2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അത്യാധുനിക ഡ്രില്ലിങ് മെഷീന്‍ പരാജയപ്പെട്ടിടത്ത് രക്ഷകരായത് മുന്നാ ഖുറേശിയും സംഘവും: ഉത്തരകാശിയില്‍ രക്ഷകനായ ഹീറോയെ അറിയാം

അത്യാധുനിക ഡ്രില്ലിങ് മെഷീന്‍ പരാജയപ്പെട്ടിടത്ത് രക്ഷകരായത് മുന്നാ ഖുറേശിയും സംഘവും: ഉത്തരകാശിയില്‍ രക്ഷകനായ ഹീറോയെ അറിയാം

ഡെറാഡൂണ്‍: ‘..അവസാന കല്ലും എടുത്തു നോക്കിയപ്പോള്‍ ഞാന്‍ അവരുടെ മുഖം കണ്ടു. അടുത്തിയതോടെ അവരെന്നെ കെട്ടിപ്പിടിച്ചു. ആ സമയം അവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്..”, 17 ദിവസമായി ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ച ശേഷം റാറ്റ് മൈനിങ് തൊഴിലാളിയായ മുന്നാ ഖുറേശിയുടെ വാക്കുകളാണിത്.

ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ ഖനി ത്തൊഴിലാളികളെ രക്ഷിക്കാനായി ഡല്‍ഹിയില്‍നിന്നു വന്ന ഹീറോ മുന്നാ ഖുറേശിയെ അറിയില്ലേ? ഭൂമിക്കിടിയില്‍ തുരന്ന് വന്‍കിട ഖനി ഉടമകള്‍ക്ക് പണം ഉണ്ടാക്കിക്കൊടുക്കുന്ന, എന്നാല്‍ ആരും അറിയപ്പെടാതിരുന്ന മുന്നാ ഖുറേശിയടക്കമുള്ള റാറ്റ് മൈനിങ് തൊഴിലാളികള്‍ പൊടുന്നനെയാണ് രാജ്യത്തിന്റെ ഹീറോ ആയത്.

 

   

യു.എസില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നുമുള്ള ഡ്രില്ലിങ് വിദഗ്ധര്‍ നയിച്ച ഓഗര്‍ മെഷീന്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്ന കാര്യം വളരെ ദുഷ്‌കരമായിരുന്നു. ഒരുവേള അവര്‍ ഇനി പുറംലോകം കാണാന്‍ ഒരുമാസം വരെ വേണ്ടിവരുമെന്നുമുള്ള ഘട്ടത്തിലെത്തിയപ്പോഴാണ് മുന്നാ ഖുറേശിയുടെ നേതൃത്വത്തിലുള്ള ആറംഗ റാറ്റ് മൈനിങ് തൊഴിലാളികളെത്തിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനധികൃത കല്‍ക്കരി ഖനനത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്ന രീതിയായ റാറ്റ് ഹോള്‍ ഖനനം 2014ല്‍ ദേശീയ ഹരിത ട്രൈബൂണല്‍ നിരോധിച്ചതാണ്. ഖനിത്തൊഴിലാളികള്‍ 120 മീറ്റര്‍ വരെ താഴ്ചയുള്ള ഖനികളില്‍ ഇറങ്ങി പിന്നീട് തിരശ്ചീനമായ ഇടുങ്ങിയ മാളങ്ങളിലൂടെ സഞ്ചരിച്ച് കല്‍ക്കരി അവിശിഷ്ടങ്ങള്‍ അരിച്ചുപൊറുക്കി ശേഖരിക്കുന്ന അപകടകരമായ ഖനന പ്രക്രിയയാണിത്. ഇത്തരം ജോലിക്കിടെ അപകടങ്ങള്‍ പതിവാണ്. ഏണികളും കയറുകളും ഉപയോഗിച്ച് താഴ്ചയുള്ള ഖനികളിലേക്ക് തൊഴിലാളികള്‍ ഇറങ്ങും. പിന്നീട് ഇടുങ്ങിയ എലിമാളങ്ങള്‍ പോലെ തിരശ്ചീനമായ മാളങ്ങളിലൂടെ നീങ്ങിയാണ് കല്‍ക്കരി ശേഖരിക്കുക. ഇങ്ങിനെ ഖനനംചെയ്യുന്നവരെയാണ് ഉത്തരകാശിയിലെ രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം ഒടുവില്‍ ആശ്രയിച്ചത്. ഏറെ വിവാദവും രാജ്യത്ത് നിരോധിക്കപ്പെട്ടതുമായ തീര്‍ത്തും മനുഷ്യ അദ്വാനമായ റാറ്റ്‌ഹോള്‍ ഖനന രീതി അധികൃതര്‍ക്ക് സ്വീകരിക്കേണ്ടി വരുകയായിരുന്നു.

ഉത്തരകാശിയിലെ തുരങ്കത്തിന്റെ മുകളില്‍നിന്ന് കുഴിക്കുകയാണെങ്കില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളില്‍ എത്താന്‍ 82 മീറ്റര്‍ ആഴമാണ് വേണ്ടത്. 40 മീറ്റര്‍ കഴിഞ്ഞതോടെ യന്ത്രങ്ങള്‍ ഉപയോഗിച്ച് മാനുഷിക അദ്വാനമായി.

അവശിഷ്ടങ്ങള്‍ക്കിടയിലൂടെ സ്ഥാപിക്കുന്ന 900 എം.എം വ്യാസമുള്ള പൈപ്പുകളിലൂടെ റാറ്റ് മൈനിങ് തൊഴിലാളികളെ കടത്തിവിട്ടു. ഇവര്‍ അതിലൂടെ അകത്തുകയറി അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തൊഴിലാളികള്‍ കുടുങ്ങിയ സ്ഥലത്തേക്കുള്ള പാത സുഗമമാക്കി. 90 എം.എം പൈപ്പില്‍ മണ്‍വെട്ടി ഉപയോഗിച്ച് കുഴിയെടുത്താണ് ഇവര്‍ മണ്ണ് നീക്കിയത്. ഹെല്‍മറ്റ്, ഓക്‌സിജന്‍ മാസ്‌ക്, കണ്ണട എന്നിവ ധരിച്ചാണ് റാറ്റ്‌ഹോള്‍ ഖനിത്തൊഴിലാളികള്‍ പൈപ്പുകള്‍ക്കുള്ളില്‍ കടക്കുന്നത്. 600 എം.എം വ്യാസമുള്ള പൈപ്പുകളിലൂടെ പോലും ഊര്‍ന്നിറങ്ങി മണ്ണ് നീക്കംചെയ്ത് പരിചയമുള്ളവരാണിവര്‍.

തുരങ്കത്തിന് മുകളില്‍നിന്ന് കുഴിച്ചാല്‍ 82 മീറ്റര്‍ ആഴമാണ് വേണ്ടത്. പകുതിയോളം ഡ്രില്ലിങ് മെഷീന്‍ കൊണ്ട് കുഴിച്ച ശേഷം ബാക്കി കുഴിച്ചത് മാനുഷിക അദ്വാനം കൊണ്ടായിരുന്നു. മുന്നയുടെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ റാറ്റ് മൈനിങ് തൊഴിലാളികളാണ് ബാക്കി കുഴിച്ചത്. അവസാന 12 മീറ്റര്‍ കുഴിക്കാനായി സംഘത്തിലെ ഏറ്റവും പരിചയസമ്പന്നനായ മുന്ന ഖുറേശിയെയാണ് ദേശീയ ദുരന്തനിവാരണ സേന നിയോഗിച്ചത്. ഡല്‍ഹിയിലെ മൈനിങ് എന്‍ജിനീയറിങ് കമ്പനിയിലെ റാറ്റ് ഹോള്‍ മൈനറാണ് 29 കാരനായ മുന്ന ഖുറേശി. മുന്നയെ കൂടാതെ വക്കീല്‍ ഖാന്‍, മോനു കുമാര്‍, ഫിറോസ്, പ്രസാദ് ലോധി, വിപിന്‍ രജൗത്ത് എന്നിവരാണ് അറംഘ സംഘത്തിലുണ്ടായിരുന്നത്.

ഇതില്‍ മുന്ന ഖുറേശിയാണ് കുടുങ്ങിക്കിടക്കുന്നവര്‍ കഴിയുന്ന സ്ഥലത്തെക്ക് ആദ്യം എത്തിയത്. ഈ നിമിഷത്തെ കുറിച്ച് മുന്ന ഖുറേശി പറയുന്നത് ഇങ്ങനെയാണ്: അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് കണ്ടു. അപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു…

സില്‍ക്യാര തുരങ്കത്തിന് സമീപത്ത് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയടക്കമുള്ളവരുടെയും രക്ഷാപവര്‍ത്തിന്റെ ലൈവ് ടെലിവിഷനിലൂടെ കണ്ട് കൊണ്ടിരുന്നവരുടെയും കണ്ണുകളും നിറക്കുന്നതായിരുന്നു ഈ ദൃശ്യങ്ങളെല്ലാം.

Meet Uttarkashi tunnel rescue operation ‘hero’, Munna Qureshi, who came from Delhi to free 41 workers


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.