത്ക്കരിച്ചുകൊണ്ട് മനോരോഗാശുപത്രികളുടെ മുഖച്ഛായ മാറ്റാനുള്ള ശ്രമങ്ങളിലാണ് നാമിപ്പോഴും. എന്നാല്‍ മനോരോഗികള്‍ ഇപ്പോഴും മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന അന്തഃരീക്ഷത്തിലാണ് കഴിഞ്ഞുകൂടുന്നത്. ജയിലറകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കുടുസ്സുമുറികളില്‍ രോഗികള്‍ ദിവസവും 17 മണിക്കൂറിലധികം യാതൊരു മാനസികോല്ലാസവുമില്ലാതെയാണ് കഴിഞ്ഞുകൂടുന്നത്.

ഡോ. പി.എന്‍ സുരേഷ് കുമാര്‍

ഇന്ത്യയില്‍ ചുരുങ്ങിയത് പത്ത് കോടി ജനങ്ങളെങ്കിലും വിവിധ മാനസികരോഗങ്ങളാല്‍ പ്രയാസപ്പെടുന്നവരാണ്. അവരില്‍ ഏകദേശം ഒരു കോടിയോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ വേണ്ടിവരുന്ന ഗുരുതരമായ മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരാണ്. എന്നാല്‍ ഇവിടെയുള്ളതാകട്ടെ പൊളിഞ്ഞുവീഴാറായ 43 സര്‍ക്കാര്‍ മനോരോഗാശുപത്രികളും വെറും 4000 സൈക്യാട്രിസ്റ്റുകളും. അവരില്‍തന്നെ 70 ശതമാനവും സേവനമനുഷ്ഠിക്കുന്നത് നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ്. ഒരു സൈക്യാട്രിസ്റ്റിനെ കൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന 331 കിടക്കകളുള്ള വാരാണസിയിലെ മനോരോഗാശുപത്രിയെപ്പറ്റി 2008ല്‍ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2012 ആയപ്പോഴും ഒരു ഡോക്ടറെകൂടി മാത്രമാണ് ഈ ആശുപത്രിക്ക് അധികമായി ലഭിച്ചത്.

 

വിദഗ്ധരില്ലാതെ ആതുരാലയങ്ങള്‍

മനോരോഗവിദഗ്ധന്‍മാരെപ്പോലെ മറ്റ് അനുബന്ധ ജീവനക്കാരുടെ എണ്ണത്തിലും ക്ഷാമം വളരെ രൂക്ഷമാണ്. ഇന്ത്യയിലെ മിക്ക മനോരോഗാശുപത്രികളിലും നഴ്‌സുമാരുടെ ഒഴിവുകള്‍ 30 ശതമാനത്തിലധികമാണ്. അവിടുത്തെ അറ്റന്റുര്‍മാര്‍ ശുചീകരണ ജോലിക്കാര്‍ എന്നിവരുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. രോഗികളെ അനസ്‌തേഷ്യ നല്‍കി മയക്കിയതിനുശേഷം നല്‍കേണ്ട ഇലക്‌ട്രോ കണ്‍വല്‍സീവ് തെറാപ്പി ഇന്നും മിക്ക ആശുപത്രിയിലും അനസ്‌തേഷ്യ നല്‍കാതെയാണ് ചെയ്തുവരുന്നത്. അനസ്‌തേഷ്യ നല്‍കേണ്ട വിദഗ്ധര്‍മാരില്ലെന്നതാണ് ഇതിനു കാരണം. മിക്ക ആശുപത്രികളുടെയും തലപ്പത്തിരിക്കുന്നത് മനോരോഗ ചികിത്സയുമായി ഒരു ബന്ധവുമില്ലാത്തവരാണെന്നതാണ് മറ്റൊരു ദുഃഖസത്യം. ഫിസിഷ്യന്‍മാരുടെയും ഗൈനക്കോളജിസ്റ്റുകളുടെയും നിയന്ത്രണത്തിലുള്ള ചില ആശുപത്രികളും അക്കൂട്ടത്തിലുണ്ട്. മനോരോഗാവസ്ഥയുടെ സങ്കീര്‍ണതയെക്കുറിച്ചും രോഗികള്‍ക്ക് നല്‍കേണ്ട പരിചരണത്തെക്കുറിച്ചും അത്തരക്കാര്‍ക്ക് പരിജ്ഞാനം വളരെ കുറവായിരിക്കും.

പ്രവേശനകവാടം, ചുറ്റുമതില്‍ എന്നിവ സൗന്ദര്യവത്ക്കരിച്ചുകൊണ്ട് മനോരോഗാശുപത്രികളുടെ മുഖച്ഛായ മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങള്‍ ആയെങ്കിലും മനോരോഗികള്‍ ഇപ്പോഴും മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന അന്തഃരീക്ഷത്തിലാണ് കഴിഞ്ഞുകൂടുന്നത്. ഫാനുകളില്ലാത്ത കുടുസ്സായ മുറികളിലെ താപനില മിക്കപ്പോഴും 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായിരിക്കും. മിക്ക വാര്‍ഡുകളിലും കട്ടിലുകളില്ലാത്തതിനാല്‍ രോഗികള്‍ വൃത്തിഹീനമായ വെറും തറയിലാണ് കിടക്കേണ്ടിവരുന്നത്. പഴയകാലത്തെ ജയിലറകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കുടുസ്സുമുറികളില്‍ രോഗികള്‍ ദിവസവും 17 മണിക്കൂറിലധികം യാതൊരു മാനസികോല്ലാസവുമില്ലാതെ കഴിഞ്ഞുകൂടുന്നു. പ്രാഥമിക സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് പരാതിപ്പെടുന്ന രോഗികള്‍ക്ക് ആശുപത്രി ജീവനക്കാരില്‍നിന്ന് മര്‍ദ്ദനവുമേല്‍ക്കാറുണ്ട്. സൈക്യാട്രിക് നഴ്‌സുമാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവരൊന്നുംതന്നെ ഇല്ലാത്തവയാണ് ഒട്ടുമിക്ക മനോരോഗ ആശുപത്രികളും.

സര്‍ക്കാര്‍ മേഖലയില്‍ വെറും 43 മനോരോഗാശുപത്രികളാണ് ഇന്ത്യയിലുള്ളത്. അവയാകട്ടെ വൃത്തിയുള്ള വെള്ളവും വേണ്ടത്ര വായുസഞ്ചാരവും ഇല്ലാത്തവയാണെന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 1999, 2011 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകളും ഇതു ശരിവയ്ക്കുന്നു. ഒരു കാലത്ത് ബ്രിട്ടീഷ് ഭരണകാലത്തെ തടവറകളായിരുന്ന ഒട്ടേറെ സര്‍ക്കാര്‍ മനോരോഗാശുപത്രികള്‍ ഇന്ന് ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ഇതാണ് മനോരോഗികളോടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ മനോഭാവം.

ബജറ്റ് വിഹിതത്തിലും അവഗണന

എല്ലാ രാജ്യങ്ങളിലും എല്ലാ കാലത്തും ഏകദേശം പത്തു ശതമാനത്തോളം പേര്‍ പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ലോകത്തിലെ ഏതെങ്കിലും നാല് വ്യക്തികളെ ഒരു ഗ്രൂപ്പാക്കിയാല്‍ അതില്‍ ഒരാള്‍ അയാളുടെ ജീവിതകാലയളവില്‍ ചിലപ്പോഴെങ്കിലും പല വിധത്തിലുള്ള മാനസികപ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 70% പേര്‍ പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് നാം പറയുമ്പോള്‍ അവരുടെ എണ്ണം 8 കോടിയോളം വരുമെന്ന കാര്യം നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ഒരു മാനസികരോഗിയുടെ പരിപാലനത്തിനായി നമ്മുടെ സര്‍ക്കാര്‍ വര്‍ഷത്തില്‍ വെറും 13 രൂപ മാത്രമാണ് ചെലവഴിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത്യാവശ്യ മരുന്നുകള്‍, ഭക്ഷണം, താമസം എന്നിവയ്ക്കായി മാസത്തില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും ചെലവു വരുന്നു. ഇന്ത്യക്കാരുടെ മാനസികാരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നില്ല എന്നതുതന്നെയാണ് ഇതിന്റെ അര്‍ത്ഥം. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് തുടങ്ങിവച്ച ജില്ലാ മാനസികാരോഗ്യ പദ്ധതി 1996വരെ ഫയലില്‍ ഉറങ്ങുകയാണുണ്ടായത്.

1996ല്‍ 27 കോടി രൂപ ചെലവ് പ്രതീക്ഷിച്ചുകൊണ്ട് നടപ്പാക്കിതുടങ്ങിയ ഈ പദ്ധതി ഇന്ന് വെറും 123 ജില്ലകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. മാത്രമല്ല ഈ പദ്ധതിയുടെ കീഴില്‍ 40% തസ്തികകള്‍ ഇന്നും ഒഴിഞ്ഞു കിടക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മനോരോഗികളുടെ പരിപാലനത്തിന് പണമില്ലായ്മ അല്ല പ്രശ്‌നം മറച്ച് പണം വേണ്ട രീതിയില്‍ വിനിയോഗിക്കാത്തതാണ്. കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും മനോരോഗികള്‍ക്കുള്ള കേന്ദ്രഫണ്ടുകള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ തിരിച്ചടയ്ക്കുകയാണ് ചെയ്യുന്നത്. വളരെ ശ്രദ്ധയോടെ മനോരോഗാശുപത്രികളുടെ നടത്തിപ്പ് പരിശോധിക്കാന്‍പോലും ഇവിടെ ആളില്ലെന്നതാണ് ഏറെ സങ്കടകരമായ വസ്തുത. നമുക്കൊരു കേന്ദ്രമാനസികാരോഗ്യ അതോറിറ്റി നിലവിലുണ്ടെങ്കിലും അതിലെ അംഗങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നത് വര്‍ഷങ്ങളുടെ ഇടവേളകളിലാണ്. ദേശീയ ശരാശരിയുടെ മൂന്ന് ഇരട്ടി മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കേരളത്തില്‍ കേന്ദ്രഫണ്ടില്‍നിന്നും അനുവദിച്ച 9.98 കേടി രൂപയില്‍ വെറും 4.07 കേടി രൂപ മാത്രമാണ് ചെലവഴിച്ചത്.

 

അന്ധവിശ്വാസം വിധിക്കുന്ന യാതനകള്‍

വൈദ്യശാസ്ത്രരംഗത്തെ കെടുകാര്യസ്ഥതയും മനോരോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും മുതലെടുത്ത് മന്ത്രവാദികളും മുറിവൈദ്യന്മാരും ഇവിടെ തഴച്ചുവളരുന്നു. 78 ശതമാനം മനോരോഗികളും ആദ്യം മന്ത്രവാദികളുടെ അടുത്താണ് എത്തുന്നതെന്ന് ജയ്പ്പൂരില്‍ നടന്ന ഒരു സര്‍വ്വെ വ്യക്തമാക്കുന്നു. അന്ധവിശ്വാസത്തോടൊപ്പം സാധാരണ ഡോക്ടര്‍മാര്‍ക്ക് മനോരോഗങ്ങളെകുറിച്ചുള്ള പ്രായോഗിക പരിജ്ഞാനക്കുറവും മന്ത്രവാദികളുടെ അടുത്തേക്കുള്ള രോഗികളുടെ പ്രവാഹത്തിന് വഴിയൊരുക്കുന്നു.

മനോരോഗശാസ്ത്രം എം.ബി.ബി.എസ്. പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും വെറും 11-12 ക്ലാസുകള്‍ മാത്രമേ ഒരു എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിക്ക് പഠനകാലത്ത് ഈ വിഷയത്തെക്കുറിച്ച് ലഭിക്കുന്നുള്ളു. മനോരോഗ ബിരുദാനന്തര ബിരുദ കോഴ്‌സിന് ഇന്ത്യയില്‍ ഏകദേശം 250 സീറ്റുകള്‍ മാത്രമാണുള്ളത്. മാത്രമല്ല കോഴ്‌സ് കഴിഞ്ഞ് ഇറങ്ങുന്ന ഡോക്ടര്‍മാരില്‍ അധികവും വിദേശത്തു ജോലി ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരായ മനോരോഗ വിദഗ്ധര്‍ ഇന്ത്യയിലേക്കാള്‍ അധികമുള്ളത് അമേരിക്കയിലും വിദേശരാജ്യങ്ങളിലാണ്.

വെറുമൊരു എം.ബി.ബി.എസ്. ഡോക്ടറുടെ അടുത്തുപോയി രോഗവിവരങ്ങള്‍ പറയുന്നവര്‍ ആ ഡോക്ടര്‍ക്ക് രോഗനിര്‍ണയം സാധ്യമാകാത്ത സാഹചര്യത്തില്‍ മന്ത്രവാദികളെയും മുറിവൈദ്യന്മാരെയും തേടിപ്പോകാറാണ് പതിവ്. മനോരോഗ ലക്ഷണങ്ങളെ രോഗികളുടെ ബോധപൂര്‍വ്വമായ വിക്രിയകളായി കരുതുന്ന മന്ത്രവാദികള്‍ അവരെ മര്‍ദ്ദിക്കുകയും ചങ്ങലക്കിടുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനുമൊപ്പം രോഗികളുടെ ബന്ധുക്കളില്‍നിന്നും യഥേഷ്ടം പണം ചൂഷണം ചെയ്യലും പതിവാണ്. ഹിസ്റ്റീരിയ പോലുള്ള ന്യൂറോട്ടിക് രോഗമുള്ളവര്‍ക്ക് കാണുന്നതെല്ലാം അനുകരിക്കാനുള്ള പ്രവണത കൂടുതലാണ്. ഈ മാനസികാവസ്ഥ മുതലെടുക്കുന്ന മന്ത്രവാദികള്‍ അവരുടെ സഹായികളോട് രോഗിയുടെ മുന്നില്‍വെച്ച് പല വിക്രിയകളും കാണിക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് രോഗി താന്‍ കാണുന്ന പ്രവര്‍ത്തികളെല്ലാം അനുകരിച്ചു തുടങ്ങുന്നു. ഇതെല്ലാം കാണുമ്പോള്‍ രോഗി മന്ത്രവാദിയുടെ പൂര്‍ണനിയന്ത്രണത്തിലാണെന്ന മിഥ്യാധാരണ രോഗിയുടെ ബന്ധുക്കളിലുണ്ടാകുന്നു.

സ്‌കിസോഫ്രീനിയ രോഗികളോടുള്ള മന്ത്രവാദികളുടെ സമീപം വളരെ ക്രൂരമാണ്. ചാട്ടവാറടി, ചൂരലടി, കരിഞ്ഞ മുളകിന്റെ പുക ശ്വസിപ്പിക്കല്‍, കണ്ണില്‍ മുളക് തേക്കല്‍, ചുട്ടുപഴുത്ത നാണയംകൊണ്ട് ശരീരം പൊള്ളിക്കല്‍ എന്നിങ്ങനെ നീളുന്നു ‘ശിക്ഷാനടപടി’ കളുടെ പട്ടിക. എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് പല മതസ്ഥാപനങ്ങളും ഇപ്പോഴും രോഗികളെ ജീവിതകാലം മുഴുവന്‍ചങ്ങലയ്ക്കിട്ട് പീഢിപ്പിക്കുന്നുണ്ട്. 2001-ല്‍ തമിഴ്‌നാട്ടിലെ ഏര്‍വാടി എന്ന സ്ഥലത്തുള്ള അത്തരമൊരു സ്ഥാപനത്തില്‍ ചങ്ങലക്കിട്ട 26 മനോരോഗികള്‍ വെന്തുമരിച്ച ദാരുണസംഭവം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ഈ സംഭവത്തിനു ശേഷം രാജ്യത്ത് നിയമവിധേയമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന മനോരോഗ കേന്ദ്രങ്ങളെക്കുറിച്ച് ഒരു സര്‍വ്വെ നടത്താന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദ്ദേശിക്കുകയുണ്ടായി. ഓരോ സംസ്ഥാന സര്‍ക്കാരും ചുരുങ്ങിയത് ഒരു മാനസികാരോഗ്യ കേന്ദ്രമെങ്കിലും തുടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹരിയാനപോലുള്ള ചില സംസ്ഥാനങ്ങളില്‍ ഇന്നും സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്ല എന്നതാണ് സത്യം.

 

മാറ്റമില്ലാതെ നടതള്ളല്‍ പ്രതിഭാസം

അധികൃതരുടെ അലംഭാവവും സമൂഹത്തിന്റെ നിസ്സംഗതയും മുതലെടുത്ത് മനോരോഗികളെ ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി നടതള്ളി ശല്യം ഒഴിവാക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. തൃശൂരില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവന്ന ഒരു മാനസികാരോഗ്യകേന്ദ്രം നാട്ടുകാര്‍ അടിച്ചുതകര്‍ത്ത ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിട്ട് അധികനാളായില്ല. മനുഷ്യവാസയോഗ്യമല്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 35 പുരുഷന്മാരെയും 6 ആണ്‍കുട്ടികളെയുമാണ് ഇവിടെനിന്നും മോചിപ്പിച്ചത്.

ആ കേന്ദ്രത്തില്‍നിന്നുള്ള മലമൂത്രവിസര്‍ജ്യങ്ങളുടെ ദുര്‍ഗന്ധം കാരണമാണ് ആ സ്ഥാപനത്തെപ്പറ്റി പുറംലോകമറിഞ്ഞത്. വിവരമറിഞ്ഞ് റെയ്ഡിനെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ നഗ്നരായ, ചങ്ങലയ്ക്കിട്ട, കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച ദീനരായ ഒരു കൂട്ടം രോഗികളെയാണ് അവിടെ കണ്ടത്. അവരില്‍ പലരും മലത്തില്‍ ഇഴയുകയും മലം തിന്നുകയും ചെയ്യുകയുണ്ടായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെയും ശസ്ത്രക്രിയ നടത്തിയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നത് ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് വൃക്കമാഫിയയുമായി ബന്ധമുണ്ടെന്ന പൊതുജനങ്ങളുടെ ആരോപണത്തെ ബലപ്പെടുത്തുന്നതായിരുന്നു.

 

മനോരോഗികളോട് മനമലിയാതെ ഭാരതം

അവിടുത്തെ രജിസ്റ്ററില്‍ 78 രോഗികളുടെ പേരുകള്‍ ഉണ്ടായിരുന്നെങ്കിലും റെയ്ഡില്‍ വെറും 41 രോഗികളെ മാത്രമേ കണ്ടുള്ളു. നിര്‍ഭാഗ്യവശാല്‍ ഈ വിധത്തില്‍ രോഗികളെ കൊണ്ടുവന്ന് നടതള്ളുന്ന പ്രവൃത്തിതന്നെയാണ് മിക്ക സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രങ്ങളിലും നടക്കുന്നത്. മിക്ക സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രങ്ങളിലും മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍പോലും ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്ത സ്ഥിതിയാണിന്ന്.
തെക്കേ ഇന്ത്യയിലെ കാടുകളില്‍ മനോരോഗികളെ ഉപേക്ഷിക്കുന്ന പ്രവണതയാണ് ഏറെ ഞെട്ടലുണ്ടാക്കുന്നത്.

വടക്കെ ഇന്ത്യയില്‍നിന്നുള്ള ലോറികളിലാണ് മിക്ക രോഗികളെയും ഇവിടെ കൊണ്ടെത്തിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള രോഗികളെ നാടുകടത്താന്‍ ബന്ധുക്കള്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് വന്‍തുക സമ്മാനമായി നല്‍കുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന രോഗികളെ ബലാത്സംഗം ചെയ്തതിനുശേഷം കാട്ടില്‍ തള്ളുന്ന ഡ്രൈവര്‍മാരുമുണ്ടെന്ന് വയനാട്-ബന്ദിപ്പൂര്‍ വനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വിധത്തില്‍ മനോരോഗികളെ നിഷ്‌കരുണം നടതള്ളുന്ന കുടുംബാംഗങ്ങളെ ക്രൂരന്മാരെന്ന് വിളിക്കുന്നതിന് മുമ്പായി ഇത്തരം നിഷ്ഠൂരപ്രവര്‍ത്തികള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തിന് എന്തു പറ്റിപ്പോയി? ഇന്ത്യന്‍ സമൂഹത്തിന് ഒരു സമഗ്രമാറ്റം അനിവാര്യമല്ലേ?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News