2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യുവത്വം, പ്രൊഫഷനലിസം: സിവില്‍ സര്‍വിസിന്റെ മാറുന്ന മുഖമായി മീര്‍ മുഹമ്മദും സഫീറുല്ലയും

ആദില്‍ ആറാട്ടുപുഴ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മീര്‍ മുഹമ്മദ് അലിയെയും ഐ.ടി സെക്രട്ടറിയായി കെ. മുഹമ്മദ് വൈ.സഫീറുല്ലയെയും ചുമതലപ്പെടുത്തിയതോടെ സിവില്‍ സര്‍വിസിലാകെത്തന്നെ പ്രൊഫഷനലിസത്തിന്റെ കാറ്റ് വീശിത്തുടങ്ങുകയാണ്.
പ്രായത്തിനും പഴക്കത്തിനും സ്ഥാനത്തിനേക്കാള്‍ വില കല്‍പ്പിച്ചിരുന്ന പാരമ്പര്യങ്ങളെ തച്ചുടക്കുന്ന മാതൃകയ്ക്കാണ് വിവാദമായ സ്വര്‍ണക്കടത്തും മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറി എം.ശിവശങ്കരന്റെ സ്ഥാനമാറ്റവും ഫലത്തില്‍ തുടക്കമിട്ടിരിക്കുന്നത്.
മിടുക്കരായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പ്രായമോ പരിചയ സമ്പന്നതയോ പ്രശ്‌നമല്ലെന്ന വ്യക്തമായ സന്ദേശം പൊതുസമൂഹത്തിന് നല്‍കാനും ഈ നിയമനത്തിനായി. നിലവില്‍ സെക്രട്ടറി പദവികളിലിരിക്കുന്നവരെല്ലാം 2000 ബാച്ചിന് മുന്‍പുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.
എന്നാല്‍ 2011 ബാച്ച് ഉദ്യോഗസ്ഥനായ മീര്‍ മുഹമ്മദ് അലിയെയും 2010 ബാച്ച് ഉദ്യോഗസ്ഥനായ കെ.മുഹമ്മദ് വൈ.സഫീറുല്ലയെയും നിയമിക്കാന്‍ മാനദണ്ഡമാക്കിയത് കഴിവ് മാത്രമാണെന്ന് വ്യക്തം. മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്ന് പ്രധാന തസ്തികകളില്‍ മീര്‍ മുഹമ്മദിനെയും സഫീറുല്ലയെയും നിയമിച്ചതില്‍ ഐ.എ.എസ് തലപ്പത്ത് അതൃപ്തിയെന്ന വാര്‍ത്തകളും ദുഷ്ട ലാക്കോടെയുള്ള സംഘ്പരിവാര്‍ പ്രചാരണങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസ് തള്ളി. പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സക്രിയമായ സിവില്‍ സര്‍വിസ് നടപ്പാക്കണമെന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനിടെ ഈ നിയമനങ്ങളില്‍ മുതിര്‍ന്ന ഐ.എ.എസുകാര്‍ക്ക് അതൃപ്തി എന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ ചീഫ് സെക്രട്ടറി തള്ളി.
വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. ഈ തസ്തികകളില്‍ ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചുവെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരാരും ചീഫ് സെക്രട്ടറിയോട് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി എല്ലാം ക്ലീന്‍
മീര്‍ മുഹമ്മദിന് കീഴില്‍

ശുചിത്വമിഷന്‍ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ചെന്നൈ സ്വദേശി മീര്‍ മുഹമ്മദ് അലി സര്‍വിസ് തുടങ്ങുന്നത് കോഴിക്കോട് സബ് കലക്ടറായാണ്. എന്‍ജിനിയറിങ് ബിരുദത്തിനും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിനും ശേഷം 2011ലാണ് 59-ാം റാങ്കുകാരനായി മീര്‍ സിവില്‍ സര്‍വിസ് പാസാകുന്നത്. 2016 മുതല്‍ മൂന്നു വര്‍ഷം കണ്ണൂര്‍ ജില്ലാ കലക്ടറായിരിക്കെ ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികളും പ്രവര്‍ത്തനങ്ങളാണ് മീര്‍ കാഴ്ച്ചവെച്ചത്. 2017ലെ രാജ്യത്തെ ഏറ്റവും മികച്ച സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരില്‍ നാലാം സ്ഥാനം മീര്‍ മുഹമ്മദിനായിരുന്നു. സംസ്ഥാനത്തെ ആദ്യ പ്ലാസ്റ്റിക് മുക്ത ജില്ലയായി കണ്ണൂരിനെ മാറ്റിയെടുക്കാനും സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനത്തിന് ചുക്കാന്‍ പിടിക്കാനും മീര്‍ മുഹമ്മദിനായി. ആറളം ഫാമിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസിലാക്കിക്കൊടുക്കാന്‍ തുടക്കമിട്ട പദ്ധതിയും ജില്ലയിലെ ഗവ.ഓഫിസുകളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വിലയിരുത്താന്‍ മാര്‍ഗമൊരുക്കിയ കണ്ണൂര്‍ ആപ്പും ശ്രദ്ധനേടി. സര്‍വേ ലാന്‍ഡ് റെക്കോഡ് ഡയറക്ടറായിരിക്കെ മാപ്പ് മൈ ഹോം എന്ന ശ്രദ്ധേയ പദ്ധതിയിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പദ്ധതിക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റതേയുള്ളൂവെന്നും കൂടുതല്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി സജീവമായി ഉണ്ടാകുമെന്നും മീര്‍ മുഹമ്മദ് ‘സുപ്രഭാത’ത്തോട് പറഞ്ഞു.

ജാഗ്രതയുണ്ട്; ആശയമുണ്ട്
സഫീറുല്ലയുടെ പക്കല്‍

ഐ.ടി സെക്രട്ടറിയായി ചുമതലയേല്‍പ്പിച്ച കെ.മുഹമ്മദ് വൈ.സഫീറുല്ല നിലവില്‍ ഓസ്‌ട്രേലിയയില്‍ പരിശീലനത്തിലാണ്. നിലവില്‍ ഇദ്ദേഹത്തിന്റെ ചുമതല തുറമുഖ സെക്രട്ടറി സഞ്ജയ് കൗളാണ് വഹിക്കുന്നത്. തമിഴ്‌നാട് സേലം സ്വദേശിയായ സഫീറുല്ല 2010 സിവില്‍ സര്‍വിസ് ബാച്ചില്‍ 55-ാം റാങ്കുകാരനാണ്. എം.ജി രാജമാണിക്യത്തിന്റെ പിന്മുറക്കാരനായി 2016ല്‍ എറണാകുളം ജില്ലാ കലക്ടറുടെ ചുമതലയേറ്റ സഫീറുല്ല അദ്ദേഹത്തിന്റെ പദ്ധതികളായ എന്റെ കുളം-എറണാകുളം, പ പ പഠിക്കാം പഠിപ്പിക്കാം, അന്‍പോട് കൊച്ചി തുടങ്ങിയ പദ്ധതികള്‍ ക്രിയാത്മകമായി നടപ്പാക്കുന്നതില്‍ നിര്‍ണായക ചുമതല വഹിച്ചു. എറണാകുളത്ത് വിജയകരമായി നടപ്പിലാക്കിയ അഥിതി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പദ്ധതിയായ റോഷ്‌നി, സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ നുമ്മ ഊണ് തുടങ്ങിയവ സഫീറുല്ലയുടെ ആശയങ്ങളാണ്. ഐ.ടി മിഷന്‍ ഡയറക്ടറായിരിക്കെ നടപ്പിലാക്കിയ അക്ഷയ, ഇ-ജില്ല, സ്റ്റേറ്റ് ഡാറ്റ സെന്റര്‍, മൊബൈല്‍ ഗവര്‍ണന്‍സ്, കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം, ഇ- ജാഗ്രത തുടങ്ങിയ പദ്ധതികളും ഈ യുവ ഐ.എ.എസുകാരന്റെ പദ്ധതികളാണ്. സിവില്‍ സര്‍വിസില്‍ പ്രവേശിക്കും മുന്‍പ് എം.ബി.എക്കാരനായ സഫീറുല്ല അഞ്ചുവര്‍ഷത്തോളം ഐ.ടി മേഖലയിലും സേവനമനുഷ്ടിച്ചിരുന്നു.
റിട്ടയേഡ് അധ്യാപകനായ കറാമത്തുല്ലയുടെയും സേലം ശാരദ കോളജ് ഫോര്‍ വുമണ്‍ അസോസിയേറ്റ് പ്രൊഫസര്‍ മെഹ്താബ് ബീഗത്തിന്റെയും മകനാണ്. ഭാര്യ:ആസിയ യാസ്മീന്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.