1669-70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ കൃഷ്ണ ജന്മഭൂമിയിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ഹരജിയില്‍ പറയുന്നു
മഥുര: ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ പുരാവസ്തു സര്‍വേ നടത്താന്‍ മഥുര കോടതിയുടെ ഉത്തരവ്. ജനുവരി രണ്ട് മുതല്‍ സര്‍വേ ആരംഭിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കാണ് നിര്‍ദേശം നല്‍കിയത്.
ജനുവരി 20നു ശേഷം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹിന്ദു സേന പ്രവര്‍ത്തകന്‍ വിഷ്ണു ഗുപ്ത നല്‍കിയ ഹരജിയിലാണ് ഉത്തരവ്. നേരത്തേ വാരണാസിയിലെ ജ്ഞാന്‍വാപി പള്ളിയില്‍ സമാനമായ സര്‍വേ നടത്തി ‘ശിവലിംഗം’ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ കോടതി വ്യവഹാരം തുടരുന്നതിനിടെയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദിലും സര്‍വേ നടത്തുന്നത്.
1669-70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ വളപ്പിലാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ് ഇതെന്നും ഹരജിയില്‍ അവകാശപ്പെടുന്നു. അതിനാല്‍ 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് പൊളിച്ചുനീക്കണമെന്നാണ് ആവശ്യം.
1947 ആഗസ്ത് 15ന് ഉണ്ടായിരുന്നതുപോലെ ആരാധനാലയങ്ങളുടെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായ ആവശ്യമാണിതെന്ന് ചൂണ്ടിക്കാട്ടി മഥുരയിലെ സിവില്‍ കോടതി നേരത്തെ ഇത് സംബന്ധിച്ച ഹരജി തള്ളിയിരുന്നു. ഈ കേസ് ഫയലില്‍ സ്വീകരിച്ചാല്‍ സമാനമായ ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഈ ഉത്തരവിനെതിരേ ഹര്‍ജിക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബരി മസ്ജിദ് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ പണിതതാണെന്നും ശ്രീരാമ ജന്മഭൂമിയാണെന്നും അവകാശപ്പെട്ട് 1992ലാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇടിച്ചുനിരത്തിയത്. 2019ല്‍ സുപ്രിം കോടതി ബാബരി പള്ളിയുടെ സ്ഥലം രാമക്ഷേത്രത്തിനായി കൈമാറുകയും പള്ളിക്ക് പകരം ഭൂമി നല്‍കുകയും ചെയ്തു.
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ അഖില ഭാരത ഹിന്ദു മഹാസഭ ഈ മാസം ആദ്യം ആഹ്വാനം നല്‍കിയിരുന്നു. സംഘടനയുടെ നേതാക്കളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ഏഴോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Comments are closed for this post.