2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആള്‍ ഇന്ത്യ മുസലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി അന്തരിച്ചു

 

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി അന്തരിച്ചു. ലക്‌നോവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയുടെ സ്ഥാപകനായ മൗലാന മുഹമ്മദലി മോന്‍ഗീരി യുടെ പുത്രന്‍ മൗലാന മിന്നത്തുള്ള റഹ്മാനിയുടെ പുത്രനായി 1943 ലായിരുന്നു ജനനം. മുസ്ലിം സമുദായത്തിന്റെ മതപരവും സാമൂഹ്യ പരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പണ്ഡിതനായിരുന്നു മൗലാന വലി റഹ്മാനി . 1974 ല്‍ ബീഹാര്‍ നിയമ സഭ അംഗമായിരുന്ന അദ്ദേഹം പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചു.

തന്റെ കുടുംബത്തിന്റെ ആത്മീയ കേന്ദ്രമായ ഖാന്‍ഖാഹേ റഹ്മാനിയ്യയില്‍ നിന്ന് ആരംഭിച്ച ശരീഅത്ത് സംരക്ഷണ യത്‌നം 1972 ല്‍ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ രൂപീകരണത്തിന് അടിത്തറ പാകി. ഏക സിവില്‍ കോഡ്, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളില്‍ മൗലാന റഹ്മാനി സമുദായത്തിന്റെ ശബ്ദമായി നിലകൊണ്ടു. ബംഗ്ലാദേശികള്‍ എന്ന് മുദ്ര കുത്തി പൗരത്വ പ്രശ്‌നം നേരിടുന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുസ്ലിംകള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ഉറുദു ഭാഷയുടെയും ഇസ്‌ലാമിക കലാലയകളുടെയും സംരക്ഷണത്തിന് വേണ്ടി അദ്ദേഹം നിരന്തരം ഭരണകൂടങ്ങളുമായി കൂടിക്കാഴ്ച നടത്തി.

വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം രൂപം കൊടുത്ത റഹ്മാനി ഫൗണ്ടേഷന്‍ പ്രവേശന പരീക്ഷകള്‍ക്ക് പിന്നോക്ക സമുദായങ്ങളിലെ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന സംരംഭവുമായി മുന്നോട്ട് പോകുന്നുണ്ട്. റഹ്മാനി തേര്‍ട്ടി എന്ന മറ്റൊരു വിദ്യാഭ്യാസ പദ്ധതിയും അദ്ദേഹം രൂപം കൊടുത്തു. റഹ്മാനി ബി.എഡ് കോളേജ്, ഹിഫ്‌സ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം നടത്തി വരുന്നു.

11 പുസ്തകങ്ങളും നൂറിലേറെ ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സമുദായത്തിന്റെ ഭൗതികമായ പുരോഗതിക്കും മതപരമായ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ഉറച്ച നിലപാടുകള്‍ അദ്ദേഹം തന്റെ തൂലികയിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവതരിപ്പിച്ചു. ‘ഹയാത്തെ വലി’ എന്ന പേരില്‍ അദ്ദേഹത്തിന്റെ സമഗ്രമായ ജീവിതവും സേവനങ്ങളും വിവരിച്ചു കൊണ്ട് ഉമ്രവോ ഹസന്‍ ഫാറൂഖി ഒരു പുസ്തകം രചിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.