2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ നീക്കമെന്ന് മുഖ്യമന്ത്രി; സംരംഭകത്വപരിപാടിയിൽ പുതിയ സംരംഭകയെ പരിചയപ്പെടുത്തി വ്യവസായ മന്ത്രി

 

കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങൾ ഈ പ്രചാരണത്തിന്റെ ഭാഗമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് സംരംഭക വർഷം പദ്ധതിയിലൂടെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവുമധികം സംരംഭങ്ങൾ ആരംഭിച്ചത് തൃശൂർ ജില്ലയിലാണ്. എറണാകുളവും തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിൽ പതിനായിരത്തോളം സംരംഭകർ പങ്കെടുത്തു. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.

സ്‌കെയിൽ അപ്പ് പദ്ധതിയുടെ സർവേയും കൈപ്പുസ്തകം പ്രകാശനവും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനവും റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. എം.എൽ.എമാരായ ആന്റണി ജോൺ, പി.വി ശീനിജിൻ, കെ.എൻ ഉണ്ണിക്കൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമൻബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡയരക്ടർ എസ്. ഹരികിഷോർ, വ്യവസായ വകുപ്പ് അഡീഷണൽ ഡയരക്ടർമാരായ കെ. സുധീർ, പി.എസ് സുരേഷ്‌കുമാർ, ജില്ലാ വ്യവസായ കേന്ദ്രം എറണാകുളം ജനറൽ മാനേജർ പി.എ നജീബ്, വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

ചടങ്ങിനെത്തിയ പതിനായിരത്തോളം സംരംഭകരിൽ കാസർകോട് സ്വദേശിനിയായ സംരംഭകയെ മന്ത്രി രാജീവ് പരിചയപ്പെടുത്തുകയും ചെയ്തു. ഫേസ്ബുക്കിൽ പഭ്കുവച്ച കുറിപ്പിലാണ് മറിയം ഷാക്കിറ എന്ന സംരംഭകയെ മന്ത്രി പരിചയപ്പെടുത്തിയത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കാസർഗോഡ് ബദിയടുക്കയിൽ നിന്നുള്ള മറിയം ഷക്കീറ ഏതാനും മാസങ്ങൾ മുൻപ് വരെ ഒരു സാധാരണ പെൺകുട്ടി മാത്രമായിരുന്നു. എന്നാൽ ഇന്ന് നാടിന്റെ അഭിമാനമായ സംരംഭകയാണ് അവർ. സംരംഭക വർഷം പദ്ധതിയിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന വിവിധ ന്യൂട്രി മിക്‌സ് ഉൽപന്നങ്ങൾ മാർക്കറ്റിലിറക്കിയാണ് മറിയം സംരംഭകയായത്.
നൂറിക്‌സ് എന്ന പേരിൽ തയ്യാറാക്കുന്ന ഈ ഉൽപന്നങ്ങൾക്ക് ഇന്ന് ആവശ്യകാരേറെയാണ്. ഇതിനു പുറമെ പ്രമേഹരോഗികൾക്കുപയോഗിക്കാവുന്ന വിവിധ ഉത്പന്നങ്ങളും മറിയം തയ്യാറാക്കുന്നുണ്ട്. ചക്ക പൊടിയുൾപ്പടെ ഉൾപ്പെടുത്തി പ്രത്യേകമായി തയ്യാറാക്കിയ പത്തിരി പൊടിയാണ് ഉൽപന്നങ്ങളിലെ താരം.

സംരംഭകയാകാനുള്ള മറിയത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയേകിയത് കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രമാണ്. ഇവരുടെ സഹായത്തോടെ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മറിയം തന്റെ ഉൽപന്നം വിപണിയിലെത്തിച്ചത്. ഉല്പന്നങ്ങളുടെ മാർക്കറ്റിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിലും പിന്തുണ നൽകി വ്യവസായ വകുപ്പ് മറിയത്തിനൊപ്പമുണ്ട്. മറിയം ഷക്കീറയ്ക്ക് ഉറപ്പുണ്ട് കേരളം നിക്ഷേപ സൗഹൃദമാണെന്ന്. കാരണം സർക്കാർ മറിയം ഷക്കീറയ്‌ക്കൊപ്പമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.