മക്ക: സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവായിരുന്ന എം സി സുബൈർ ഹുദവിയുടെ പേരിലുള്ള വിഖായ അവാർഡ് മക്കയിൽ നിന്നുള്ള യാസർ എട്ടുവീട്ടിലിന്. ഈ വർഷത്തെ ഹജ്ജ് വേളയിൽ മക്കയിലും പുണ്യ ഭൂമിയിലും നൽകിയ സേവനത്തിൽ നൽകിയ അർപ്പണ പ്രവർത്തനമാണ് യാസറിനെ അവാർഡ് ജേതാവാക്കിയത്. കാൽ ലക്ഷം രൂപയും മൊമെന്റോയും അടങ്ങുന്ന അവാർഡ് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ മീറ്റിൽ സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി നേതാവായിരുന്ന മർഹൂം എം സി സുബൈർ ഹുദവിയുടെ പേരിലുള്ള ആദ്യ അവാർഡ് ആണ് ഈ വർഷം പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് എല്ലാ വർഷവും എം സി സുബൈർ ഹുദവിയുടെ പേരിലുള്ള വിഖായ അവാർഡ് സമ്മാനിക്കും. വിശുദ്ധ മക്കയിലും മദീന, മിന, അറഫാത്ത്, മുസ്‌ദലിഫ തുടങ്ങി പുണ്യ നഗരികളിൽ ഹജ്ജ് സമയങ്ങളിൽ കർമ്മ നിരതരാകുന്ന വിഖായ ഹജ്ജ് സേവകരിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുക.
സമസ്ത ഇലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹീം ഓമശേരി, വിഖായ സഊദി ദേശീയ സമിതി ചെയർമാൻ ഫരീദ് ഐക്കരപ്പടി, കൺവീനർ ദിൽഷാദ് തലാപ്പിൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. വേങ്ങര അച്ചനമ്പലം സ്വദേശിയായ യാസർ എട്ടുവീട്ടിൽ മക്ക സെൻട്രൽ കമ്മിറ്റിയുടെ കീഴിലെ സമസ്ത പ്രവർത്തകനാണ്. പത്ത് വർഷമായി ബിൻ ലാദൻ കമ്പനിയിൽ ഡ്രാഫ്ട്സ്മാൻ ആയി ജോലി ചെയ്തു വരികയാണ്.
വെള്ളിയാഴ്ച നാഷണൽ മീറ്റിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ, സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ നേതാക്കൾ, വിവിധ പ്രവിശ്യ, സെൻട്രൽ കമ്മിറ്റികളിലെ പ്രധാന ഭാരവാഹികൾ എന്നിവർ സംബന്ധിക്കും
Comments are closed for this post.