തിരുവനന്തപുരം: ഒരു വര്‍ഷക്കാലത്തേക്ക് കഠിനമായ ചെലവുചുരുക്കലിന് സര്‍ക്കാര്‍. സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ.സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ.സുനില്‍ മാണി അധ്യക്ഷനായുള്ള സമിതിയുമാണ് പഠനവും അവലോകനവും നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
കൊവിഡ് മൂലം ഖജനാവ് കാലിയായ സാഹചര്യത്തില്‍ കൂടിയാണ് പരമാവധി ചെലവുചുരുക്കാനുള്ള നടപടികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. മാസത്തില്‍ ആറുദിവസത്തെ ശമ്പളമാണ് പിടിക്കുക. പിന്നീട് തിരിച്ചു നല്‍കും. തസ്തികകള്‍ ചുരുക്കും. ശൂന്യവേതന അവധിയുടെ കാലാവധിയും വെട്ടിച്ചുരുക്കും. ഒരു വകുപ്പിലേക്കും പുതുതായി സാധനങ്ങള്‍ വാങ്ങില്ല തുടങ്ങി 25-ഇന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്.
അതേ സമയം തീരുമാനത്തിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം പിടിക്കുന്നതിനെതിരേ തിരിഞ്ഞിരിക്കുന്നത്. പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധം കനപ്പിക്കുന്നത്. ശമ്പളം പിടിക്കാന്‍ തീരുമാനിച്ചാല്‍ പണിമുടക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്. മന്ത്രി കെ.ടി ജലീലിന്റെ രാജിക്കായുള്ള തെരുവുയുദ്ധങ്ങള്‍ക്കു പുറമേ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം കൂടിയാകുമ്പോള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പ്രതിപക്ഷ സംഘടനകള്‍ പണിമുടക്കിലേക്ക്.എല്ലാ ഓഫിസുകള്‍ക്കു മുമ്പിലും നാളെ പ്രതിഷേധ സമരം നടത്തും.
.
2020 ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ ഒമ്പത് ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.
ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി തുടരും. എന്നാല്‍, മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ ഒന്‍പത് ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം’ എന്ന് പേര് നല്‍കും. അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനിക്കുക.
ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രത്തോളം ഉണ്ടെന്നു കണ്ടെത്തി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയെ അവിടേക്കു മാറ്റുന്നതിനും കൂടുതല്‍ സ്ഥലം അവശ്യമുള്ളവര്‍ക്കു നല്‍കുന്നതിനും വെബിലൂടെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തും. രണ്ടു മാസത്തിനുള്ളില്‍ പൊതുമരാമത്തു വകുപ്പ് നിര്‍വഹണ നിര്‍ദേശങ്ങള്‍ തയാറാക്കണം.
എല്ലാ ചെലവു ചുരുക്കല്‍ തീരുമാനങ്ങളും എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഓരോ വകുപ്പിലും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അവരുടെ മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ വിലാസം എന്നീ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ധനകാര്യ (വ്യയ) സെക്രട്ടറിക്കു ഇ-മെയിലായി രണ്ടാഴ്ചയ്ക്കകം അറിയിക്കണം. ഇങ്ങനെ 25 ഓളം തീരുമാനങ്ങളില്‍ പലതും കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതുമാണ്.
Comments are closed for this post.