2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആ നിറപുഞ്ചിരി ഓര്‍മയായിട്ട് ഒരു വര്‍ഷം

കെ.എം അബ്ബാസ് ഫൈസി പുത്തിഗെ

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ഇമാം ശാഫിഈ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റും മൂഡബിദ്ര ഖാസിയുമായിരുന്ന എം.എ ഖാസിം മുസ്‌ലിയാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം അറഫാ ദിവസം ളുഹ്‌റിനോടടുത്ത സമയത്താണ് അദ്ദേഹം വിടപറഞ്ഞത്. ഉപ്പള മുസോടിയില്‍ കടല്‍ക്ഷോഭം കാരണം നിരവധി വീടുകള്‍ തകര്‍ന്നപ്പോള്‍ അവിടെ സന്ദര്‍ശനം നടത്തുകയും ദുരിതത്തിലായവരെ സമാധാനിപ്പിക്കുകയും അവര്‍ക്ക് പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്ത് മടങ്ങിവരുന്ന വഴിക്കാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഏതൊരാളെയും ആകര്‍ഷിക്കുന്ന പെരുമാറ്റ രീതിയും എല്ലാവരെയും സ്‌നേഹിക്കാന്‍ കഴിയുന്ന പ്രത്യേക സ്വഭാവവും അഗാധ പാണ്ഡിത്യവും ധാരാളം ശിഷ്യഗണങ്ങളും ഖാസിം മുസ്‌ലിയാരുടെ പ്രത്യേകതയാണ്. കുമ്പളക്കടുത്ത് ബദ്രിയാ നഗറില്‍ സ്ഥാപിക്കപ്പെട്ട ഇമാം ശാഫിഈ അക്കാദമി അദ്ദേഹത്തിന്റെ സ്വന്തം ത്യാഗത്തിന്റെ ഫലമാണ്. നാന്നൂറിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ എല്ലാമെല്ലാമായിരുന്ന ഖാസിം മുസ്‌ലിയാര്‍ തന്റെ വിയര്‍പ്പിന്റെ തുള്ളികളില്‍ നിന്നുത്ഭവിച്ചുണ്ടായ സ്ഥാപനത്തിന്റെ ആദ്യത്തെ സനദ് ദാന സമ്മേളനം വന്‍ വിജയമാക്കി, അശ്ശാഫിഈ ബിരുദവും നല്‍കി തന്റെ ശിഷ്യരില്‍ ആദ്യ ബാച്ചിനെ സമൂഹത്തിന് സമര്‍പ്പിച്ചാണ് യാത്രയായത്.
വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എന്നതിന് പുറമെ കേന്ദ്ര മുശാവറ അംഗവും കാസര്‍കോട്ടെ ജില്ലാ മുശാവറ വര്‍ക്കിങ് സെക്രട്ടറിയുമായിരുന്നു.
കാസര്‍ക്കോടുകാരനാണെങ്കിലും കര്‍ണാടകയുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കര്‍ണാടകയിലും സമസ്തയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ സാധിച്ചിരുന്നു. മദ്ഹബിന്റെ ഇമാമായ ശാഫി ഇമാമിനോട് വലിയ ഇഷ്ടം അദ്ദേഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ശാഫി ഇമാമിനെ പരാമര്‍ശിക്കാതിരിക്കല്‍ അപൂര്‍വമായിരിക്കും. ശാഫി ഇമാമിന്റെ മഖ്ബറ സിയാറത്ത് ചെയ്യണമെന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് ഇമാം ശാഫി(റ)ന്റെ മഖ്ബറ സിയാറത്തിന് ഭാഗ്യമുണ്ടായത് അദ്ദേഹത്തിന്റെ ജീവിത സന്തോഷങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.