2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

താലിബാന്റെ ഉന്നത നേതാക്കള്‍ ആരൊക്കെ?- ആര് പ്രസിഡന്റാവും?

 

കാബൂള്‍: അഫ്ഗാന്റെ പുതിയ പ്രസിഡന്റായി താലിബാന്‍ ആത്മീയ നേതാവും താലിബാന്‍ ഇസ്‌ലാമിക കോടതി തലവനുമായ ഹിബത്തുല്ല അഖുന്‍സാദ അധികാരമേല്‍ക്കും. മുന്‍ താലിബാന്‍ കമാന്‍ഡര്‍മാരുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഖുന്‍സാദ 2016ലാണ് സംഘടനയുടെ പരമോന്നത നേതാവായത്.

അന്നത്തെ താലിബാന്‍ നേതാവ് മന്‍സൂര്‍ അക്തറിനെ യു.എസ് സേന ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയപ്പോഴാണ് ഇദ്ദേഹം തലപ്പത്തെത്തിയത്.

താലിബാനെ ഇന്നത്തെ നിലയില്‍ സുസജ്ജവും കേഡര്‍ സ്വഭാവമുള്ള സായുധസംഘടനയാക്കിയത് ഇദ്ദേഹമാണ്.
പിതാവ് മുല്ല മുഹമ്മദ് അഖുന്‍ദ് ഗ്രാമത്തിലെ പള്ളി ഇമാമായിരുന്നു. 1980കളില്‍ അഫ്ഗാനിലെ സോവിയറ്റ് അധിനിവേശ സേനയ്‌ക്കെതിരായ പോരാട്ടത്തില്‍ അഖുന്‍സാദ പങ്കെടുത്തിരുന്നു. 2001ല്‍ യു.എസ് അധിനിവേശാനന്തരമാണ് ഇദ്ദേഹം താലിബാന്റെ മതപണ്ഡിത സമിതി അധ്യക്ഷനായത്. പിന്നീട് ശരീഅത്ത് കോടതി ചീഫ് ജസ്റ്റിസായി. മതവിധികള്‍ നല്‍കുന്നതില്‍ പ്രധാനി കൂടിയായിരുന്നു. 2012ല്‍ ഖ്വറ്റയില്‍ വച്ച് അഖുന്‍സാദയ്ക്കു നേരേ വധശ്രമമുണ്ടായതോടെ 2001നു ശേഷം ഇദ്ദേഹം വിദേശത്തു പോയിട്ടില്ല.

മറ്റു പ്രമുഖ താലിബാന്‍ നേതാക്കള്‍

അബ്ദുല്‍ ഗനി ബറാദാര്‍

പാക് ജയിലില്‍ തടവിലായിരുന്ന അബ്ദുല്‍ ഗനി ബറാദാര്‍ മൂന്നുവര്‍ഷം മുമ്പാണ് മോചിതനായത്. താലിബാന്റെ രാഷ്ട്രീയകാര്യ മേധാവിയാണ് ഇദ്ദേഹം. മുല്ല ഉമറിനൊപ്പം താലിബാനെ കെട്ടിപ്പടുത്ത നേതാവാണ്. താലിബാന്റെ പുറംലോകത്തിന് പരിചിതമായ മുഖമാണ് ഇദ്ദേഹം. 2010ല്‍ പാകിസ്താനില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ രാഷ്ട്രീയകാര്യ മേധാവിയായതോടെ യു.എസ് നിര്‍ദേശപ്രകാരമാണ് പാക് അധികൃതര്‍ ജയില്‍ മോചിതനാക്കിയത്.

ദോഹയില്‍ യു.എസുമായി നടന്ന ചര്‍ച്ചകളില്‍ താലിബാന് നേതൃത്വം നല്‍കിയത് ബറാദാറാണ്. ഇദ്ദേഹവും സോവിയറ്റ് സേനയ്‌ക്കെതിരേ പോരാടിയ നേതാവാണ്.

സിറാജുദ്ദീന്‍ ഹഖാനി

സോവിയറ്റ് സേനയ്‌ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ അഫ്ഗാന്‍ കമാന്‍ഡര്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന്‍ ഹഖാനി. താലിബാന്‍ ഉപനേതാവാണ്. അഫ്ഗാനില്‍ യു.എസ്-നാറ്റോ സേനയ്‌ക്കെതിരായ പോരാട്ടത്തിന് കരുത്തു പകര്‍ന്ന ഹഖാനി ശൃംഖലയുടെ തലവന്‍.

മുല്ല യാഖൂബ്

താലിബാന്‍ സ്ഥാപകനേതാവായ മുല്ല ഉമറിന്റെ മകനായ മുല്ല യാഖൂബ് താലിബാന്‍ സേനയുടെ തലവനാണ്. സംഘടനയുടെ അടുത്ത നേതാവാകാന്‍ സാധ്യതയുള്ളയാള്‍. ചെറുപ്പമായതിനാലും യുദ്ധപരിചയം കുറവായതിനാലും നേതൃസ്ഥാനം ത്യജിച്ച് 2016ല്‍ അഖുന്‍സാദയെ നേതാവായി നിര്‍ദേശിച്ചത് ഇദ്ദേഹമാണ്.

റഹ്ബാരി ശൂറ

താലിബാന്റെ പരമോന്നത സമിതിയാണ് റഹ്ബാരി ശൂറ. രാഷ്ട്രീയ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് ശൂറയാണ്. ശൂറയുമായി കൂടിയാലോചിച്ചേ ഹിബത്തുല്ല അഖുന്‍സാദ നിര്‍ണായക തീരുമാനങ്ങളെടുക്കൂ. എന്നാല്‍ മുല്ല ഉമറുള്ള കാലത്ത് അദ്ദേഹമായിരുന്നു തീരുമാനങ്ങളെടുത്തിരുന്നത്.

താലിബാന്റെ നിര്‍ണായക സൈനികനടപടി സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന ശൂറയുടെ കീഴില്‍ സാമ്പത്തിക-വിദ്യാഭ്യാസ-ആരോഗ്യ കമ്മിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. വിവിധ മന്ത്രാലയങ്ങള്‍ പോലെയാണ് ഇവ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.