കർണാടക മുഖ്യമന്ത്രി ആരെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുന്നു. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാവും. ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാവും. പി.സി.സി അധ്യക്ഷസ്ഥാനത്തും ശിവകുമാർതന്നെ തുടരും. പദവി പങ്കിടലുണ്ടാകില്ല. ശനിയാഴ്ച പുതിയ മന്ത്രിസഭ അധികാരത്തിൽ വരും. നാലുദിവസം നീണ്ട ഡൽഹിയിലെ ചർച്ചകൾക്ക് ശുഭാന്ത്യമാണ്. അധികാര കേന്ദ്രീകരണത്തിന്റെ നാളുകളിൽനിന്ന് കോൺഗ്രസ് തിരിച്ചുവരുന്നതിന്റെ സൂചനയായിരുന്നു കർണാടക തെരഞ്ഞെടുപ്പ് ഫലം. കർണാടകയിൽ ശക്തരായ നേതാക്കളുണ്ട്. ഒന്നിലധികം പേർ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ളവരുണ്ട്. അവർക്കിടയിൽ ചർച്ചകളും സമന്വയത്തിന്റെ വഴികളുമുണ്ടെന്നതാണ് നാലുദിവസത്തിലധികം നീണ്ട ചർച്ചകൾക്കുശേഷം മുഖ്യമന്ത്രിയെ തീരുമാനിച്ചതിലൂടെ കർണാടകയിലെ കോൺഗ്രസ് നൽകുന്ന പാഠം. ജനാധിപത്യത്തിന്റെ അടിത്തറതന്നെ കൂടിയാലോചനകളിലും ചർച്ചകളിലുമാണ്.
മോദിയിൽ തുടങ്ങി മോദിയിൽ അവസാനിക്കുന്ന ഏകശിലാസംവിധാനം ദക്ഷിണേന്ത്യയിൽ അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനുകൂടിയാണ് ഈ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾ തിരിച്ചടി നൽകിയത്. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം അടിച്ചേൽപ്പിക്കുന്ന ഏകാധിപത്യ സംവിധാനം കോൺഗ്രസിന് അന്യമാണ്. അവിടെ വാദങ്ങളും മറുവാദങ്ങളുമുണ്ട്. സുതാര്യ ജനാധിപത്യമാണ് കോൺഗ്രസിലുള്ളതെന്ന വാദം കൂടുതൽ സുവ്യക്തവും സുദൃഢവുമാവുകയാണ്.
വലിയ പ്രതീക്ഷകളോടെയാണ് കർണാടകയിലെ ജനം കോൺഗ്രസിനെ തെരഞ്ഞെടുത്തത്. ഈ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയാണ് അടുത്ത പടി. സാമൂഹിമായും സാമ്പത്തികമായും അഴിമതി നിറഞ്ഞ സർക്കാരായിരുന്നു കർണാടകയിലേത്. വർഗീയതയായിരുന്നു ബി.ജെ.പി ഭരണത്തിന്റെ അടിത്തറ. ഹിജാബ് നിരോധനവും മുസ് ലിംകളുടെ നാലുശതമാനം സംവരണം റദ്ദാക്കിയതുമെല്ലാം ജനങ്ങളെ വിഭജിച്ചും വെറുപ്പ് പ്രചരിപ്പിച്ചും ലക്ഷ്യം നേടാനുള്ള വഴികളായിരുന്നു.
കോൺഗ്രസ് മറ്റൊരു ബി.ജെ.പിയാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാരിനെ നയിക്കുന്നവർക്കും കോൺഗ്രസ് ഹൈക്കമാൻഡിനുമുണ്ട്. കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അനവധിയുണ്ട്. സ്ത്രീകൾ കുടുംബനാഥയായ വീടുകൾക്ക് മാസംതോറും 2000 രൂപ, തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് മാസംതോറും 1500 രൂപ, തൊഴിൽരഹിത ബിരുദക്കാർക്ക് മാസംതോറും 3000 രൂപ, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, എല്ലാ കുടുംബങ്ങൾക്കും 200 യൂനിറ്റുവരെ സൗജന്യ വൈദ്യുതി, ആഴക്കടൽ മത്സ്യത്തൊഴിലാളികൾക്ക് വർഷംതോറും നികുതിയില്ലാതെ 500 ലിറ്റർ ഡീസൽ, ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 6000 രൂപ വീതം, ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് പാചകവാതക സിലിണ്ടറും ദിവസേന അര ലിറ്റർ പാലും, റേഷനു പുറമേ പ്രതിമാസം അഞ്ച് കിലോ ധാന്യങ്ങളും സൗജന്യം തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരേ ഉറച്ചതും നിർണായകവുമായ നിലപാട് സ്വീകരിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. ഇതും പാലിക്കപ്പെടേണ്ട വാഗ്ദാനമാണ്. പൊതുമരാമത്ത് മേഖലയിലെ അഴിമതി തുടച്ചുനീക്കുമെന്നും പി.ഡബ്ല്യു.ഡി, ഗ്രാമവികസനം, ജലസേചനം, നഗരവികസനം, ഊർജമേഖല എന്നിവയിൽ സുതാര്യ ടെൻഡർ സംവിധാനം സൃഷ്ടിക്കുമെന്നും വാഗ്ദാനമുണ്ട്. അഴിമതി കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരും, മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സ്‌കീമിന് കീഴിൽ ശുദ്ധമായ കുടിവെള്ളം, ശുചിത്വം, അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം, റോഡുകളും ഗ്രാമങ്ങളും വികസിപ്പിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ വേറെയുമുണ്ട്.
കേരളവുമായി സാംസ്‌കാരിക സാഹോദര്യം പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. കർണാടകയുടെ ആശങ്കകൾ കേരളത്തിന്റെയും ആശങ്കകളാണ്. അവരുടെ പ്രതീക്ഷകൾ നമ്മുടെയും പ്രതീക്ഷകളും അവരുടെ സന്തോഷങ്ങൾ നമ്മുടെ സന്തോഷങ്ങളുമാണ്. ഈ സാഹോദര്യത്തെക്കൂടി അഭിമുഖീകരിക്കാൻ പുതിയ സർക്കാരിന് കഴിയണം. ബി.ജെ.പി മുക്ത ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ സാഹോദര്യത്തിന്റെ പുതിയ അവസരങ്ങൾ കൂടിയാണ് പുതിയ സർക്കാർ വരുന്നതിലൂടെ തുറക്കുന്നത്. കേരളം അടക്കമുള്ള അയൽ സംസ്ഥാനങ്ങളുമായുള്ള സാഹോദര്യബന്ധം അടച്ചപൂട്ടിയ കാലം കൂടിയായിരുന്നു കഴിഞ്ഞ അഞ്ചു വർഷം. കൊവിഡ് വ്യാപനത്തിന്റെ പേരിൽ അതിർത്തികളും മനസുകളും മൺകൂനയിട്ടടച്ച കാലമൊന്നും മറക്കാറായിട്ടില്ല. അതിർത്തി ജില്ലകളിലുള്ളവർക്ക് ചികിത്സ ഉറപ്പാക്കാൻ റോഡുകൾ തുറന്നുകിട്ടാൻ സുപ്രിംകോടതിയെ സമീപിക്കേണ്ടി വന്ന കാലമായിരുന്നു അത്.
കേരളം കുഴപ്പക്കാരുടെ നാടാണെന്ന മോദിയുടെ പ്രചാരണം തെരഞ്ഞെടുപ്പിൽ തള്ളിയതിലൂടെ കർണാടകയിലെ ജനം ബി.ജെ.പി സർക്കാരിന്റെ ഈ നടപടികളെക്കൂടിയാണ് തള്ളിക്കളഞ്ഞത്. ഇനി തെറ്റുതിരുത്തലുകളുടെ കാലം കൂടിയാവണം. ഹിജാബിന്റെ പേരിൽ മുസ് ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയപ്പെട്ടിരിക്കുന്നു. പ്രീണനത്തിന്റെ പേരിൽ സംവരണമെന്ന മുസ് ലിംകളുടെ അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ഈ തെറ്റുകൾ തിരുത്താൻ ഇനിയും വൈകരുത്. ജനമനസുകൾ വിഭജിക്കപ്പെട്ടത് പരിഹരിക്കാനും നടപടി വേണം. തുല്യനീതിയും സാഹോദര്യവും ഉറപ്പാക്കുന്ന ഭരണമാകട്ടെ ഇനിയങ്ങോട്ട്. കന്നഡ മണ്ണിൽ പുതുപുലരി പിറക്കട്ടെ.
Comments are closed for this post.