2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആര്‍.എസ്.എസിനെ നിരോധിക്കുന്നതിലൂടെ മാത്രമേ മനുവാദം അവസാനിക്കുകയുള്ളൂ: ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് ചന്ദ്രശേഖര്‍ ആസാദ്

 

ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മനുസ്മൃതിയും മനുവാദവും അവസാനിക്കണമെങ്കില്‍ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ആസാദ്. പൊലിസ് അനുമതി നിഷേധിച്ച പരിപാടിക്ക് ബോംബെ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ആസാദ് എത്തിയത്.

‘രണ്ട് ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണെന്ന് പൊലിസ് വാദം ശരിയാണ്. ഞങ്ങള്‍ ഭരണഘടനയിലും ആര്‍.എസ്.എസ് മനുസ്മൃതിയിലും മനുവാദത്തിലും വിശ്വസിക്കുന്നു’- ആസാദ് പറഞ്ഞു.

രണ്ട് സംഘടനകളുടെ (ഭീം ആര്‍മി, ആര്‍.എസ്.എസ്) ആശയങ്ങള്‍ വ്യത്യസ്തമാണെന്നും അതുകൊണ്ടു തന്നെ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഭീം ആര്‍മിയുടെ റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചത്. ഇത് വിവാദമാവുകയും ആസാദ് കോടതിയെ സമീപിക്കുകയുമായിരുന്നു.

രാഷ്ട്രീയമായി റാലിയെ ഉപയോഗപ്പെടുത്തരുത്, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത് എന്നിങ്ങനെയുള്ള ഉപാധിയോടെയാണ് കോടതി അനുമതി നല്‍കിയത്. എന്നാല്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനത്തിലൂടെയാണ് ആസാദിന്റെ പ്രസംഗം കത്തിക്കയറിയത്.

‘റാലി സംഘടിപ്പിക്കുന്നതില്‍ നിന്ന് ഒരാള്‍ക്കും എന്നെ തടയാനാവില്ല.. എനിക്ക് വേണ്ടിടത്തേക്കെല്ലാം ഞാന്‍ പോകും. ഞങ്ങള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യത്തിലാണ്. ബി.ജെ.പിയെ നയിക്കുന്നത് ആര്‍.എസ്.എസാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ മോഹന്‍ ഭാഗവതിനെ വെല്ലുവിളിക്കുകയാണ്. മറ്റുള്ളവരുടെ തോളത്തേക്ക് കയറേണ്ട. മനുസ്മൃതിയാണോ ഭരണഘടനയാണോ വിജയിക്കുകയെന്ന് അപ്പോള്‍ വ്യക്തമാവും’- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

‘ദലിതുകളെയും പിന്നോക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും പരിഹസിക്കാനാണ് സി.എ.എയും എന്‍.ആര്‍.സിയും. അസ്വീകാര്യമായ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം അനുച്ഛേദം 19 ഉറപ്പുനല്‍കുന്നുണ്ട്. നിങ്ങള്‍ ഞങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നു, ലാത്തി ചാര്‍ജ്ജ് നടത്തുന്നു. പക്ഷെ, ഞങ്ങള്‍ വഴങ്ങില്ല… ബി.ജെ.പി സര്‍ക്കാര്‍ മാറുമെന്നും അതു സംഭവിക്കുമ്പോള്‍ എല്ലാത്തിനും ഉത്തരവാദികളാവുമെന്നും ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു. നാളെ ബഹുജനങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലേറും. നിങ്ങള്‍ രക്ഷപ്പെടാന്‍ പോവുന്നില്ല’- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.