2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കെട്ടിച്ചമച്ച സംഭവത്തിന് മേല്‍ പടുത്തുയര്‍ത്തിയ വ്യാജവാര്‍ത്ത’; ഏഷ്യാനെറ്റിനെ തള്ളി മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: മയക്കുമരുന്ന് നല്‍കി തന്റെ മകളെ പീഡിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച സംഭവത്തിന് മേല്‍ പടുത്തുയര്‍ത്തിയ വ്യാജവാര്‍ത്തയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമിയുടെ കണ്ണൂരിലെ സീനിയര്‍ റിപ്പോര്‍ട്ടറുമായ രാധാകൃഷ്ണന്‍ പട്ടാനൂര്‍. ഈ പെണ്‍കുട്ടിയുടെ പിതാവ് മുന്‍പ് ഇതേ പെണ്‍കുട്ടയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ സംഭവത്തിന്റെ പേരില്‍ പൊലിസ് സ്റ്റേഷനില്‍ കയറേണ്ടി ലന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ്.

‘ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ഇതേ സ്‌കൂളിലെ (കണ്ണൂര്‍ നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ )സഹപാഠി പീഡിപ്പിച്ചു എന്നും മറ്റ് 11വിദ്യാര്‍ഥിനികളും ഇതുപോലെ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് കുട്ടിയുടെ വാപ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ഇക്കാര്യം പോലീസില്‍ പറഞ്ഞതുമില്ല.
എന്നാല്‍ ഇതേ വാപ്പ സ്വന്തം മകളെ(ഇതേ കുട്ടിയെ )പീഡിപ്പിച്ചു വെന്ന് ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ഖര്‍കര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇയാള്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു.’ – രാധാകൃഷ്ണന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

   

കെട്ടിച്ചമച്ച സംഭവത്തിന് മേൽ
പടുത്തുയർത്തിയ വ്യാജ വാർത്ത
………
മയക്കുമരുന്ന് നൽകി തന്റെ മകളെ സഹപാഠി പീഡിപ്പിച്ചുവെന്നും അത് പോലെ ഇതേ സ്കൂളിലെ 11വിദ്യാർഥിനികൾ പീഡിപ്പിക്കപെട്ടെന്നും ഒരാൾ അവകാശവാദം ഉന്നയിക്കുകയും അക്കാര്യം പെൺകുട്ടിയെക്കൊണ്ട് മാധ്യമങ്ങൾക്ക്‌ മുന്നിൽ പറയിക്കുകയും അതിന് മേൽ നിറം പിടിപ്പിച്ച വ്യാജ വാർത്തകൾ പടക്കുകയും ചെയ്ത സംഭവം കേരളത്തിൽ ചൂട് പിടിച്ച വാർത്തയാ യിരിക്കുന്നു.ഇങ്ങിനെ ഒരു വാർത്ത മെനഞ്ഞ ‘ഏഷ്യ നെറ്റ്’ അധികൃതർക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.
ഈ കേസിന്റെ നിയമ -നൈതിക -ധാർമിക പ്രശ്നങ്ങൾ ഇവിടെ സൂചിപ്പിക്കുന്നില്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെ.
എന്നാൽ,ഈ സംഭവത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്ന മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് ചില കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം (2022)ജൂലൈയിലാണ് കേസ് ഉടലെടുത്തത്.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന തന്റെ മകളെ ഇതേ സ്കൂളിലെ (കണ്ണൂർ നഗരത്തിലെ ഒരു സർക്കാർ സ്കൂൾ )സഹപാഠി പീഡിപ്പിച്ചു എന്നും മറ്റ് 11വിദ്യാർഥിനികളും ഇതുപോലെ മയക്കു മരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് കുട്ടിയുടെ വാപ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ഇക്കാര്യം പോലീസിൽ പറഞ്ഞതുമില്ല.
എന്നാൽ ഇതേ വാപ്പ സ്വന്തം മകളെ(ഇതേ കുട്ടിയെ )പീഡിപ്പിച്ചു വെന്ന് ഇയാളുടെ ഭാര്യ രണ്ടു വർഷം മുമ്പ് മഹാരാഷ്ട്രയിലെ ഖർകർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാൾ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്തിരുന്നു.
കണ്ണൂർ നഗരത്തിൽ താമസക്കാരനായ ഇയാൾ കുറേക്കാലം മുംബൈയിൽ ആയിരുന്നു. അവിടുത്തുകാരിയാണ് ഭാര്യ എന്ന് കരുതുന്നു. അവർ സംസാരിച്ചത് ഇംഗ്ളീഷും ഹിന്ദിയും കലർത്തിയാണ്.
പിന്നീട് ഇയാൾ മകളെയും കൂട്ടി നാട്ടിൽ വന്ന് കണ്ണൂരിലെ വീട്ടിൽ താമസമാക്കി.
കേസിന്റെ വിചാരണയാ വുമ്പോഴേക്കും കുട്ടിയെ മാ നസാന്തരപ്പെടുത്തി മൊഴിമാറ്റി കേസിൽ നിന്ന് തലയൂരാനാണ് കണ്ണൂരിലേക്ക് കുട്ടിയെ കൊണ്ട് വന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വേറെ ആളാണെന്ന് സ്ഥാപിക്കുകയും വേണം.
ചാനലുകളോട് പറഞ്ഞ കാര്യങ്ങൾ
സ്കൂളുകളിലും രക്ഷിതാക്കളിലും പരിഭ്രാന്തി പടർത്തി.
ഈ വിവരങ്ങൾ പ്രാദേശിക ചാനലുകളിൽ കണ്ടപ്പോൾ അവരിൽ നിന്ന് ഇയാളുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ഞാൻ പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.
അപ്പോൾ അയാൾ പറഞ്ഞത്, ” ഞാനും മകളും ഒരു ചാനലിന്റെ ഇന്റർവ്യൂവിൽ ഇരിക്കുകയാണെന്നും ഒരു മണിക്കൂർ കഴിഞ്ഞ ശേഷം തിരിച്ചു വിളിക്കാം എന്നുമായിരുന്നു.
അദ്ദേഹത്തോട് അഭ്യർത്ഥന രൂപത്തിൽ ഞാൻ പറഞ്ഞു, “ഒരിക്കലും മകളെ ചാനലിന് മുന്നിൽ കൊണ്ട് പോകരുത്.അത് നിയമ പരമായും തെറ്റാണെന്ന് “.അപ്പോൾ അയാളുടെ മറുപടി ഇങ്ങിനെ :
“എന്റെ മകൾക്ക് സംഭവിച്ചത് വേറൊരു കുട്ടിക്കും സംഭവിക്കാതിരിക്കട്ട. ലോകം ഇതറിയട്ടെ “.
അപ്പോഴേ തോന്നി ഇതിൽ ചില ദുരൂഹതയുണ്ടെന്ന്.
ഒരച്ഛനും പീഡനത്തിന് ഇരയായ സ്വന്തം മകളെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കില്ല.
ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നപ്പോൾ പോലീസ് വിശദമായ അന്വേഷണം നടത്തി.ജില്ലാ പഞ്ചായത്ത് അധികൃതരും സ്കൂൾ അധികാരികളും.തുടർന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ അന്വേഷണങ്ങളിൽ കുട്ടിയും ബാപ്പയും വെളിപ്പെടുത്തിയത് വസ്തുതയല്ലെന്ന് വ്യക്തമായി.
കുട്ടി പറയുന്നത് ആരോ പറഞ്ഞു പഠിപ്പിച്ച നിലയിലും.
എന്നാൽ,ആ കുട്ടിക്ക് ഒരു വിദ്യാർത്ഥിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അത് പരസ്പരം ഇഷ്ടത്തോടെയാണെന്നും വ്യക്തമായി. ഇവർ രണ്ടുപേരും പ്രായ പൂർത്തിയെത്താത്തതിനാൽ പോക് സോ കേസും നിലവിലുണ്ട്.ഈ ആൺകുട്ടി ഈ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു.
ഈ ആൺ കുട്ടിയെ അയാൾ പല ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്‌തമായി.
തുടർന്നാണ് മഹാരാഷ്ട്രയിൽ ഇയാളുടെ ജീവിതത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് മുകളിൽ പറഞ്ഞ കാര്യം വെളിപ്പെട്ടത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2022ആഗസ്ത് 12ന് ‘മാതൃഭൂമി’യിൽ ഇക്കാര്യം വ്യക്തമാക്കി വാർത്ത നൽകി. (അതിനൊപ്പം നൽകിയ വാർത്ത) വാർത്ത വന്ന ദിവസം അയാൾ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. നിങ്ങളുടെ വാർത്ത എന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും കേസ് കൊടുക്കും എന്നുമാ യിരുന്നു ഭീഷണി.വാർത്തയിൽ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ആ വാർത്തയിൽ പറയുന്ന കാര്യം സത്യമാണെന്നും മറുപടി നൽകി.
തുടർന്ന്, എനിക്കും കണ്ണൂർ ടൌൺ സി ഐ. ബിനു മോഹനും എതിരെ ഇയാൾ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഒരു ദിവസം എ. സി. പി. എന്നെ വിളിച്ച് മൊഴിയെടുത്തു.
വാർത്തയിൽ ഉറച്ചു നിൽക്കുന്നുവെന്നും ഒരു വരി പോലും തിരുത്തുന്നില്ലെന്നും ഞാൻ വ്യക്തമാക്കി.
തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു സി. ഐ. ക്കെതിരായ പരാതി.
ഈ വാർത്ത വന്നതോടെ മാധ്യമങ്ങളും വിഷയം കൈവിട്ടു.അവർക്കെല്ലാം കാര്യം ബോധ്യമായി.
പിന്നെ, മാസങ്ങൾക്ക്‌ ശേഷമാണ് ഈ വിഷയത്തിന് ഇങ്ങിനെയൊരു പുനർ ജന്മം ലഭിക്കുന്നത്.
ചില സംഭവങ്ങൾ തുടക്കത്തിൽ അറിഞ്ഞതായിരിക്കില്ല സത്യം. ചിലപ്പോൾ അത്തരം വാർത്ത കൈകാര്യം ചെയ്യുമ്പോൾ അബദ്ധം പറ്റും. എനിക്കും പറ്റിയിട്ടുണ്ട്. എന്നാൽ തുടർന്ന് ഈ സംഭവത്തെ ആ ചാനൽ ഉപയോഗപ്പെടുത്തിയ രീതിയാണ് ഇപ്പോൾ ചർച്ചകൾക്ക്‌ വിഷയമായിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.