2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മനസിലാക്കാം,മനസ് കീഴടക്കാനുള്ള വഴികള്‍

ഡോ. അനീസ് അലി കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, മനശാന്തി ഹോസ്പിറ്റല്‍, രാമനാട്ടുകര, ഫോണ്‍: 9387006999

മനുഷ്യനെ നിയന്ത്രിക്കുന്നതും അരൂപവുമായ ഒന്നാണ് മനസ്. ശരീരത്തെ പോലും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത് മനസാണ്. നിശ്ചലമായ ശരീരത്തില്‍ ചലനമുള്ള മനസുണ്ടെങ്കില്‍ ലോകം കീഴടക്കാനാവുമെന്നു നമ്മെ പഠിപ്പിച്ചത് കണ്ടുപിടുത്തങ്ങളുടെ വിസ്‌ഫോടന പ്രപഞ്ചം കീഴടക്കിയ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച (ഒക്ടോബര്‍ 10)യാണ് ലോക മാനസികാരോഗ്യ ദിനം കടന്നുപോയത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 450 ദശലക്ഷം പേര്‍ ലോകത്ത് പല തരം മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. ലോകത്ത് നാലില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗ ചികിത്സ ആവശ്യമുള്ളരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓരോ 40 സെക്കന്‍ഡിലും ലോകത്ത് ഒരാളെങ്കിലും ആത്മഹത്യ ചെയ്യുന്നുവെന്ന ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ആവശ്യമായവര്‍ക്കെല്ലാം മാനസികരോഗ ചികിത്സ ലഭ്യമാക്കുക, മാനസിക ചികിത്സയുടെ ആവശ്യകതയും പ്രധാന്യവും പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതായിരുന്നു ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ചികിത്സ ലഭിക്കാതെ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കുക എന്നതാണ് ഏറെ പ്രധാനം.

കുട്ടികളേയും പ്രായമായവരേയും
ചേര്‍ത്തു നിര്‍ത്താം

കുട്ടികളും പ്രായമുള്ളവരുമാണ് കൊവിഡ് കാലത്ത് ഏറ്റവുമധികം പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. പുറത്തിറങ്ങാന്‍ നിരോധനമുള്ളത് കാരണം വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടപ്പെട്ടിരിക്കുകയണിന്ന് വാര്‍ധക്യം. 65 വയസിനു മുകളില്‍ പ്രായമുള്ളവരെല്ലാം വീടിന്റെ അകത്താണ്. ശാരീരിക പ്രതിരോധശേഷി കുറവായതുകൊണ്ട് പുറത്തിറങ്ങി പ്രവര്‍ത്തിക്കുക എന്നത് പ്രയാസകരമാണിവര്‍ക്ക്. ജീവിതത്തിന്റെ വിവിധ തുറകളില്‍ സജീവമായിരുന്നവരാണവര്‍. പലരും ഔദ്യോഗിക ജോലികളില്‍ നിന്ന് വിരമിച്ചവരാണെങ്കിലും ഊര്‍ജസ്വലതയോടെ പല മേഖലകളിലും പ്രവര്‍ത്തിച്ചുവന്നിരുന്നവരാണ്. ഇവരെല്ലാം ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ അനുഭവിക്കണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഇപ്പോഴും നമ്മുടെ പ്രധാന അജണ്ടയുടെ ഭാഗമായിട്ടില്ല. ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവരുടെ ഏകാന്തതയേയും അതുമൂലമുണ്ടാവുന്ന പ്രശ്‌നങ്ങളേയും ലഘൂകരിക്കേണ്ടത്. വീട്ടിലുള്ളവരാണ് ഇതിനു മുന്‍കയ്യെടുക്കേണ്ടത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുക, അവരുമായി സംഭാഷണം നടത്തുക, വീഡിയോ കോള്‍ ചെയ്യുക, സുഖ വിവരങ്ങള്‍ അന്വേഷിക്കുക, അസാന്നിധ്യത്തില്‍ അവരുടെ സേവനങ്ങളും കഴിവുകളും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക, പ്രധാന കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ ഉപദേശം തേടുക തുടങ്ങിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്.

കൗമാരത്തിനു വേണം കാവല്‍

ഏകാന്തതയുടെ ഘട്ടങ്ങളില്‍ ആത്മഹത്യാപ്രവണത കാണിക്കുക സ്വാഭാവികമാണ്. മറ്റു ജോലികളൊന്നുമില്ലെങ്കില്‍ പല തരം ആലോചനകള്‍ മനുഷ്യ മനസിനെ പിടികൂടൂം. അനാവശ്യ ചിന്തകള്‍ ചിലപ്പോല്‍ ആത്മഹത്യയിലേക്കുപോലും നയിക്കും. കൗമാരക്കാരിലും യുവാക്കളിലും ഈ പ്രവണത കണ്ടുവരുന്നുണ്ട്.
ജീവിതത്തിലെ ചെറിയ പ്രതിസന്ധികളെപ്പോലും നേരിടാനാവാതെ വരുമ്പോഴാണ് ഇത്തരം ചിന്തകളിലേക്ക് കൗമാര മനസ് പോവുന്നത്. ജീവിതം പ്രതിസന്ധികളാല്‍ നിര്‍ഭരമാണെന്നും സധൈര്യം എല്ലാം അതിജീവിക്കാമെന്നുമുള്ള പ്രാഥമിക ജീവിത പാഠങ്ങള്‍ പോലും ഇത്തരക്കാര്‍ക്ക് ആ സമയത്ത് ഓര്‍മ വരില്ല.
നല്ല മത ചിട്ടയും ധാര്‍മിക ബോധവുമുള്ളവര്‍ പോലും ചിലപ്പോള്‍ ആത്മഹത്യ ചെയ്യുന്നത് നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. മതചിന്ത മനസിനെ ആ സമയത്ത് സ്വാധീനിക്കാന്‍ കഴിയാത്ത വിധത്തില്‍ മറ്റു ദുഷ്ചിന്തകള്‍ അവരെ കീഴടക്കുന്നതിനാലാണ് ഇത്തരം ദുരന്തങ്ങള്‍.

ശരീരത്തെ
തളര്‍ത്തും

ശാരീരികമായി അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം ഒരുപക്ഷേ മാനസികമായി അനുഭവിക്കുന്ന സംഘര്‍ഷങ്ങളായേക്കാം. മനസിനുണ്ടാവുന്ന വേദനകള്‍ ശരീരത്തെ നഖശിഖാന്തം പിടികൂടും. ശരീരത്തില്‍ പല സ്ഥലങ്ങളിലും വേദന വരുന്നതായി തോന്നും. സ്‌കാനിങ്ങിലോന്നും ഈ വേദനയുടെ കാരണം കണ്ടെത്താന്‍ കഴിയുകയുമില്ല. ഹൃദയത്തിനു വരെ വേദന വരും. ഔഷധങ്ങള്‍ പലതും ഫലപ്രദമാല്ലാതെയും വരും. ഒരു പക്ഷേ ഇത്തരം പ്രയാസമനുഭവിക്കുന്നര്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിച്ച് മനസ് തുറന്ന് സംസാരിച്ചാല്‍ അവരുടെ വേദനകള്‍ പമ്പ കടന്നേക്കാം. സൈക്കോ സൊമാറ്റിക്ക് ഡിസോര്‍ഡര്‍ എന്നാണ് ഈ അസുഖത്തിന് മനശാസ്ത്രഭാഷയില്‍ പറയുക. ശാരീരിക ചികിത്സ എത്ര നടത്തിയാലും ഈ ആസുഖം ഭേദമാവില്ല.

മാനസികരോഗം ഭ്രാന്തല്ല

മാനസികരോഗം ഭ്രാന്താണെന്നു പലരും ഇപ്പോഴും കരുതുന്നുണ്ട്. മാനസികരോഗ ചികിത്സയോടുള്ള ജനങ്ങളുടെ സമീപനത്തില്‍ ക്രമേണയാണെങ്കിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാനസിക രോഗം വിദഗ്ധനായ ഡോക്ടറുടെ ഫലപ്രദമായ ചികിത്സകൊണ്ട് ഭേദമാവുന്നതാണെന്ന തിറിച്ചറിവ് സമൂഹത്തില്‍ വന്നിട്ടുണ്ട്. ഈ മാറ്റത്തിനുസരിച്ച് ചികിത്സ തേടുന്നവരും ഈ മേഖലയില്‍ ഉന്നത പഠനം നടത്തുന്നവരും വര്‍ധിച്ചിട്ടുണ്ട്. ലോകത്ത് തന്നെ വളരെ വേഗത്തില്‍ വികസിക്കുന്നതും കൂടുതല്‍ രോഗികളുണ്ടാവുന്നതുമായ മേഖലയാണ് സൈക്യാട്രി. പാര്‍ശ്വഫലങ്ങള്‍ കുറവുള്ള ഫലപ്രദമായ നിരവധി മരുന്നുകളും ഇന്നു ലഭ്യമാണ്.
എന്നാല്‍ കിഡ്‌നി തകരാറിലാവും, ശരീരത്തിന്റെ തടികൂടും, മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും മരുന്നു തുടരണം തുടങ്ങിയ പല തെറ്റിദ്ധാരണകളും മാനസികരോഗ മരുന്നിനെ കുറിച്ചു സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇതു തെറ്റാണ്.
മരുന്നു കഴിച്ചു ഗുണം ലഭിച്ചാല്‍ പിന്നെ ഡോക്ടറെ കാണാതെ ആ മരുന്നു തന്നെ ദീര്‍ഘകാലം തുടര്‍ന്നാല്‍ ചിലപ്പോള്‍ അപകടം ഉണ്ടായേക്കും. ചില മരുന്നുകള്‍ ചികിത്സയുടെ ആദ്യഘട്ടത്തില്‍ മാത്രം നല്‍കേണ്ടതായിരിക്കും. രോഗത്തിന്റെ മാറ്റത്തിനുസരിച്ചു മരുന്നുകള്‍ മാറ്റി നല്‍കേണ്ടതുമുണ്ടാവും. എന്നാല്‍ ചിലര്‍ ഡോക്ടര്‍ ആദ്യം നല്‍കിയ മരുന്നിനു അഡിക്റ്റായാല്‍ പിന്നീട് ഡോക്ടറുടെ നിര്‍ദേശമില്ലാതെ പഴയ മരുന്നുകള്‍ തന്നെ ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇതു വലിയ അപകടം ചെയ്യും.

രോഗ നിര്‍ണയം ശ്രമകരം

ലോകത്ത് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ചികിത്സാ രീതിയാണ് മാനസികരോഗ ചികിത്സ. അതുപോലെ ഏറ്റവും പ്രയാസകരമായ ചികിത്സയുമാണിത്. ശാരീരിക ദ്രവങ്ങളുടെ സ്വാഭാവിക മെഡിക്കല്‍ ടെസ്റ്റിനാല്‍ നിമിഷ നേരം കൊണ്ട് കണ്ടെത്താനാവുന്നതുമല്ല ഈ രോഗം. രോഗിയുടെ സ്വഭാവവും പ്രവൃത്തിയും അപഗ്രന്ഥനം ചെയ്തും, കൂട്ടൂകാരുടേയും ബന്ധുക്കളുടേയും അഭിപ്രായം വിശകലനം ചെയ്തും വേണം രോഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനും ചികിത്സ നല്‍കാനും. താന്‍ ഒരു മാനസികരോഗിയാണെന്ന കാര്യം ഒരു രോഗി തിരിച്ചറിയുക തന്നെയാണ് ഏറെ പ്രധാനം. രോഗിയുടെ പ്രകൃതിയും സ്വഭാവവും സാമൂഹിക സാഹചര്യവും അറിഞ്ഞുവേണം മരുന്നു നിര്‍ണയിക്കാന്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.