2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മാരകായുധങ്ങളുമായി’ മംഗളൂരു പൊലിസ് പിടികൂടിയ മാധ്യമ’ഭീകരരെ’ കേരളാ അതിര്‍ത്തില്‍ എത്തിച്ചു!

തലപ്പാടി (കാസര്‍കോട്): മംഗളൂരുവില്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഏഴു മണിക്കൂറിനു ശേഷം വിട്ടയച്ചു. കേരളാ- കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടി വരെ പൊലിസ് വണ്ടിയില്‍ തന്നെ എത്തിച്ച് അത്യപൂര്‍വ്വമായാണ് മോചിപ്പിച്ചത്.

മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, മീഡിയവണ്‍ കാമറ പേഴ്‌സണ്‍ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍, ഏഷ്യാനെറ്റ് കാമറമാന്‍ പ്രതീഷ് കപ്പോത്ത്, 24 ന്യൂസ് റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, 24 ന്യൂസ് കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി, ന്യൂസ് 18 കാമറമാന്‍ സുമേഷ് മൊറാഴ എന്നിവരെയായിരുന്നു പൊലിസ് കസ്റ്റഡിയിലെടുത്തത്.

കുറ്റവാളികളെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് വിട്ടയച്ചശേഷം മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. വെള്ളമല്ലാതെ വേറെ ഒന്നും ലഭിച്ചില്ല. മൊബൈല്‍ ഫോണ്‍ പോലും വാങ്ങിവച്ചുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

മാരകായുധങ്ങളുമായി കേരളത്തില്‍ നിന്നുള്ള അന്‍പതോളം വ്യാജ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു ഇതുസംബന്ധിച്ച് ബി.ജെ.പി ചാനലായ ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തത്. ടി.വി 9 എന്ന ചാനലും സമാനമായ റിപ്പോര്‍ട്ടിങ് നടത്തിയിരുന്നു. കസ്റ്റഡിയില്‍ എടുത്തയുടനെ പൊലിസും ഇവരില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന വിവരമാണ് മറ്റു മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കത്തയക്കുകയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക ഡി.ജി.പിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

മാധ്യമ പ്രവര്‍ത്തകരെ അക്രമകാരികളായും അവരുടെ വാര്‍ത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.