2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

മാധ്യമങ്ങള്‍ മറന്നതോ മറയ്ക്കുന്നതോ?


 

അത്ഭുതം തോന്നുന്നു, നമ്മുടെ മാധ്യമങ്ങളില്‍ പലതിനും മറവി രോഗമോ അന്ധതയോ ബാധിച്ചുവോ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ പത്രങ്ങളിലും ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്തകളിലൂടെ മനസു പായിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ജനങ്ങളെ നിര്‍ബന്ധമായും അറിയിക്കേണ്ട വാര്‍ത്തകള്‍ പലതും മിക്കതിലും കണ്ടില്ല. ചിലതില്‍ അത്തരം വാര്‍ത്തകള്‍ വന്നുവെങ്കിലും തീര്‍ത്തും അപ്രധാനമായ തരത്തിലായിരുന്നു.

വാര്‍ത്തകള്‍ ഇല്ലാതെയല്ല ഈ മാധ്യമങ്ങളൊക്കെ ജനങ്ങള്‍ക്കു മുന്നിലെത്തിയത്. സ്വര്‍ണക്കടത്തു വിവാദവാര്‍ത്തകളും മറ്റും വേണ്ടത്രയുണ്ട്. അവ വേണ്ടതു തന്നെ.
എന്നാല്‍, അതിനു തുല്യമായോ അതിലേറെ പ്രധാനമായോ വരേണ്ട ചില വാര്‍ത്തകള്‍ക്കു കൂടി സമയവും സ്ഥലവും മാറ്റിവയ്‌ക്കേണ്ടതുണ്ടല്ലോ. ജനാധിപത്യവ്യവസ്ഥയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണു തമസ്‌കരിക്കപ്പെട്ടത്.

അതുകൊണ്ടാണ്, മാധ്യമങ്ങള്‍ക്ക് മറവി രോഗമോ അന്ധതയോ ഉണ്ടോ എന്നു സംശയിച്ചത്. അങ്ങനെയില്ലെങ്കില്‍ പിന്നീട് തീര്‍ച്ചയായും സംശയിക്കേണ്ടത്, മറച്ചുവയ്ക്കലിനെപ്പറ്റിയാണ്.
സംഘ്പരിവാര്‍ അനുകൂല ചാനലായ സുദര്‍ശന്‍ ന്യൂസ് ടി.വിയില്‍ സംപ്രേഷണം ചെയ്തുവന്ന യു.പി.എസ്.സി ജിഹാദ് എന്ന പരിപാടിയുടെ സംപ്രേഷണം തടഞ്ഞ സുപ്രിംകോടതി ഇടക്കാല ഉത്തരവും ആ ഉത്തരവിലെ ചില പരാമര്‍ശങ്ങളുമാണ് മിക്ക മാധ്യമങ്ങളിലും വാര്‍ത്തയല്ലാതായത്.

മുസ്‌ലിംകള്‍ യു.പി.എസ്.സി പരീക്ഷ വഴി ഐ.എ.എസ് പോലുള്ള ഉന്നത സര്‍വിസില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്നു സ്ഥാപിക്കലായിരുന്നു സുദര്‍ശന്‍ വാര്‍ത്തയുടെ ലക്ഷ്യം. അങ്ങനെ മുസ്‌ലിംകള്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിയാല്‍ രാജ്യത്ത് എന്തോ ഭീകരമായ അപകടം സംഭവിക്കും എന്നു കൂടി ദ്യോതിപ്പിക്കുന്നതായിരുന്നു പരിപാടി. ആ ദുഷ്ടചിന്ത ഭൂരിപക്ഷ മതവിഭാഗത്തിലേയ്ക്കു സന്നിവേശിപ്പിച്ചു രാജ്യത്തു ഇപ്പോള്‍ തന്നെ ശക്തമായിക്കൊണ്ടിരിക്കുന്ന വര്‍ഗീയവിഭജനത്തിന് ആക്കം കൂട്ടല്‍ കൂടി ആ വാര്‍ത്താവതരണത്തിനു ലക്ഷ്യമുണ്ടെന്നു മനസിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട.

വിഷലിപ്തമായ ആ നടപടിയാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം തടഞ്ഞത്. മുസ്‌ലിംകള്‍ യു.പി.എസ്.സിയിലേയ്ക്കു നുഴഞ്ഞു കയറുകയാണെന്നു പ്രചരിപ്പിക്കാന്‍ കോടതി അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് നല്‍കിയിരിക്കുന്നത്.

കോടതി ഉത്തരവിലെ ഓരോ വാചകവും ഇന്ത്യയുടെ മതേതരചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ടവയാണ്. അവയിലെ ചില പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്: ഒരു സമുദായത്തെ കരിവാരിത്തേയ്ക്കാനും അവഹേളിക്കാനുമുള്ള പരിപാടിയാണിത്.

സാമുദായികസഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാമൂല്യങ്ങള്‍ കെട്ടിപ്പടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ സംരക്ഷകര്‍ എന്ന നിലയില്‍ സഹവര്‍ത്തിത്വം ഇല്ലാതാക്കാന്‍ അനുവദിക്കില്ല.
കോടതിയില്‍ നിന്ന് ഇത്തരമൊരു ഉത്തരവുണ്ടായിട്ടും സുദര്‍ശന്‍ ചാനലിന്റെ കലിയടങ്ങിയില്ല. മുസ്‌ലിംകള്‍ക്ക് യു.പി.എസ്.സി പരീക്ഷാ പരിശീലനത്തിനു സാമ്പത്തിക സഹായം നല്‍കുന്നത് അല്‍ഖാഇദ, താലിബാന്‍ പോലുള്ള പാക് അനുകൂല സംഘടനകളാണെന്നും ചാനലിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആരോപിച്ചു.

ഇതിനും കോടതി ശക്തമായ മറുപടി നല്‍കി. ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല, വെറുപ്പു പ്രചരിപ്പിക്കലാണ് എന്നായിരുന്നു നീതപീഠത്തിന്റെ പ്രതികരണം. മുസ്‌ലിം സിവില്‍ സര്‍വിസില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ അവരെ ഐ.എസ് എന്നു വിളിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇനി മറ്റൊരു വാര്‍ത്തയിലേയ്ക്ക്. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയാണത്. മോദി സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനശില ഹിന്ദുത്വമാണെന്നു വ്യക്തമാക്കുന്നതാണ് ആ മറുപടി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഭരണഘടനാ മൂല്യങ്ങളേക്കാള്‍ ഭാരതീയ പാരമ്പര്യമൂല്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരം.

എന്റെ സര്‍ക്കാരിന്റെ മതം ഭരണഘടനയാണെന്ന് ഉദ്‌ഘോഷിച്ചു കൊണ്ട് 2014 ല്‍ അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴിലാണ് ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍ പറത്തി വിദ്യാഭ്യാസനയം രൂപീകരിച്ചിരിക്കുന്നത് എന്നോര്‍ക്കണം. ആ നയത്തില്‍ വര്‍ഗീയത സ്പഷ്ടമാണ്. വിദേശഭാഷാവിഭാഗത്തില്‍ നിന്ന് അറബിയെയും ദേശീയഭാഷാവിഭാഗത്തില്‍ നിന്ന് ഉറുദുവിനെയും ഒഴിവാക്കി. ഇതു ബോധപൂര്‍വമല്ലെന്നു പറയാനാകില്ലല്ലോ. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കുപോലും വയ്ക്കാതെയാണ് ഈ നയം രൂപീകരിച്ചിരിക്കുന്നതെന്നും ഓര്‍ക്കണം.
സുദര്‍ശന്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പും കപടനിലപാടും വെളിച്ചത്തു വന്നു. തങ്ങള്‍ക്കു പ്രിയങ്കരമല്ലാത്ത വാര്‍ത്തകള്‍ എഴുതുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത ചരിത്രമുള്ള ഭരണകൂടം ഇതിനു കോടതിയില്‍ ബോധിപ്പിച്ച തടസവാദം മാധ്യമസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടാനാകില്ലെന്നായിരുന്നു. മാധ്യമസ്വാതന്ത്ര്യം അനിയന്ത്രിതമല്ലെന്നും ജനങ്ങളുടെ സ്വാതന്ത്ര്യം മാത്രമേ മാധ്യമങ്ങള്‍ക്കുമുള്ളൂ എന്നായിരുന്നു കോടതിയുടെ മറുപടി.
കേന്ദ്രസര്‍ക്കാരിനുവേണ്ടി അഭിഭാഷകന്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചു ഘോരഘോരം വാദിച്ച സന്ദര്‍ഭവുമായാണ് സുപ്രിംകോടതിയിലെ മുന്‍ ജഡ്ജി മദന്‍ ബി. ലോക്കൂര്‍ നടത്തിയ ഒരു പരാമര്‍ശത്തെ കൂട്ടിവായിക്കേണ്ടത്. മോദി ഭരണത്തിന്‍ കീഴില്‍ അഭിപ്രായസ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെടുന്നുവെന്നും തങ്ങള്‍ക്കു രുചിക്കാത്ത അഭിപ്രായം തുറന്നുപറയുന്നവരെ സര്‍ക്കാര്‍ രാജ്യദ്രോഹികളായി മുദ്രകുത്തി പീഡിപ്പിക്കുകയാണെന്നുമായിരുന്നു അദ്ദേഹം ഉയര്‍ത്തിയ ആരോപണം. കൊവിഡ് വ്യാപനം അനിയന്ത്രിതമാകുന്നതിനെക്കുറിച്ചും ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ മതിയായത്ര വെന്റിലേറ്ററുകള്‍ ഇല്ലാത്ത പരിതാപകരമായ അവസ്ഥയാണെന്നും തുറന്നെഴുതിയ മാധ്യമപ്രവര്‍ത്തകരെ രാജ്യദ്രോഹികളാക്കി കേസെടുത്ത സംഭവങ്ങള്‍ വരെ ഓര്‍മിച്ചാണ് അദ്ദേഹം സര്‍ക്കാരിന്റെ കപടത തുറന്നുകാട്ടിയത്.

ആ സര്‍ക്കാരാണ് സുദര്‍ശന്‍ ചാനല്‍ വര്‍ഗീയവിഷം വമിപ്പിച്ചതിനെ ന്യായീകരിക്കാന്‍ അഭിപ്രായസ്വാതന്ത്ര്യത്തെ കൂട്ടുപിടിച്ചത്. ഇനി പറയൂ…, ഇതിലൊന്നും വാര്‍ത്തയില്ലെന്നാണോ. ഇതൊന്നും പരിഗണിക്കേണ്ട വിഷയങ്ങളല്ല എന്നാണോ. ഈ രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയുടെയും മതേതരത്വത്തിന്റെയും നിലനില്‍പ്പിന് ഇതൊന്നും ഭീഷണിയേ അല്ലെന്നാണോ. സാമാന്യബുദ്ധിയുള്ളവര്‍ അങ്ങനെ പറയുമെന്നു തോന്നുന്നില്ല.

എന്നിട്ടും മതേതരപക്ഷത്തു നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ക്കു പോലും ഇവയൊന്നും വാര്‍ത്തയല്ലാതായത് എന്തുകൊണ്ടാണ്? അതുകൊണ്ടാണ് ആ ചോദ്യം തുടക്കത്തില്‍ ഉന്നയിച്ചത്, ഇതു മറവിയോ മറയ്ക്കലോ എന്ന്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.