രാജീവ് ഗാന്ധിയുടെ സദസ്സില്‍ ഗാനമാലപിച്ചു, അറബി ഉച്ഛാരണം മമ്മൂട്ടി തിരുത്തി.. മാപ്പിളപ്പാട്ടിനൊപ്പം വളര്‍ന്ന വിളയില്‍ ഫസീലയുടെ ജീവിതം
മലപ്പുറം: മലപ്പുറത്തെ ചീക്കോട് എന്ന തനി നാട്ടിന്‍പുറത്ത് ജനിച്ച പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരുപെണ്‍കുട്ടി മാപ്പിളപ്പാട്ടിനൊപ്പം വളര്‍ന്ന് പ്രശസ്തിയാര്‍ജിച്ചു വിളയില്‍ ഫസീലയായി മാറുകയായിരുന്നു. ഐതിഹാസികമായിരുന്നു വിളയില്‍ ഫസീലയുടെ വളര്‍ച്ചയും മാപ്പിളപ്പാട്ടില്‍ അവര്‍ ചെലുത്തിയ സ്വാധീനവും. വല്‍സലയായി ജനിച്ച് അവര്‍ മുസ്ലിം സമുദായത്തെ ആകെ കൈയിലെടുക്കുകയായിരുന്നു. ഒഴിവുസമയങ്ങളിലും ജോലിസമയത്തുമെല്ലാം മാപ്പിളപ്പാട്ട് ആസ്വാധകര്‍ വിളയില്‍ ഫസീലയുടെ ഈറടികള്‍ മൂളിക്കൊണ്ടിരുന്നു.
1962 സെപ്തംബര്‍ 15ന് ചെത്തിപ്പടവുകാരനായ കേളപ്പന്റെയും അലക്കുകാരിയായ ചെറുപെണ്ണിന്റെയും മകളായി മലപ്പുറം ചീക്കോട് വിളയില്‍ എന്ന ഗ്രാമത്തിലാണ് വല്‍സല എന്ന വിളയില്‍ ഫസീലയുടെ ജനനം. ഭര്‍ത്താവ്: പയ്യന്നൂര്‍ വലിയ പറമ്പ് ടി.കെ പി മുഹമ്മദലി. മക്കള്‍: ഫയാദലി, ഫാതിമ. മാതാവ് ചെറുപ്രായത്തില്‍ തന്നെ മരിച്ചു. സഹോദരങ്ങള്‍: നാരായണന്‍, തെയ്യക്കുട്ടി, സുബ്രഹമണ്യന്‍. കലാരംഗത്ത് സജീവമായതോടെ താമസം കോഴിക്കോട് വെളിപറമ്പിലേക്ക് മാറ്റി. വാഴയൂര്‍ യ.പിസ്‌കൂള്‍, വിദ്യാപോഷിണി എ.യു.പിസ്‌കൂള്‍, പറപ്പൂര്‍ എ.എം.എല്‍.പിസ്‌കൂള്‍, പുളിക്കല്‍ എ.എം.എം.എച്ച്.എസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി എസ്.എസ്.എല്‍.സി വരെ പഠിച്ചു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആഴ്ച്ചയിലൊരിക്കല്‍ നടന്നിരുന്ന സാഹിത്യ സമാജമായിരുന്നു ആകെ പാഠാനുണ്ടായിരുന്ന അവസരം. കുടുംബത്തിലോ നാട്ടിലോ പേരിന് പോലും കലാകാരുണ്ടായിരുന്നില്ല. കോഴിക്കോട് ആകാശവാണിയിലെ ബാലലോകം പരിപാടിയിലേക്ക് കുട്ടികളെ തിരയുന്നതിനിടെ ക്ലാസ്സിലെ അധ്യാപികമാരില്‍ നിന്നു കേട്ടറിഞ്ഞ് മാപ്പിളപ്പാട്ട് കുലപതിയായിരുന്ന വി.എം കുട്ടിയിലൂടെ ആദ്യമായി റേഡിയോവില്‍ പാടാന്‍ അവസരം കിട്ടി. അത് പിന്നീട് അവരുടെ തലവരമാറ്റിയെഴുതുകയായിരുന്നു. വി.എം കുട്ടിക്ക് കീഴില്‍ പൊന്താര തിയറ്റേഴ്‌സില്‍ പാടി വളര്‍ന്നു. 10ാം ക്ലാസ്സിന് ശേഷം മുഴുസമയ ഗായികയായി.
ഹിന്ദു സമുദായത്തില്‍ നിന്നു വല്‍സല എന്ന പെണ്‍കുട്ടി ഭംഗിയായി മാപ്പിളപ്പാട്ട് പാടുന്നത് ഇരുസമുദായവും കൗതുകത്തോടെ നോക്കിനിന്നു. തിരൂരില്‍ സി.പി.എമ്മിന്റെ പൊതുപരിപാടിയിലേക്ക് അവരെ ക്ഷണിക്കുകയും സ്റ്റേജില്‍വച്ച് പാടുകയും ചെയ്തു. പൂര്‍ത്തിയായതോടെ എ.കെ.ജി അടുത്ത് വന്ന് കൈപിടിച്ചു നന്നായി പാടിയല്ലോ എന്ന് പറഞ്ഞ് അഭിനന്ദിച്ചതും ഫസീല പിന്നീട് ഓര്‍ത്തിരുന്നു.
..ഖല്ലാഖായുള്ളോനെ…. അശ്ഹദു അല്ലാ ഇലാഹ.. റസൂലുല്ലാ.. എന്ന വി എം കുട്ടിയുടെ പാട്ട് വഴിത്തിരിവായെന്നു പറയാം. ഇതിലെ അറബി ഉച്ചാരണം ശരിയാവാന്‍ ഏറെ പ്രയാസപ്പെട്ടു. അക്കാരണത്താല്‍ വി.എം കിട്ടുയുടെ മക്കളില്‍ നിന്ന് അറബി ഉച്ചാരണം പഠിക്കാന്‍ ശ്രമിക്കുകയും അറബി വായിക്കാനും എഴുതാനും പഠിക്കുകയും ചെയ്തു. മുസ്‌ലിം സംസ്‌കാരത്തോട് മാനസികമായി അടുപ്പവും സ്‌നേഹവും ഉണ്ടായി. അറബി ഉച്ചാരണം പഠിക്കുന്നതിന്റെ ഭാഗമായി ആ ഭാഷയും അതിലെ പുസ്തകങ്ങളും വായിച്ചു.
1987ല്‍ മതംമാറി സുഹൃത്തായിരുന്ന മുഹമ്മദലിയെ വിവാഹം കഴിച്ചു. ഫസീല എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഇത് പിന്നീട് കേരളത്തിന്റെ മാപ്പിളപ്പാട്ടിനൊപ്പം എഴുതിവച്ച പേരായി മാറുകയായിരുന്നു. മനസ്സുകൊണ്ട് മുസ്‌ലിമായി മാറിയിരുന്ന ഫസീല അതോടെ ആചാരം കൊണ്ടും മുസ്ലിമായി. മതംമാറ്റത്തോടെ നാട്ടില്‍ നിന്നും മറ്റും എതിര്‍പ്പുണ്ടായി. വധ ഭീഷണിയൊക്കെയുണ്ടായതോടെയാണ് കോഴിക്കോട്ടേക്ക് താമസം മാറിയത്. പ്രശസ്തിയിലെത്തിയതോടെ എതിര്‍പ്പും മാറി.
കൈരളി ടി.വിയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ‘..നബിയുമ്മത്തി..’ എന്നു പാടിയപ്പോള്‍ അവിടെയുണ്ടായിരുന്ന നടന്‍ മമ്മൂട്ടി ‘നബി ഉമ്മത്തി’ എന്ന് വാക്കുകള്‍ പിരിച്ച് ഉച്ചരിക്കണമെന്ന് പറഞ്ഞ് തിരുത്തിയ അനുഭവം ഫസീല പിന്നീട് പറയുകയുണ്ടായി. രാഷ്ട്രപതി വെങ്കിട്ടരാമനില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും രാജീവ് ഗാന്ധിയുടെ സദസ്സില്‍ പാടുകയും ചെയ്തിട്ടുണ്ട്.
ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി ഞാന്‍, മണിമഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ റഹീമുമല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമെന്നെന്നെ പലരും വിളിച്ചു, മക്കത്ത് പോണോരെ… എന്നിവയെല്ലാം ഫസീലയുടെ ഹിറ്റ് ഗാനങ്ങളാണ്. നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. വിദേശരാജ്യങ്ങളിലുള്‍പ്പെടെ ആയിരക്കണക്കിന് വേദികളിലാണ് പാടിയത്.
mappilapattu singer vilayil faseela life story
Comments are closed for this post.