2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാലാവസ്ഥാ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാം: കേന്ദ്ര സര്‍ക്കാരിന്റെ മൗസം ആപ്പിലൂടെ

 

രണ്ട് പ്രളയങ്ങള്‍ തുടര്‍ച്ചയായി ഉലച്ചപ്പോഴാണ് എല്ലാവരും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. കാറ്റ് ഏത് ദിശയില്‍, കടലിന്റെ അവസ്ഥയെന്ത്, മഴ എപ്പോഴെത്തും, വെയിലിന്റെ കാഠിന്യം തുടങ്ങി എല്ലാ തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളും ജനജീവിതത്തെ ബാധിക്കാതെ നോക്കാനാണ് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. എന്നാല്‍ മുന്നറിയിപ്പുകള്‍ ലഭിക്കുന്നത് ഇപ്പോള്‍ പല കേന്ദ്രങ്ങളിലൂടെയാണ്. ചില വിവരങ്ങള്‍ അറിയുമ്പോഴേക്കും വൈകിയിട്ടുണ്ടാവും.

അതിനൊരു പരിഹാരമായി ഇതാ കേന്ദ്ര സര്‍ക്കാര്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. മൗസം എന്നാണ് ആപ്പിന്റെ പേര്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍ ആണ് ഇന്റര്‍നാഷണല്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമിഅരിഡ് ട്രോപിക്‌സ് (ഇക്രിസാറ്റ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐഐടിഎം), പൂനെ, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) എന്നിവ സംയുക്തമായി രൂപകല്‍പ്പന ചെയ്ത മൗസം (ഹിന്ദിയില്‍ കാലാവസ്ഥ) മൊബൈല്‍ ആപ്പ് തിങ്കളാഴ്ച പുറത്തിറക്കിയത്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐ.ഒ.എസ് ആപ്പ്‌സ്റ്റോറിലും ലഭ്യമാണ്.

കാലാവസ്ഥാ പ്രവചനങ്ങള്‍ മാത്രമല്ല ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് റഡാര്‍ ഇമേജുകള്‍ ആക്‌സസ് ചെയ്യാനുള്ള സംവിധാനവും വരും ദിവസങ്ങളിലെ കാലാവസ്ഥയെ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാനും കഴിയും.

‘മൗസം’ അപ്ലിക്കേഷന്റെ സവിശേഷതകള്‍

1. 200 നഗരങ്ങളിലെ നിലവിലെ താപനില, ഈര്‍പ്പം, കാറ്റിന്റെ വേഗത, ദിശ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ദിവസം 8 തവണ മൗസം ആപ്പ് അപ്‌ഡേറ്റ് ചെയ്യും. സൂര്യോദയം, സൂര്യാസ്തമയം, ചന്ദ്രോദയം, ചന്ദ്രാസ്തമയം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പ് നല്‍കും.

2. ഇന്ത്യയിലെ ഏകദേശം 450 നഗരങ്ങളിലെ കഴിഞ്ഞ 24 മണിക്കൂര്‍ നേരത്തെ കാലാവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും അടുത്ത 7 ദിവസങ്ങളില്‍ ഈ നഗരങ്ങളില്‍ പ്രതീക്ഷിക്കാവുന്ന കാലാവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും മൗസം ആപ്പ് നല്‍കും.

3. ഒരു സ്ഥലത്തിന്റെ പ്രാദേശിക കാലാവസ്ഥയുടെ മൂന്ന് മണിക്കൂര്‍ നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കുകയും, ആ സ്ഥലത്തിന്റെ കാലാവസ്ഥ വിവരങ്ങള്‍ 800 ഓളം സ്റ്റേഷനുകള്‍ക്കും ജില്ലകള്‍ക്കു ഈ ആപ്പ് എത്തിക്കും. ഉടന്‍ സങ്കീര്‍ണമായ കാലാവസ്ഥയാണ് കണ്ടെത്തുന്നതെങ്കില്‍ അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെപ്പറ്റിയും വിവരങ്ങള്‍ നല്‍കും.

4. അടുത്ത അഞ്ച് ദിവസം ഓരോ ജില്ലകളിലെയും കാലാവസ്ഥ എന്തായിരിക്കും എന്ന വിവരം ദിവസം 2 അപ്!ഡേയ്റ്റുകള്‍ വീതം കളര്‍ കോഡിനൊപ്പം മൗസം ആപ്പ് പുറത്തുവിടും. ചുവപ്പു, ഓറഞ്ച്, മഞ്ഞ നിറങ്ങളിലാണ് അപ്‌ഡേയ്റ്റുകള്‍ വരുക.

  • ചുവപ്പു നിറം ആണെങ്കില്‍ കാലാവസ്ഥ തീര്‍ത്തും മോശമാണ്. അധികൃതര്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഉടന്‍ എടുക്കുക.
  • ഓറഞ്ച് നിറം ആണെങ്കില്‍ കാലാവസ്ഥ തീര്‍ത്തും മോശം അല്ല എങ്കിലും അധികൃതരോടും ജനങ്ങളോടും കരുതലോടെ ഇരിക്കുക എന്ന സന്ദേശം നല്‍കുന്നു.
  • മഞ്ഞ നിറം ആണെങ്കില്‍ കാലാവസ്ഥയെപ്പറ്റി പേടിക്കേണ്ട എന്നും കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക എന്നും നിഷ്‌കര്‍ഷിക്കുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.