2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാന്ദ്യം മാരുതി സുസുക്കിയെയും ബാധിച്ചു; വില്‍പ്പനയിലെ ഇടിവ്‌, ഗുരുഗ്രാം, മനീസാര്‍ പ്ലാന്റുകള്‍ അടച്ചിടുന്നു

 

രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയെയും ബാധിച്ചു. വില്‍പ്പനയിലെ കനത്ത ഇടിവ് മൂലം രണ്ട് ഉല്‍പാദന യൂനിറ്റുകള്‍ രണ്ടു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഗുരുഗ്രാം, മനീസാര്‍ പ്ലാന്റുകളാണ് സെപ്റ്റംബര്‍ 7, 9 എന്നീ പ്രവര്‍ത്തി ദിവസങ്ങളില്‍ പൂട്ടിയിടുക.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ഓഗസ്റ്റില്‍ ഉല്‍പാദനത്തില്‍ 33.99 കുറവുവരുത്തിയിരുന്നു. തുടര്‍ച്ചയായ ഏഴാമത്തെ മാസമാണ് ഉല്‍പാദനം കുറയ്ക്കുന്നത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 1,68,725 യൂനിറ്റ് കാറുകള്‍ നിര്‍മിച്ച മാരുതി സുസുക്കി, ഈ വര്‍ഷം ഓഗസ്റ്റില്‍ 1,11,370 കാറുകള്‍ മാത്രമാണ് നിര്‍മിച്ചത്. ബോംബെ സ്‌റ്റോക് എക്‌സേഞ്ജില്‍ തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

3,000 താല്‍ക്കാലിക ജീവനക്കാരുടെ കരാര്‍ കമ്പനി പുതുക്കിയിട്ടില്ലെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതികളും കാറുകളുടെ വിലയില്‍ ഗണ്യമായ വര്‍ധനവ് വരുത്തിയെന്നും ഇത് അവരുടെ താങ്ങാനാവുന്ന വിലയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റിലും വില്‍പ്പന നിരക്കിലുണ്ടായ ഇടിച്ചില്‍ കാരണം പല വാഹന നിര്‍മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുകയും ചിലവു നിയന്ത്രിക്കാന്‍ ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ജപ്പാനിലെ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട മോട്ടോറും ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് മോട്ടോറും വില്‍പ്പനയിലെ ഇടിവ് നേരിടാന്‍ പ്ലാന്റുകളിലെ ഉത്പാദനം നിര്‍ത്താന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.

ഓട്ടോ മാന്ദ്യത്തിന്റെ അലയൊലികള്‍ ഓട്ടോപാര്‍ട്ട് നിര്‍മ്മാതാക്കള്‍ക്കും മോശം ദിവസങ്ങള്‍ വരുത്തി. കാറുകള്‍ക്ക് പവര്‍ട്രെയിന്‍, എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന ഡെന്‍സോ കോര്‍പ്പറേഷന്റെ ഇന്ത്യ യൂണിറ്റ് അടുത്തിടെ ഉത്തരേന്ത്യയിലെ മനേസര്‍ പ്ലാന്റില്‍ 350 ഓളം താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഭാഗമായ ഇന്ധന ടാങ്കുകളും ബ്രേക്ക് പാഡുകളും നിര്‍മ്മിക്കുന്ന ബെല്‍സോണിക്ക 350 ലധികം തൊഴിലാളികളെ മനേസറില്‍ പോകാന്‍ അനുവദിച്ചതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 16, 17 തീയതികളില്‍ ടൊയോട്ട ബെംഗളൂരുവിലെ പ്ലാന്റുകളിലെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.