2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മെഡിക്കല്‍ ബില്ല് തിരിച്ചയച്ച ഗവര്‍ണറും ഓര്‍ഡിനന്‍സ് ഒപ്പിട്ട ഗവര്‍ണറും രണ്ടല്ല

ദലിതന്റെ ദൈന്യത വാണിജ്യ ഉപകരണമാക്കുന്നവരില്‍ നിന്നു മോചനം ഉണ്ടാവണം. വടക്കെ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ ദലിതര്‍ നടത്തിയ പ്രക്ഷോഭത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കുതിര വാങ്ങിയെന്ന കുറ്റം ചുമത്തി ദലിതനെ അടിച്ചു കൊന്നു. വിലക്കെടുക്കാനുള്ള ചരക്കല്ല തങ്ങളെന്ന് ദലിതര്‍ സ്വയം തീരുമാനിച്ചാല്‍ രക്ഷപ്പെടുമെന്നുറപ്പ്. അട്ടപ്പാടിയിലെ മധു എത്ര പെട്ടെന്നാണ് വിപണിവസ്തുവായത്. കഥ, കവിത, ചലച്ചിത്രം എല്ലാ കണക്കുകളും കറന്‍സിയിലേക്കായാല്‍ കഥ മാറ്റമില്ലാതെ തുടരും.

പിണങ്ങോട് അബൂബക്കര്‍ 9847700450

ഭരണഘടന പരത്തിപ്പറഞ്ഞ വിദ്യാഭ്യാസ അവകാശം ദരിദ്രര്‍ക്ക് ഇപ്പോഴും ലഭ്യമല്ല. പണമാണ് പ്രഥമ യോഗ്യത. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളെ സഹായിക്കാന്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ഒന്നിച്ചു കൈപൊക്കിയതിന്റെ പിന്നില്‍ പണം മണത്തവരോട് വിയോജിക്കുന്നു. സമാനമായ ഐക്യം സഭയില്‍ രണ്ടുതവണ ഉണ്ടായത് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ശമ്പള അലവന്‍സുകള്‍ വര്‍ധിപ്പിക്കുന്ന ബില്ല് വന്നപ്പോള്‍ മാത്രമാണ് ബാബരി പള്ളി യഥാസ്ഥാനത്ത് നിര്‍മിക്കണമെന്ന പ്രമേയത്തിനും ഏകകണ്ഠമായ പിന്തുണ കിട്ടിയത് ഇതിനോട് ചേര്‍ത്തു വായിച്ചുകൂടാ. ധനപരമായ കാര്യത്തിലുള്ള വിയോജിപ്പും യോജിപ്പും പാര്‍ട്ടികളുടെ നയങ്ങളുമായി യോജിച്ചുവരാറില്ല.

 

അതിലൊന്നു മെഡിക്കല്‍ അസോസിയേഷന്‍ വരച്ചുവച്ച പരിധികള്‍ മറികടന്നു സംസ്ഥാന സര്‍ക്കാര്‍ രണ്ടുതവണ ഉത്തരവിറക്കി. ഈ ഓര്‍ഡിനന്‍സില്‍ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം കൈയൊപ്പ് വച്ചു. സുപ്രിംകോടതി കനപ്പിച്ചു പറഞ്ഞതില്‍ പിന്നെ വന്ന ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചു.

നിയമ പണ്ഡിതന്‍ കൂടിയായ ഗവര്‍ണര്‍ ഒപ്പിട്ടതും തിരിച്ചയച്ചതും ഒരേ വിഷയങ്ങളാണ്. ഈ വൈരുധ്യമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ താല്‍പര്യപരമായ പരിസരം വ്യക്തമാക്കുന്നതും.

നിയമോപദേശം വാങ്ങി പഠിച്ചു പരിശോധിച്ചാണ് ശൈലജ ടീച്ചര്‍ മെഡിക്കല്‍ ഉത്തരവുണ്ടാക്കി 180 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഒരുക്കിയത്. ഈ ഉത്തരവിന്റെ നിയമവശം പഠിക്കാതെയാവില്ലല്ലോ ഗവര്‍ണര്‍ ഒപ്പുവച്ചതും. ഡെമോക്രസിയില്‍ നിന്നും ഡെമനോക്രസിയിലേക്ക് വഴിനടത്താന്‍ സഹായിക്കുന്നവരെ തിരിച്ചറിയണം. നല്ല ഫീസ് വാങ്ങിവച്ച് നിലനില്‍ക്കാത്ത ഉപദേശം നല്‍കുന്നവരുടെ ഫയലുകള്‍ പഠിച്ചു നോക്കണം. പോരാട്ട ഭൂമിയില്‍ പൊരുതി ജയിക്കുന്നവരാവണം ഭരണാധികാരികള്‍. കീഴടങ്ങുന്നവരോ ഒളിച്ചോടുന്നവരോ ദയവുചെയ്ത് രാഷ്ട്രീയപ്പണി മതിയാക്കണം. ജനപക്ഷമാണ് സുപ്രധാനം. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിച്ചിട്ട മാര്‍ഗ തടസങ്ങള്‍ക്ക് ഭരണാധികാരികള്‍ തന്നെയാണ് പ്രധാന ഉത്തരവാദികള്‍.

 

സല്‍മാന്‍ഖാനും കൃഷ്ണമൃഗവും

ഇന്ത്യന്‍ സിനിമയിലെ ഇപ്പോഴത്തെ വിലകൂടിയ താരം സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതിന് കോടതി നല്‍കിയ അഞ്ചു വര്‍ഷം കഠിനതടവ് ശിക്ഷ ഉചിതമായെന്ന് വിചാരിച്ചു തീരുന്നതിനു മുമ്പ് ജാമ്യവും അനുവദിച്ചു. ഒറ്റ രാവുകൊണ്ട് സല്‍മാന്‍ഖാന് ജാമ്യം കിട്ടാനിടയായത് വിലകൂടിയ വക്കീല്‍ സര്‍വസന്നാഹങ്ങളോടെ ഹാജരായതുകൊണ്ടു കൂടിയാണ്. സമാനമായ കേസില്‍ ഒരു സാധാരണക്കാരന്‍ പെട്ടാല്‍ അഴിക്കകത്ത് നിന്ന് പുറത്തിറങ്ങാന്‍ നീതിന്യായ വ്യവസ്ഥയില്‍ വകുപ്പു കാണാന്‍ ഞെരുക്കമാണ്.

മദീനയിലെ കറവക്കാരോട് ഒരിക്കല്‍ പ്രവാചകന്‍ ഉപദേശിച്ചു. ‘നിങ്ങള്‍ നഖം കൃത്യമായി മുറിക്കണം. അല്ലാതെ വന്നാല്‍ ഒട്ടകങ്ങളുടെ മുലയിലോ അകിടിലോ ചെറിയ ക്ഷതം ഏല്‍ക്കാനിടയാവും. അത് അവയ്ക്ക് ചെറു നീറ്റല്‍ ഉണ്ടാക്കും.’ കരുണ വറ്റരുതെന്നും എല്ലാ ജീവികള്‍ക്കും പ്രകൃതിക്കും കരുണക്കവകാശമുണ്ടെന്നുമാണ് പ്രവാചക പാഠം.
പഴയകാല ഇന്ത്യന്‍ രാജാക്കന്‍മാരുടെ ശൂരതയും ധീരതയും അടയാളപ്പെടുത്തപ്പെട്ടത് എത്ര പുലികളെ വേട്ടയാടി എന്നതിനെ ആശ്രയിച്ചായിരുന്നു.

 

ദലിത് ഹര്‍ത്താലിന് തണുപ്പന്‍ പ്രതികരണം

ദലിതരെ വളരാന്‍ വിടാത്തതാരാണെന്ന തര്‍ക്കം അസ്ഥാനത്താണ്. അവര്‍ക്ക് മാത്രമേ അവരുടെ ശത്രുക്കളും മിത്രങ്ങളുമാവാന്‍ കഴിയൂ. മറ്റുള്ളവര്‍ക്കവര്‍ വിപണി വസ്തുവാകാം. പക്ഷെ എന്തുകൊണ്ട് സ്വയം ഉണര്‍ന്നു തിരിച്ചറിവിന്റെ പാതയിലെത്തുന്നില്ല. പല ഗോത്രവര്‍ഗങ്ങളും വംശനാശ ഭീഷണിയിലാണ്. പല ഗോത്രഭാഷകളും സംസ്‌കാരങ്ങളും ഇല്ലാതായി. വികസനത്തിനു നീക്കിവയ്ക്കുന്ന ഫണ്ടുകള്‍ ഇടക്ക് ചോരുന്നുവെങ്കില്‍ ദലിതരുടെ അശ്രദ്ധയോ അറിവില്ലായ്മയോ കാരണമാവുന്നുണ്ട്. ചില പട്ടികവര്‍ഗങ്ങളുടെ ആയുര്‍ദൈര്‍ഘ്യം പോലും കുറയുന്നുണ്ടെന്നാണ് മനസിലാവുന്നത്. പകലെരിയുവോളം പണിയെടുത്തു കിട്ടുന്ന പണത്തിന് മദ്യം വാങ്ങി കുടിച്ചു തളര്‍ന്നുറങ്ങുന്നവരാണ് ആദിവാസികളില്‍ പലരും. ദലിതന്റെ ദൈന്യത വാണിജ്യ ഉപകരണമാക്കുന്നവരില്‍ നിന്നു മോചനം ഉണ്ടാവണം. വടക്കെ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ ദലിതര്‍ നടത്തിയ പ്രക്ഷോഭത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കുതിര വാങ്ങിയെന്ന കുറ്റം ചുമത്തി ദലിതനെ അടിച്ചു കൊന്നു. വിലക്കെടുക്കാനുള്ള ചരക്കല്ല തങ്ങളെന്ന് ദലിതര്‍ സ്വയം തീരുമാനിച്ചാല്‍ രക്ഷപ്പെടുമെന്നുറപ്പ്. അട്ടപ്പാടിയിലെ മധു എത്ര പെട്ടെന്നാണ് വിപണിവസ്തുവായത്. കഥ, കവിത, ചലച്ചിത്രം എല്ലാ കണക്കുകളും കറന്‍സിയിലേക്കായാല്‍ കഥ മാറ്റമില്ലാതെ തുടരും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തു നടന്ന ചെറുതും വലുതുമായ ഹര്‍ത്താലുകളില്‍ 33-ാമത്തെതാണ് ദലിതര്‍ നടത്തിയത്. തണുപ്പന്‍ പ്രതികരണമാണ് അനുഭവപ്പെട്ടത്. കാരണം ദലിതരെ സ്വതന്ത്രരാക്കാന്‍ സവര്‍ണ മനസാഗ്രഹിക്കുന്നില്ല. അവരങ്ങനെ അധഃസ്ഥിതരായി നിലനിന്നാലേ രാഷ്ട്രീയ ലാഭവും ധനലാഭവും ഉണ്ടാക്കാനാവു എന്ന തിരിച്ചറിവാണത്.

‘നല്ല തടിമിടുക്കുള്ള ജി.കെ ചെസ്റ്റര്‍ട്ടനും ശോഷിച്ച ശരീരപ്രകൃതനായ ബര്‍ണാഡ്ഷായും ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ ചെസ്റ്റര്‍ട്ടന്‍ പറഞ്ഞു. ‘നിങ്ങളെ കണ്ടാല്‍ നാട്ടില്‍ ഭക്ഷ്യക്ഷാമമുണ്ടെന്ന് ആരും പറയും’. ബര്‍ണാഡ്ഷായുടെ മറുപടി. ‘താങ്കളെ കണ്ടാല്‍ അതിന്റെ കാരണവും മനസിലാവും.’

ദൈന്യതയും വറുതിയും വെറുതെ ഉണ്ടാവുന്നതല്ല. ഉണ്ടാക്കുന്നതാണ്. പീഡിത സമൂഹത്തെ ഇന്ത്യയിലെ ഒരു വര്‍ഗം താലോലിച്ചു വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ്. ബ്രാഹ്മണര്‍ ഭൂമിയിലെ ദേവന്മാര്‍ എന്നാണ് ഹിന്ദുത്വ വീക്ഷണം.

‘ദൈവാധീനം ജഗത്‌സര്‍വം
മന്ത്രാധീനം തദൈവതം
തന്മന്ത്രം ബ്രാഹ്മണാധീനം
തസ്മത ബ്രാഹ്മണം പ്രപൂജയേത്’
ഈ ജഗത്ത് മുഴുവന്‍ ദൈവങ്ങള്‍ക്കധീനമാണ്. ദൈവങ്ങള്‍ മന്ത്രങ്ങള്‍ക്കും വിധേയമത്രെ! മന്ത്രങ്ങള്‍ ബ്രാഹ്മണരുടെ ആധിപത്യത്തിന്‍ കീഴിലുമാണ്. അതുകാരണം ബ്രാഹ്മണരെ പൂജിക്കുക.
ഒരു ഹര്‍ത്താല്‍ 1000 കോടി രൂപയുടെ ശരാശരി നഷ്ടം വരുത്തുന്നു. പ്ലാനിങ് ബോര്‍ഡിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം കേരളത്തിന്റെ കേന്ദ്രവിഹിതത്തിന്റെ ഇരുപതിനായിരം കോടി രൂപയുടെ കുറവുണ്ടാവും. അപ്പോള്‍ ശരാശരി വാര്‍ഷിക കമ്മി അന്‍പത്തിഅയ്യായിരം കോടി രൂപ. എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും പിന്നെ ഉദ്യോഗസ്ഥര്‍ക്കും ഇതൊന്നും ബാധകമല്ല.പ്രകാശവേഗത്തിലാണ് വിലവര്‍ധനവ്. പഞ്ചസാര വാങ്ങി ചായപ്പൊടി വാങ്ങാന്‍ നിന്നാല്‍ വില അതിനിടയില്‍ വര്‍ധിച്ചിരിക്കും. കര്‍ണാടകയില്‍ സിദ്ധാരാമയ്യ ഇന്ദിരാ റസ്‌റ്റൊറന്റുകള്‍ തുടങ്ങി. ഊണിന് 10 രൂപ. നാസ്തക്ക് 5 രൂപ. ഇവിടെ ചക്ക ദേശീയ പഴമാക്കാനും വയനാട് റെയില്‍പാത വഴിതിരിച്ചുവിടാനും മാത്രമാണ് മന്ത്രിമാര്‍ ഗൃഹപാഠം ചെയ്യുന്നത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.