ന്യൂഡല്‍ഹി: സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണ് ഹര്‍ജിക്കാരന്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി ലിസ്റ്റ് ചെയ്തത്.
പുരുഷന്‍മാരുടെയും (21 വയസ്), സ്ത്രീകളുടെയും (18 വയസ്) വിവാഹപ്രായം തമ്മിലുള്ള വ്യത്യാസം ഏകപക്ഷീയവും ആര്‍ട്ടിക്കിള്‍ ലംഘനവുമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയര്‍ത്തണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടു. എന്നാല്‍, വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ഇതനുസരിച്ചാണ് ഹര്‍ജി തള്ളിയത്.
പുരുഷന്‍മാര്‍ക്ക് 21ാം വയസിലും സ്ത്രീകള്‍ക്ക് 18ാം വയസിലും വിവാഹം ചെയ്യാമെന്ന വ്യവസ്ഥ മാറ്റണം. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സാണെന്ന വ്യവസ്ഥ കോടതി ഇടപെട്ട് റദ്ദാക്കിയാല്‍ അവര്‍ക്ക് വിവാഹപ്രായം തന്നെ നിലവില്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കുന്ന നിയമനിര്‍മാണം പാസാക്കേണ്ടത് പാര്‍ലമെന്റാണ്. പാര്‍ലമെന്റിന്റെ അധികാരത്തില്‍ ഇടപെടാന്‍ സാധിക്കാത്തതിനാല്‍ ഹര്‍ജി തള്ളുകയാണെന്നും കോടതി അറിയിച്ചു.
Comments are closed for this post.